കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ പാര്‍ക്കിംഗ് ചാര്‍ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്താവളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വീഡിയോ പ്രചാരണം നടത്തുന്നതായി പരാതി. അധിക ചാര്‍ജ് ഈടാക്കുന്നുവെന്നും ടോള്‍ബൂത്തിലുള്ളവര്‍ ഭീഷണിപ്പെടുത്തുന്നുവെന്നും മറ്റുമാണ് പ്രചരിപ്പിക്കുന്നതെന്നു ചൂണ്ടിക്കാട്ടി ടോള്‍ ബൂത്ത് മാനേജ്‌മെന്റാണ് എയര്‍പോര്‍ട്ട് പൊലീസില്‍ പരാതി നല്‍കിയത്. പാര്‍ക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റം പൂര്‍ണമായും കിയാല്‍ നിയന്ത്രിത സോഫ്റ്റ് വെര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന സംവിധാനമാണ്.

വാഹനം വിമാനത്താവളത്തിലേക്കു കയറി ടോള്‍ ബൂത്തില്‍ പ്രവേശിക്കുന്ന സമയത്ത് വാഹനത്തിന് സമയം രേഖപ്പെടുത്തിയ പ്രിന്റഡ് ടോക്കണ്‍ നല്‍കും. 15 മിനിറ്റാണ് അനുവദനീയസമയം. വാഹനം തിരിച്ചുവരുമ്പോള്‍ നേരത്തെ നല്‍കിയ പ്രിന്റഡ് ടോക്കണിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്യുകയും 15 മിനിറ്റില്‍ കൂടുതല്‍ സമയമെടുത്ത വാഹനങ്ങളില്‍നിന്ന് 70 രൂപ ഫീസ് ഈടാക്കുകയാണു ചെയ്യുന്നത്. നിശ്ചിതസമയമായ 15 മിനിറ്റിനുള്ളില്‍ തിരിച്ചെത്തുന്ന വാഹനങ്ങളില്‍നിന്ന് ഫീസ് ഈടാക്കാറില്ല.

പൂര്‍ണമായും കിയാല്‍ നിയന്ത്രിക്കുന്ന ഓട്ടോമേറ്റഡ് സിസ്റ്റം ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. 15 മിനിറ്റായാല്‍ സിസ്റ്റംതന്നെ തുക പ്രിന്റ് ചെയ്യുന്ന രീതിയാണുള്ളത്. എന്നാല്‍ വീഡിയോയിലൂടെ പരാതിയുമായി രംഗത്തെത്തിയയാള്‍ ടോക്കണോ ബില്ലോ പ്രദര്‍ശിപ്പിക്കാന്‍ തയാറായിട്ടില്ല. മാസ്‌ക് ധരിക്കാതെ ടോള്‍ ബൂത്തിലെത്തി പ്രകോപനമുണ്ടാക്കുകയും ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയുമാണുണ്ടായതെന്നും ടോള്‍ ബൂത്ത് ജീവനക്കാര്‍ പറയുന്നു. ഗൂഢലക്ഷ്യം വച്ച് വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.