കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ വീണ്ടും പരാതി. ഇത്തവണ പ്രധാനമന്ത്രിക്ക് നേരിട്ടാണ് പരാതി അയച്ചിരിക്കുന്നത്. യു.എ.ഇ സന്ദര്‍ശിച്ച വി മുരളീധരന്റെ പ്രതിനിധി സംഘത്തില്‍ ഒരു സ്വകാര്യ പി.ആര്‍ കമ്പനി മാനേജറെ കൂടി ഉള്‍പ്പെടുത്തി എന്നാണ് പരാതി.

ലോകതാന്ത്രിക് യുവ ജനത ദള്‍ പ്രസിഡന്റ് സലീം മടവൂര്‍ ആണ് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. തെളിവുകള്‍ സഹിതമാണ് പരതി. നേരത്തേ, വി മുരളീധരന്റെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സലീം മടവൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും പരാതി നല്‍കിയിരുന്നു.

2019 നവംബറില്‍ യു.എ.ഇയില്‍ നടന്ന പരിപാടിയെ കുറിച്ചാണ് പരാതിയില്‍ പറയുന്നത്. അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ കൗണ്‍സില്‍ ഓഫ് മിനിസ്‌റ്റേഴ്‌സ് മീറ്റിങ്ങില്‍ ഔദ്യോഗിക സംഘത്തിലില്ലാത്ത ആളെ വി മുരളീധരന്‍ പങ്കെടുപ്പിച്ചു എന്നാണ് ഫോട്ടോ സഹിതം സലീം മടവൂര്‍ പരാതിയില്‍ പറയുന്നത്. പരിപാടില്‍ പങ്കെടുത്തവരുടെ ചിത്രങ്ങളില്‍ കാണുന്ന ഒരാള്‍ ഇന്ത്യയുടേയോ യു.എ.ഇയുടേയോ നയതന്ത്ര സംഘത്തില്‍ ഇല്ലാത്തയാളാണ് എന്നാണ് പറയുന്നത്. എറണാകുളത്തെ ഒരു പി.ആര്‍ കമ്പനിയുടെ മാനേജര്‍ ആയ സ്മിത മേനോന്‍ ആണ് ഇത് എന്നും സലീം മടവൂര്‍ പരാതിയില്‍ പറയുന്നു.
സ്മിത മേനോന്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ അംഗമായിരുന്നോ എന്ന കാര്യം വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചിരുന്നു എന്നും അവര്‍ അംഗമായിരുന്നില്ല എന്നാണ് മറുപടി ലഭിച്ചത് എന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. നയതന്ത്ര സംഘത്തില്‍ അംഗമല്ലാത്ത ഒരു സ്ത്രീ എങ്ങനെയാണ് ആ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത് എന്നത് ഏറെ ഗൗരവമര്‍ഹിക്കുന്ന ചോദ്യമാണ് എന്നാണ് സലീം മടവൂര്‍ പറയുന്നത്. കടുത്ത പ്രോട്ടോകോള്‍ ലംഘനമാണ് വി മുരളീധരന്‍ നടത്തിയിരിക്കുന്നത് എന്നും സലീം മടവൂര്‍ ആരോപിക്കുന്നു.
തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേഡജില്‍ സ്വര്‍ണം കടത്തി സംഭവവും സലീം മടവൂര്‍ പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. കോണ്‍സുല്‍ ജനറലുമായുള്ള ബന്ധം ദുരുപയോഗം ചെയ്ത് സ്വപ്‌ന സ്വര്‍ണക്കള്ളക്കടത്ത് നടത്തിയത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ടെന്നും പരാതിയില്‍ പരാമര്‍ശിക്കുന്നു. ഔദ്യോഗിക സംഘത്തില്‍ ഇല്ലാത്ത ഒരാളെ നയതന്ത്രപരമായ കോണ്‍ഫറന്‍സില്‍ പങ്കെടുപ്പിച്ചത് ഗുരുതര വിഷയമാണ്. മന്ത്രിമാര്‍ പോലും ഇത്തരത്തില്‍ തെറ്റായ കീഴ് വഴക്കങ്ങള്‍ സ്വീകരിച്ചാല്‍ നമ്മുടെ ഔദ്യോഗിക രഹസ്യങ്ങള്‍ക്ക് എന്ത് സുരക്ഷയാണ് ഉണ്ടാവുക എന്നും പരാതിയില്‍ സലീം മടവൂര്‍ ചോദിക്കുന്നു.
മുന്‍ നയതന്ത്രജ്ഞരോട് അന്വേഷിച്ചപ്പോള്‍ താന്‍ മനസ്സിലാക്കിയത് വി മുരളീധരന്‍ നടത്തിയത് കടുത്ത പ്രോട്ടോകോള്‍ ലംഘനം ആണെന്നാണ്. സ്മിത മേനോന്‍ എങ്ങനെയാണ് അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ കൗണ്‍സില്‍ ഓഫ് മിനിസ്‌റ്റേഴ്‌സ് മീറ്റിങ്ങില്‍ പങ്കെടുത്തത് എന്നത് സംബന്ധിച്ച് അന്വേഷിക്കാന്‍ ഉത്തരവിടണം എന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നും സലീം മടവൂര്‍ പരാതിയില്‍ പറയുന്നു.
നേരത്തെ വി മുരളീധരനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സലീം മടവൂര്‍ പരാതി നല്‍കിയിരുന്നു. വി മുരളീധരന്റെ സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പരാതി. ഒരു രൂപ പോലും നീക്കിയിരിപ്പില്ലെന്നാണ് വി മുരളീധരന്‍ രാജ്യസഭ തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.