ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ റിപബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയെ ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്. ഉത്തരാഖണ്ഡ് സ്വദേശിയായ നവദീപ് സിംഗ് ആയിരുന്നു മരിച്ചത്. പോലീസ് വെടിവെച്ചാണ് നവദീപ് കൊല്ലപ്പെട്ടതെന്നായിരുന്നു കര്‍ഷകര്‍ ആരോപിച്ചത്. അതേസമയം ബാരിക്കേഡില്‍ തട്ടി ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു.ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളില്‍ പോലീസ് വെച്ച മഞ്ഞ ബാരിക്കേഡില്‍ തട്ടി നീല നിറത്തിലുള്ള ട്രാക്ടര്‍ മറിയുന്നതാണ് ഉള്ളത്. രണ്ട് തവണ മറിഞ്ഞായിരുന്നു അപകടം. അതേസമയം പോലീസിന്റെ വെടിയേറ്റാണ് നവദീപിന്റെ ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നും തുടര്‍ന്ന് ബാരിക്കേഡില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നും കര്‍ഷകര്‍ ആരോപിച്ചു.

നവദീപിന്റെ മൃതദേഹവുമായി കര്‍ഷകര്‍ ഇന്നലെ രാത്രി റോഡ് ഉപരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. രാത്രിയോടെ മൃതദേഹം സമരകേന്ദ്രത്തിലേക്ക് മാറ്റി. അടുത്തിടെയാണ് നവദീപിന്റെ വിവാഹം കഴിഞ്ഞതെന്നും പോലീസാണ് മരണത്തിന് ഉത്തരവാദിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ട്രാക്ടര്‍ മറിഞ്ഞ് മറ്റ് രണ്ട് കര്‍ഷകര്‍ക്ക് കൂടി പരിക്കേറ്റിരുന്നു.
അപ്രതീക്ഷിത സംഘര്‍ഷത്തിനായിരുന്നു റിപബ്ലിക് ദിനത്തില്‍ ഡല്‍ഹി സാക്ഷ്യം വഹിച്ചത്. ആയിരക്കണക്കിന് കര്‍ഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയിലേക്ക് പ്രവേശിച്ചത്. ചെങ്കോട്ട കീഴടക്കിയ കര്‍ഷകര്‍ അവിടെ പതാക സ്ഥാപിച്ചു. പലയിടത്തും കര്‍ഷകരെ തടയാന്‍ പോലീസ് ശ്രമിച്ചതോടെ കര്‍ഷകരും പോലീസും തമ്മില്‍ നേര്‍ക്ക് നേര്‍ നിലയുറപ്പിച്ചു.സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.
അതേസമയം അനിഷ്ട സംഭവങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. ബാഹ്യശക്തികളും സാമൂഹ്യവിരുദ്ധരും റാലിയിലേക്ക് ഇരിച്ച് കയറി സംഘര്‍ഷം അഴിച്ചുവിടുകയായിരുന്നുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.