THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, March 27, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ വോട്ടര്‍മാരെ കളിപ്പിക്കരുത്, ജനാധിപത്യത്തെ പരിഹസിക്കയുമരുത്: ഡോ. ആസാദ്

കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ വോട്ടര്‍മാരെ കളിപ്പിക്കരുത്, ജനാധിപത്യത്തെ പരിഹസിക്കയുമരുത്: ഡോ. ആസാദ്

WEB DESK


കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ വോട്ടര്‍മാരെ കളിപ്പിക്കരുതെന്നും ജനാധിപത്യത്തെ പരിഹസിക്കയുമരുതെന്നും രാഷ്ട്രീയ നിരീക്ഷകനായ ഡോ. ആസാദ്. പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ഡോ. ആസാദ്. എടുത്തുചാടി എം.പി സ്ഥാനം രാജിവെക്കാന്‍ ആ പദവി പാര്‍ട്ടി ഓഫീസ് നല്‍കുന്നതല്ല എന്നും ഡോ. ആസാദ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.

adpost

നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ സീറ്റിൽ ഉപതിരഞ്ഞെടുപ്പും നടക്കുന്ന വിധം കുഞ്ഞാലിക്കുട്ടിയുടെ രാജിയുണ്ടാവുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. തിരുവനന്തപുരം കേന്ദ്രീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കുഞ്ഞാലിക്കുട്ടി നേതൃത്വം നല്‍കും.

adpost

എം.പി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നത് പാര്‍ട്ടി തീരുമാനമാണെന്നും വ്യക്തികളുടെ അഭിപ്രായമല്ലെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.

ഡോ. ആസാദിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ വോട്ടര്‍മാരായ ഞങ്ങളെ കളിപ്പിക്കരുത്. ജനാധിപത്യത്തെ ഇങ്ങനെ പരിഹസിക്കയുമരുത്.

ലോകസഭയിലേക്ക് മാസങ്ങള്‍ക്കകം രണ്ടു തവണയാണ് ജയിപ്പിച്ചു വിട്ടത്. ഇപ്പോള്‍ വീണ്ടും ഒരു തെരഞ്ഞെടുപ്പിലേക്ക് – അതു നിയമസഭാ തെരഞ്ഞെടുപ്പിന് ഒപ്പമാണേങ്കിലും – ഞങ്ങളെ നിര്‍ബന്ധിക്കരുത്. മുസ്ലീംലീഗേ, ഇതക്രമമാണ്. കേന്ദ്രത്തിലും കേരളത്തിലും കിട്ടിയേക്കാവുന്ന അധികാരത്തിന്റെ മണം പിടിച്ചുള്ള തുള്ളലാണെന്ന് ആരും പറയും. ഇത്ര തരം താഴണോ ഒരു രാഷ്ട്രീയ പാര്‍ട്ടി?

മറ്റൊരു യോഗ്യനുമില്ലേ ലീഗില്‍? ഒരാള്‍ക്കു ചുറ്റും തിരിയുന്ന ഗതികേടിലാണോ ലീഗ്? എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുക. ജനാധിപത്യ ചുമതലകള്‍ നിര്‍വ്വഹിക്കുക. പാര്‍ട്ടി നേതാവെന്ന നിലയ്ക്ക് എല്ലാറ്റിനും മേല്‍ ശ്രദ്ധയും കരുതലും കാണുമല്ലോ. അതു പോരെന്ന് വാശി പിടിക്കുന്നതെന്തിന്?

ജനസമ്മതിയുടെ ആക്കം കണ്ട് അവരെ പരീക്ഷിക്കുന്നത് നല്ലതല്ല. മലപ്പുറത്തുകാരും തിരിഞ്ഞുവെന്നു വരും. എല്ലാ ആദരവും നഷ്ടമായെന്നു വരും. കേരളത്തിലെ പാര്‍ട്ടി ചുമതലകള്‍ എപ്പോഴുമെന്നപോലെ കുഞ്ഞാലിക്കുട്ടിക്കു നോക്കാമല്ലോ. അതിന് എടുത്തുചാടി എം പി സ്ഥാനം രാജി വെക്കാന്‍ ആ പദവി പാര്‍ട്ടി ഓഫീസ് നല്‍കുന്നതല്ലല്ലോ. ജനങ്ങള്‍ എന്ന ഒരു സംവര്‍ഗമുണ്ട്. അത് ലീഗിന്റെയോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയോ അടിയാന്മാരല്ല. അവരെ കുറച്ചു കാണല്ലേ!

കുഞ്ഞാലിക്കുട്ടി നാളെ ബി ജെ പിയില്‍ ചേര്‍ന്നാലും മുസ്ലീംലീഗിന് മുന്നോട്ടു പോകാതെ പറ്റുമോ? ഒരാളെയും ആശ്രയിച്ചു നില്‍ക്കേണ്ട ഗതികേട് ഒരു പാര്‍ട്ടിക്കും ഉണ്ടാവരുത്. പുതിയ പ്രതിഭകള്‍ ഉയര്‍ന്നു വരട്ടെ. വഴിയില്‍ തള്ളപ്പെട്ടവരും കീഴ്ത്തട്ടുകളില്‍ അവഗണിക്കപ്പെട്ടവരും ധാരാളം കാണും. അവരും ഒന്നു വെളിച്ചപ്പെടട്ടെ നേതാക്കളേ. കേരളത്തിലെ ഭരണ – കച്ചവട താല്‍പ്പര്യങ്ങളുടെ പേരിലുള്ള ലീലാവിലാസങ്ങളെന്ന് ആളുകളെക്കൊണ്ടു പറയിപ്പിക്കുന്നതു നന്നോ?

കേരളത്തില്‍ യു ഡി എഫിനെ നയിക്കാന്‍ കുഞ്ഞാലിക്കുട്ടിയേയുള്ളൂ എന്നു ലീഗ് തീരുമാനിച്ചതോ, അതോ യു ഡി എഫ് തീരുമാനിച്ചതോ? പിണറായിക്കും എല്‍ ഡി എഫിനുമുള്ള ഈ പിന്തുണയ്ക്ക് അവര്‍ നന്ദി പ്രകടിപ്പിക്കുമായിരിക്കും.

(കുഞ്ഞാലിക്കുട്ടി എം പിസ്ഥാനം രാജി വെച്ചേക്കുമെന്ന മാദ്ധ്യമ വാര്‍ത്തയാണ് ഈ കുറിപ്പിനു പ്രേരണ)

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com