THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 8, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home കുടിയിറക്ക് ദുഷ്ടത, അതിന്റെ കാവലാള്‍ പോലീസ് ആകരുത്: നടന്‍ ജോയ് മാത്യു

കുടിയിറക്ക് ദുഷ്ടത, അതിന്റെ കാവലാള്‍ പോലീസ് ആകരുത്: നടന്‍ ജോയ് മാത്യു

നെയ്യാറ്റിന്‍കര വീണ്ടും കേരളത്തെ കരയിക്കുന്നു .മൂന്നു സെന്റ് കിടപ്പാടത്തിനു വേണ്ടിയുള്ള നിര്‍ദ്ദാക്ഷിണ്യ നിയമത്തില്‍ വെന്ത് പോയത് രാജനും അമ്പിളിയും ;അനാഥരായതോ രണ്ടുമക്കളും !കോടതിവിധി നടപ്പാക്കാന്‍ പോലീസിന്നധികാരമുണ്ട് ,പ്രത്യേകിച്ചും വിപ്ലവ ഗവര്‍മെന്റിന്റെ പൊലീസിന് .അതുകൊണ്ടാണ് സ്‌റ്റേ ഓര്‍ഡര്‍ വരുന്നതുവരെ കാത്തുനില്‍ക്കാന്‍ പൊലീസിന് സമയമില്ലാതെപോയത് !ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ചു ഭീഷണി മുഴക്കിയപ്പോഴേക്കും പൊലീസിന് അവരെ അനുനയിപ്പിക്കാനോ തിരിച്ചുപോകാനോ സാധിക്കാത്തത്ര ധൃതിയായിരുന്നുവെന്ന് നടന്‍ ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

adpost

അതുകൊണ്ടാണ് തീയുളള ലൈറ്റര്‍ തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചതും അത് ദുരന്തമായി മാറിയതും .പൊലീസുകാരന്‍ ബോധപൂര്‍വ്വം അവരെ അഗ്‌നിക്കിരയാക്കി എന്ന് ഞാന്‍ കരുതുന്നില്ല, അബദ്ധത്തില്‍ സംഭവിച്ചതായിരിക്കാം.പക്ഷെ ഒരു നിമിഷം പൊലീസുകാരനും മനുഷ്യനാകാമായിരുന്നു. കുടിയിറക്ക് എന്ന ദുഷ്ടതയുടെ കാവലാള്‍ ആകുന്ന പൊലീസ് സേനയുടെ ശുഷ്കാന്തിയെയാണ് ആദ്യം ഇല്ലാതെയാക്കേണ്ടത് . മരടിലെ ഫ്‌ളാറ്റിലെ ‘ദരിദ്രരായ’ അന്തേവാസികളെ ഒഴിപ്പിക്കുവാന്‍ സുപ്രീം കോടതിയുടെ അന്തിമവിധി വരെ കാത്തുനില്‍ക്കാന്‍ കഴിയുന്നത്ര സഹനശേഷിയുള്ള പൊലീസിന് ഇപ്പോഴെന്തുപറ്റി ?(സുപ്രീം കോടതി പക്ഷെ ബോംബുമായാണ് വന്നത് .അന്ന് മരടില്‍ നിന്നും ഓടി രക്ഷപ്പെട്ടതാണ് മരട് സംരക്ഷണ വിപ്ലവകാരികളും പൊലീസും ).

adpost

പള്ളിത്തര്‍ക്കത്തില്‍ കണ്ട തമാശകളില്‍ ഒന്നാണല്ലോ ഒരുവന്‍ പെട്രോള്‍ ആണെന്ന് പറഞ്ഞു പച്ചവെള്ളംനിറച്ച ടിന്‍ ദേഹത്തേക്ക് ഒഴിക്കുകയും തീകൊളുത്തി ചാടും എന്ന് ആക്രോശിച്ചാടിയതുമായ നാടകം ! ഒരു ആത്മഹത്യാ ശ്രമത്തിനുള്ള കേസോ അവന്റെ ചന്തിക്ക് നാലുപെടയോ നല്കാനാവാത്ത പൊലീസിനു മൂന്നു സെന്റുകാരന്റെ ചട്ടിയും കലവും എറിഞ്ഞുടക്കാനാണ് ഇപ്പോള്‍ വീര്യം !.പൊലീസ് ജോലിചെയ്യുന്ന വ്യക്തികളെ കുറ്റപ്പെടുത്തുകയല്ല ,പൊലീസിനെ നിയന്ത്രിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ ചെയ്തികളാണ് ഇവിടെയും വില്ലന്‍ എന്ന് പറയുകയാണ് .

പൊലീസുകാരില്‍ത്തന്നെ മനുഷ്യത്വമുള്ളവരുമുണ്ട് എന്ന് നമുക്ക് കാണിച്ചുതന്ന ഒരു പോലീസുകാരനെ ഞാനിപ്പോള്‍ ഓര്‍ക്കുകയാണ്.
കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷനിലെ അന്‍സല്‍. രോഗിയായ അമ്മയേയും സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളേയും ഒറ്റ മുറി വീട്ടില്‍ നിന്നും 2017 ല്‍കോടതി വിധി നടപ്പാക്കാനായി മനസില്ലാ മനസോടെ ഒഴിപ്പിച്ചിട്ടും അവര്‍ക്ക് പുതിയൊരു അഭയം കണ്ടെത്തി നല്‍കിയ എസ് ഐ അന്‍സല്‍ കേരളാപൊലീസ് സേനയുടെ അഭിമാനമാണ് .

കിടപ്പാടം നഷ്ടപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശിയായ ബബിതയ്ക്കും മകള്‍ സൈബയ്ക്കും അന്‍സല്‍ അഭയം നല്‍കിയത് എങ്ങനെയാണെന്നോ ?അയാള്‍ മുന്‍കൈയെടുത്ത് സ്വരൂപിച്ച പണം കൊണ്ടുണ്ടാക്കിയ വീട്ടിലേക്ക് ബബിതയെയും മകള്‍ സൈബയെയും മാറ്റിപാര്‍പ്പിച്ചിട്ടാണ്.അത്തരം മഹത് കര്‍മ്മങ്ങള്‍ ഏറ്റെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും നമുക്കുണ്ട് എന്നതും മറക്കാന്‍ പാടില്ല .

എന്നാല്‍ അച്ഛനുമമ്മയും വെന്തു മരിച്ചിട്ട് മക്കളുടെ തുടര്‍ ജീവിതം ഏറ്റെടുക്കുന്നു എന്ന് പറയുന്നത് ഒരു സൗജന്യ കിറ്റ് കൊടുക്കുന്നത് പോലെ നിസ്സാരമല്ല എന്ന് പോൊലീസ് മുതലാളിമാര്‍ ഇനിയെങ്കിലും മനസ്സിലാക്കുക. ദയവായി കിടപ്പാടങ്ങള്‍ ഇനിയെങ്കിലും ശവമാടങ്ങള്‍ ആക്കാതിരിക്കുക. നിയമത്തിനു കണ്ണില്ല പക്ഷെ നിയമം നടപ്പാക്കുന്നവര്‍ക്ക് കണ്ണുവേണം’.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com