ബംഗളൂരു: കര്‍ണ്ണാടകയില്‍ കാലികളെ അറുക്കുന്നതും ബീഫ് വില്പനയും സമ്പൂര്‍ണ്ണമായി നിരോധിക്കുന്നതിനുള്ള ബില്‍ അടുത്ത മാസം ഏഴിന് തുടങ്ങുന്ന നിയമസഭയുടെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാന്‍ പറഞ്ഞു.

വിദഗ്ധരും ഉദ്യോഗസ്ഥരുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. കര്‍ണ്ണാടകയില്‍ 1964ലെ പശുക്കശാപ്പ് നിരോധകന്നുകാലി സംരക്ഷണ നിയമമാണ് നിലവിലുള്ളത്. ഇതനുസരിച്ച് 12 വയസ്സിനു മുകളില്‍ പ്രായമുള്ള കാളകളേയും പോത്തുകളേയും എരുമകളേയും അറുക്കാം. നിയമസഭയില്‍ അവതരിപ്പിക്കാന്‍ പോവുന്ന ബില്‍ നിയമമാവുന്നതോടെ ഏത് ഇനം കാളകളേയും പോത്തുകളേയും എരുമകളേയും കശാപ്പു ചെയ്യല്‍ നിരോധിക്കും. മാംസ വില്പന, ഇതര സംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകല്‍, കാലിക്കച്ചവടം എന്നിവ കുറ്റകരമാവും. രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, ഛണ്ഡിഗഡ്, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ്ണ നിരോധം നിലവിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

ബി എസ് യദ്യൂരപ്പയുടെ ഒന്നാം മന്ത്രിസഭയുടെ കാലത്ത് 2010ല്‍ നിരോധം ഏര്‍പ്പെടുത്താനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ രാഷ്ട്രപതിയുടെ അനുമതി ലഭിച്ചില്ല. 2013ല്‍ അധികാരത്തില്‍ വന്ന സിദ്ധാരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ബില്‍ പിന്‍വലിക്കുകയും 1964ലെ നിയമം തുടരുകയും ചെയ്തു. മംഗളൂറുവില്‍ ചേര്‍ന്ന ബി ജെ പി സംസ്ഥാന നിര്‍വ്വാകസമിതിയും കോര്‍കമ്മിറ്റിയും അംഗീകരിച്ച രണ്ടു പ്രമേയങ്ങള്‍ ലൗ ജിഹാദ് കാലിക്കശാപ്പ് എന്നിവ തടയാന്‍ നിയമം കൊണ്ടുവരണം എന്നതായിരുന്നു.