കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തിലെ അവസാനത്തെ രോഗിയും കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. തുടക്കം മുതല്‍ തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്ന വയനാട് ചീരാല്‍ സ്വദേശിയായ നൗഫല്‍ (36 വയസ്സ്) ആണ് രണ്ടര മാസത്തെ ചികിത്സയ്ക്ക് ശേഷം കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ആവുന്നത്.

ആഗസ്റ്റ് ഏഴാം തിയതി നടന്ന വിമാന അപകടത്തെ തുടര്‍ന്ന് നൗഫലിനെ ഹോസ്പിറ്റലിലെത്തിക്കുമ്പോള്‍ അതീവ ഗുരുതരമായിരുന്നു അവസ്ഥ. ഹെഡ് ഇന്‍ജുറി, സ്‌പൈന്‍ ഫ്രാക്ചര്‍, വലത് കാലിന്റെയും, ഇടത് കാലിന്റെയും എല്ലിന് പൊട്ടല്‍, ശരീരത്തിന്റെ പുറക് വശത്ത് തൊലിയും ദശകളുമുള്‍പ്പെടെ നഷ്ടപ്പെട്ട് നട്ടെല്ല് പുറത്ത് കാണുന്ന അവസ്ഥ എന്നിവ ഉള്‍പ്പെടെയുള്ള സങ്കീര്‍ണമായിരുന്നു സാഹചര്യം. നൗഫലിനെ നേരിട്ട് ഐ സി യു വില്‍ പ്രവേശിപ്പിച്ച ശേഷം ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ നടത്തിയത്.

വിവിധ ഘട്ടങ്ങളിലായി എമര്‍ജന്‍സി മെഡിസിന്‍, ക്രിട്ടിക്കല്‍ കെയര്‍, ന്യൂറോ സര്‍ജറി, സ്‌പൈന്‍ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് എന്നീ വിഭാഗങ്ങളിലായി നടന്ന ശസ്ത്രക്രിയകള്‍ക്ക് ശേഷം നൗഫലിന്റെ പരിചരണം പ്ലാസ്റ്റിക് ആന്‍ഡ് റീ കണ്‍സ്ട്രക്ടീവ് വിഭാഗം ഏറ്റെടുത്തു. പുറകുവശത്തെ അടര്‍ന്ന് പോയ ശരീരഭാഗങ്ങളെയും, കാലിലെ പരിക്കുകളെയും നേരെയാക്കുവാനായി സങ്കീര്‍ണമായ പ്ലാസ്റ്റിക്, മൈക്രോവാസ്‌കുലാര്‍ സര്‍ജറികള്‍ക്കാണ് നൗഫല്‍ വിധേയനായത്. എഴുപത് ദിവസം നീണ്ട സങ്കീര്‍ണങ്ങളായ നിരവധി ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് നൗഫലിനെ ഡിസ്ചാര്‍ജ് ചെയ്തത്.
നൗഫലിന് യാത്രയയ്പ്പ് നല്‍കാന്‍ എയര്‍ ഇന്ത്യ സ്‌റ്റേഷന്‍ മാനേജര്‍ റാസ അലിഖാന്‍, എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍ പ്രേംജിത്ത്, എയര്‍ ക്രാഫ്റ്റ് പേഷ്യന്റ് കോര്‍ഡിനേറ്റര്‍ ഷിബില്‍ എന്നിവരും സന്നിഹിതരായിരുന്നു. ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. വേണുഗോപാലന്‍ പി പി പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം മേധാവി ഡോ. കെ എസ് കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നൗഫലിന് യാതയയപ്പ് ഉപഹാരം നല്‍കി. യു ബഷീര്‍ (ആസ്റ്റര്‍ മിംസ് ഡയറക്ടര്‍), ആസ്റ്റര്‍ മിംസ് സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍, ഡോ. മൊയ്തു ഷമീര്‍, ഡോ. പ്രദീപ് കുമാര്‍, ഡോ. നൗഫല്‍ ബഷീര്‍, ഡോ. വിഷ്ണുമോഹന്‍ തുടങ്ങിയവരും സംബന്ധിച്ചു.