തിരുവനന്തപുരം: ബിജെപിയിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ ഇതുവരെ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിച്ചിട്ടില്ല. പുതിയ പ്രഭാരി ചുമതലയേറ്റ് കേരളത്തില്‍ എത്തിയെങ്കിലും, പ്രാഥമിക മഞ്ഞുരുക്കല്‍ പോലും നടന്നിട്ടില്ല. അതിനിടെയാണ് ശോഭ സുരേന്ദ്രന്റെ പേര് പോലും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പ്രകോപിതനാക്കുന്നത്. എതിര്‍ശബ്ദം ഉയര്‍ത്തി കലഹിച്ചുനില്‍ക്കുന്നവരുമായി സംസാരിച്ച് ഐക്യം രൂപപ്പെടുത്തണം എന്ന കേന്ദ്ര നേതൃത്വത്തിന്റെ ശാസന നിലനില്‍ക്കുമ്പോഴും കാര്യങ്ങള്‍ കൈവിട്ട സ്ഥിതിയില്‍ ആണ്.

തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ശോഭ സുരേന്ദ്രന്‍ ബിജെപിയെ നയിക്കാന്‍ മുന്നിലുണ്ടാകും എന്നായിരുന്നു കെ സുരേന്ദ്രന്‍ നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിട്ടും ശോഭ സുരേന്ദ്രന്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നില്ല. അടുത്തിടെ നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലും ശോഭ പങ്കെടുത്തില്ല.

കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഈ വിഷയം ഉന്നയിച്ചു. അതിനോട് പ്രതികരിക്കാന്‍ പോലും തയ്യാറാകാതെ ചോദ്യം ചോദിച്ച ആള്‍ക്ക് നേരെ കൈകൂപ്പുകയായിരുന്നു ആദ്യം സുരേന്ദ്രന്‍ ചെയ്തത്. എന്നാല്‍ ചോദ്യങ്ങള്‍ അവിടെ അവസാനിച്ചില്ല. വേറെ എന്തെങ്കിലും ചോദിച്ചോളൂ എന്ന് പറഞ്ഞ സുരേന്ദ്രനോട് ഇതേ വിഷയം തന്നെ മാധ്യമ പ്രവര്‍ത്തകര്‍ അവര്‍ത്തിച്ചു. അപ്പോഴാണ് ശോഭ സുരേന്ദ്രന്റെ വക്കാലത്ത് മാധ്യമങ്ങള്‍ ഏറ്റെടുക്കേണ്ടെന്ന് പ്രകോപിതനായി സുരേന്ദ്രന്‍ പറഞ്ഞു. എന്നിട്ടും മാധ്യമ പ്രവര്‍ത്തകര്‍ വിട്ടില്ല.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും എവിടെ എന്നാണ് മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടത് എന്നായി കെ സുരേന്ദ്രന്‍. അപ്പോഴും ശോഭ സുരേന്ദ്രന്റെ വിഷയത്തില്‍ ഒരുമറുപടി പറയാനോ നിലപാടെടുക്കാനോ സുരേന്ദ്രന്‍ തയ്യാറായില്ല. അവര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് തന്നോട് പറയുമെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. കേരളത്തിലെ നേതാക്കളോട് പരാതി പറയാന്‍ ഇല്ലെന്ന് ശോഭ സുരേന്ദ്രന്‍ നേരത്തേ വ്യക്തമാക്കിക്കഴിഞ്ഞതാണ്. കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ പലവുരു വിഷയം എത്തിക്കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ സംസ്ഥാനത്തിന്റെ പുതിയ പ്രഭാരിയ്ക്ക് മുന്നിലും ശോഭ സുരേന്ദ്രന്‍ തന്റെ പരാതികള്‍ ഉന്നയിച്ചിരുന്നു.
ഇതിനിടെ ബിജെപി കോര്‍ കമ്മിറ്റി യോഗം ഉപേക്ഷിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നു. ഇത് സംബന്ധിച്ച ചോദ്യവും കെ സുരേന്ദ്രനെ സംബന്ധിച്ച് പ്രകോപനപരമായിരുന്നു. ഇത് സംബന്ധിച്ച് ബിജെപി ഔദ്യോഗികമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു മറുപടി. കോര്‍ കമ്മിറ്റി യോഗം, ഡിസംബര്‍ 1 ചൊവ്വാഴ്ച തൃശൂരില്‍ വച്ച് ചേരാന്‍ ആദ്യം നിശ്ചയിച്ചിരുന്നു എന്നും പിന്നീട് കെ സുരേന്ദ്രന്‍ പക്ഷം ഇടപെട്ട് യോഗം ഉപേക്ഷിച്ചു എന്നുമാണ് വാര്‍ത്തകള്‍. ശോഭ സുരേന്ദ്രന്‍ വിഷയത്തില്‍ മറുപടിയില്ലാത്തതാണ് കോര്‍ കമ്മിറ്റി യോഗം ഉപേക്ഷിക്കാ കാരണം എന്നും റിപ്പോര്‍ട്ടുകളുണ്ട്.
കേരളത്തിലെ കോര്‍ കമ്മിറ്റിയിലെ ഏക വനിത സാന്നിധ്യമായിരുന്നു ശോഭ സുരേന്ദ്രന്‍. എന്നാല്‍ കെ സുരേന്ദ്രന്‍ അധ്യക്ഷനായതിന് പിറകെ ശോഭയം കോര്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി. എന്നിരുന്നാലും 13 അംഗ കോര്‍ കമ്മിറ്റിയില്‍ ശോഭ സുരേന്ദ്രന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരാണ് പകുതിയില്‍ ഏറേയും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ എണ്ണായിരത്തോളം വാര്‍ഡുകളില്‍ ജയിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇരുനൂറില്‍ പരം തദ്ദേശ സ്ഥാപനങ്ങളില്‍ അധികാരത്തിലെത്താമെന്നും അവര്‍ കണക്കുകൂട്ടുന്നു. അതിന്റെ പാതിയെങ്കിലും ഇത്തവണ നേടിയില്ലെങ്കില്‍ കെ സുരേന്ദ്രന്റെ അധ്യക്ഷ പദവി അനിശ്ചിതത്വത്തിലാകും.