കോട്ടയം: കെഎം മാണിയുടെ വിശ്വസ്തനായ ഇ.ജെ അഗസ്തി കടുത്ത ഭാഷയില്‍ ജോസ് കെ മാണിയുടെ നിലപാടിനെ വിമര്‍ശിച്ചിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് (എം) സ്ഥാപക അംഗമാണ് ഇ.ജെ അഗസ്തി. മാത്രമല്ല, അദ്ദേഹം കെഎം മാണിയുടെ വിശ്വസ്തനുമാണ്. ജോസ് എല്‍ഡിഎഫിനൊപ്പം പോയതില്‍ കടുത്ത അതൃപ്തി ഇദ്ദേഹത്തിനുണ്ട്. ഒടുവില്‍ കൂടെ പോരുന്നോ എന്ന പിജെ ജോസഫിന്റെ വിളിക്ക് ഉത്തരം നല്‍കി യുഡിഎഫ് ക്യാംപിലെത്തി.

കഴിഞ്ഞ ദിവസം ഡിസിസി ഓഫീസിലെത്തി യുഡിഎഫ് യോഗത്തില്‍ സംബന്ധിച്ചു ഇജെ അഗസ്തി. ജോസ് എല്‍ഡിഎഫിനൊപ്പം പോയവേളയില്‍ മൗനിയായിരുന്നു അദ്ദേഹം. ഇപ്പോള്‍ അദ്ദേഹം മനസ് തുറന്നിരിക്കുന്നു. ഇതിന്റെ ഫലമാണ് യുഡിഎഫ് ക്യാംപിലെത്തിയത്. ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് (എം) ആത്മഹത്യാ പരമായ നിലപാടാണ് സ്വീകരിച്ചതെന്ന് അഗസ്തി പറയുന്നു. മാണി സാറിന്റെ കേരള കോണ്‍ഗ്രസിനെ അനുകൂലിക്കുന്നു എന്ന് പറഞ്ഞ അഗസ്തി ജോസിന്റെത് കേരള കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റാണ് എന്നും പരിഹസിച്ചു. അഗസ്തിയെ ജില്ലാ യുഡിഎഫ് ചെയര്‍മാനാക്കാനാണ് ആലോചന. അടുത്ത മുന്നണി യോഗം ഇക്കാര്യം തീരുമാനിക്കും.

കേരള കോണ്‍ഗ്രസിലെ പല രഹസ്യങ്ങളും തനിക്ക് അറിയാമെന്ന് ഇജെ അഗസ്തി പറയുന്നു. വര്‍ഷങ്ങളായി കെഎം മാണിയുടെ നിഴല്‍ പോലെ നിന്ന ഈ വിശ്വസ്തന്‍ ഇങ്ങനെ പറയുമ്പോള്‍ അവിശ്വസിക്കാന്‍ വകയില്ല. എന്നാല്‍ രാഷ്ട്രീയ ധാര്‍മികതയെ കരുതി ഒന്നും ഇപ്പോള്‍ പരസ്യമാക്കുന്നില്ലെന്നും ഇജെ അഗസ്തി പറയുന്നു. താന്‍ യുഡിഎഫിനൊപ്പമാണ്. എല്‍ഡിഎഫിനൊപ്പം ചേരാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാധിക്കില്ല. പിജെ ജോസഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. യുഡിഎഫ് ജില്ലാ ചെയര്‍മാനാകണം എന്ന് കോണ്‍ഗ്രസും ഘടക കക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അടുത്ത മുന്നണി യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും അഗസ്തി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഇജെ അഗസ്തി കേരള കോണ്‍ഗ്രസ് (എം) നെ വഞ്ചിച്ചു എന്നാണ് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പ്രതികരിച്ചത്. കേരള കോണ്‍ഗ്രസ് അദ്ദേഹത്തിന് എല്ലാ വിധ അംഗീകാരങ്ങളും നല്‍കിയതാണ്. എന്നിട്ടും പാര്‍ട്ടിയെ വഞ്ചിച്ചു. ഇതിലും ഭേദം ഇജെ അഗസ്തി രാഷ്ട്രീയം അവസാനിപ്പിക്കുന്നതാണെന്നും സണ്ണി തെക്കേടം പറയുന്നു. ഇജെ അഗസ്തിക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് കേരള കോണ്‍ഗ്രസ് (എം). മീനച്ചില്‍ കാര്‍ഷിക വികസന ബാങ്കില്‍ നിന്ന് പാര്‍ട്ടി അംഗങ്ങളെല്ലാം രാജിവച്ചു. ഇജെ അഗസ്തി ആയിരുന്നു ബാങ്ക് പ്രസിഡന്റ്. സണ്ണി തെക്കേടത്തിന് പുറമെ, സംസ്ഥാന ജനറല്‍ സെക്രട്ടറി ബേബി ഉഴുത്തുവാല്‍, ജോയി കല്ലുപുര, കെപി ജോസഫ്, ബെറ്റി ഷാജു, ജസ്റ്റില്‍ ജേക്കബ്, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍ എന്നിവരാണ് ബാങ്ക് ഭരണസമിതിയില്‍ നിന്ന് രാജിവച്ചത്.
13 അംഗ ബാങ്ക് ഭരണ സമിതിയില്‍ നിന്ന് ഏഴ് പേര്‍ രാജിവച്ചതോടെ സമിതിക്ക് ഭൂരിപക്ഷം നഷ്ടമായി. ഇജെ അഗസ്തിക്കുള്ള ആദ്യ തിരിച്ചടിയാണിതെന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. പുതിയ സാഹചര്യത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തും. 28 വര്‍ഷമായി അഗസ്തിയായിരുന്നു ബാങ്കിന്റെ പ്രസിഡന്റ്. 13 അംഗ ബാങ്ക് ഭരണ സമിതിയില്‍ കോണ്‍ഗ്രസിന് മൂന്ന് അംഗങ്ങളുണ്ട്. ബാങ്ക് വൈസ് പ്രസിഡന്റ് വിജെ ജോര്‍ഡ് വലിയ പറമ്പില്‍, ശൈലജ രവീന്ദ്രന്‍ എന്നീ കേരള കോണ്‍ഗ്രസുകാര്‍ പിജെ ജോസഫ് പക്ഷത്തേക്ക് നേരത്തെ മാറിയിരുന്നു. ഇജെ അഗസ്തി കൂടി എത്തിയതോടെ മൂന്ന് പേര്‍ പിജെ ജോസഫ് പക്ഷത്തെത്തി. ഈ സാഹചര്യത്തിലാണ് ബാക്കി ഏഴ് പേര്‍ രാജിവച്ചത്.
1956ല്‍ സ്ഥാപിതമായതാണ് മീനച്ചില്‍ കാര്‍ഷിക വികസന ബാങ്ക്. ഈരാറ്റുപേട്ട, കുറുവിലങ്ങാട് എന്നിവിടങ്ങളില്‍ ശാഖകളുള്ള ബാങ്കില്‍ പതിനായിരത്തിലധികം അംഗങ്ങളുണ്ട്. 25 വര്‍ഷമായി ബാങ്ക് സമിതിയിലേക്ക് മല്‍സരമില്ലായിരുന്നു. നിലവിലെ ഭരണസമിതിയുടെ കാലാവധി 2024 വരെയാണ്. ഇതിനിടെയാണ് രാഷ്ട്രീയ മാറ്റവും കൂട്ടരാജിയും. ഇനി മല്‍സരം നടന്നേക്കും.
ജോസ് പക്ഷത്തുള്ളവര്‍ ജോസഫ് പക്ഷത്തേക്കും തിരിച്ചും ചുവടുമാറ്റം തകൃതിയാണ്. ചിലര്‍ കോണ്‍ഗ്രസിലേക്കും എന്‍സിപിയിലേക്കും വരെ മാറി. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെല്ലാം മാറ്റങ്ങള്‍ നടക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ് ജോസും ജോസഫും. ഇതിന് ശേഷം നിയമസഭാ സീറ്റുകള്‍ കൂടുതല്‍ കൈവശപ്പെടുത്താനുള്ള നീക്കം നടത്താമെന്നാണ് തീരുമാനം.