കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് മുകേഷ് വീണ്ടും മത്സരിച്ചേക്കും. താരം ഇക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം കൊല്ലത്തെ ജില്ലാ സമിതിയുടെ അഭിപ്രായം കൂടി സിപിഎം ഈ വിഷയത്തില്‍ തേടിയേക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ 98 സീറ്റുകളില്‍ വിജയസാധ്യതയുണ്ടെന്ന് വിലയിരുത്തിയിരുന്നു. വിജയ സാധ്യത വര്‍ധിപ്പിക്കാന്‍ മുകേഷിനെ പോലുള്ള സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സിപിഎം സീറ്റ് നല്‍കാനും സാധ്യതയുണ്ട്. നേരത്തെ ജില്ലയില്‍ മുകേഷിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രവര്‍ത്തിക്കാന്‍ പോലും മുകേഷ് വരുന്നില്ല എന്നൊക്കെയായിരുന്നു വിമര്‍ശനം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സിപിഎം ആണെന്ന് കൊല്ലം എംഎല്‍എ കൂടിയായ മുകേഷ് പറയുന്നു. മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തന്റെ നിലപാട് അപ്പോള്‍ തന്നെ പാര്‍ട്ടിയെ അറിയിക്കുമെന്നും മുകേഷ് വ്യക്തമാക്കി. സിനിമാ തിരക്കുകള്‍ പരമാവധി മാറ്റി വെച്ചാണ് എംഎല്‍എ എന്ന നിലയില്‍ കൊല്ലത്ത് മുകേഷ് സജീവമാകുന്നത്. തിരഞ്ഞെടുപ്പ് ഇനി മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കിയുള്ള പുതുവര്‍ഷ കലണ്ടറും എംഎല്‍എ പുറത്തിറക്കി.

അതേസമയം ഇതുവരെ തുടങ്ങി വെച്ച് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും, അവര്‍ സജീവമായി മുന്നോട്ട് കൊണ്ടുപോകാനും തനിക്ക് താല്‍പര്യമുണ്ടെന്ന് ജില്ലയിലെ സിപിഎം നേതാക്കന്മാരുടെ സാന്നിധ്യത്തില്‍ എംഎല്‍എ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം നേതാക്കളും മുകേഷിന്റെ പ്രകടനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തനമാണ് എംഎല്‍എ എന്ന നിലയില്‍ മുകേഷില്‍ നിന്ന് ഉണ്ടായതെന്ന് നേതാക്കള്‍ പറയുന്നു. എംഎല്‍എയും സിപിഎം നേതാക്കളും തുറന്ന് പറയാന്‍ തയ്യാറായില്ലെങ്കിലും കൊല്ലത്ത് വീണ്ടുമൊരു ഊഴം കൂടി മുകേഷിന് സിപിഎം കൊടുക്കാനാണ് സാധ്യത.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് കൊല്ലത്ത് സിപിഎം നേടിയത്. കൊല്ലം നഗരസഭയില്‍ വന്‍ വിജയം തന്നെ പാര്‍ട്ടി സ്വന്തമാക്കിയിരുന്നു. കൊല്ലത്ത് അനുകൂല സാഹചര്യമാണ് ഉള്ളതെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. അപ്പോള്‍ മുകേഷിനെ മത്സരിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും പാര്‍ട്ടി കരുതുന്നു. അതേസമയം സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഇത് ആദ്യമായിട്ടാണ് സംസ്ഥാന കമ്മിറ്റി ചേരുന്നത്. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി ജില്ലാ തലത്തിലെ പ്രകടനവും അവലോകനം ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നൊരുക്കളും സമിതി ചര്‍ച്ച ചെയ്യും.