കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് കേരളം. എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമയതോടെ വോട്ട് പിടിക്കുന്നതിന്റെ തിരക്കിലാണ് മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും. മിന്നുന്ന വിജയം സ്വന്തമാക്കുക എന്നതാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ലക്ഷ്യം. ഇതിനായി പ്രചരണ പരിപാടികളില്‍ പലരും വ്യത്യസ്ത മാര്‍ഗങ്ങളും പരീക്ഷിക്കുന്നുണ്ട്. കൊല്ലത്തെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലും ഇത്തരത്തിലുള്ള വ്യത്യസ്തത കൊണ്ടുവാരന്‍ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇവിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തമിഴ് സൂപ്പര്‍ സ്റ്റാര്‍ ഇളയദളപതി വിജയിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കൊല്ലത്തെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലാണ് ഇളയദളപതി വിജയിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചതായി ആരോപണം ഉയര്‍ന്നത്. തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പേരോ ചിത്രമോ ഉപയോഗിച്ച് പ്രചരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നാണ് വിജയ് മക്കള്‍ ഇയക്കം കൊല്ലം ജില്ലാ കമ്മറ്റി അറിയിച്ചത്.

കൊല്ലത്തെ പ്രചരണ പരിപാടിയില്‍ വിജയ്‌യുടെ ഫോട്ടോയും പേരും ഉപയോഗിച്ചതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയെയോ രാഷ്ട്രീയ പാര്‍ട്ടിയുമായോ ദളപതി വിജയിയോ വിജയ് മക്കള്‍ ഇയ്യക്കമോ ബന്ധപ്പെട്ടിട്ടില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇനി അത്തരത്തില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് വിജയ് മക്കള്‍ ഇയക്കം കൊല്ലം ജില്ലാ കമ്മറ്റി അറിയിച്ചിരിക്കുന്നത്.
അതേസമയം, നടന്‍ വിജയുടെ രാഷ്ട്രീയ പ്രവേശനം ഏറെ കാലമായി ചര്‍ച്ചയിലാണ്. പിതാവ് എസ്എ ചന്ദ്രശേഖര്‍ ഇടയ്ക്കിടെ വിജയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് സൂചന നല്‍കിയിരുന്നു. ഒടുവില്‍ അദ്ദേഹം വിജയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിജയും അച്ഛനും തമ്മില്‍ പിണങ്ങിയിരിക്കുകയാണെന്ന് അമ്മയും നേരത്തെ വെളിപ്പെടുത്തിയിരുന്നു. കൂടാതെ പിതാവ് രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കരുത് എന്നാണ് വിജയ് ഭാരവാഹികള്‍ക്ക് നല്‍കിയ നിര്‍ദേശം. ഏതെങ്കിലും പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ നിരുല്‍സാഹപ്പെടുത്തണം. മധുരയില്‍ ആരാധകര്‍ യോഗം ചേര്‍ന്ന് പാര്‍ട്ടിയില്‍ ചേരില്ലെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തിരുന്നു.
അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് ചന്ദ്രശേഖര്‍ ശ്രമിച്ചത്. വിജയുടെ ഫാന്‍സ് അസോസിയേഷനെ രാഷ്ട്രീയ പാര്‍ട്ടി ആക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതിനോട് വിജയ് സഹകരിച്ചില്ല. വിഷയത്തില്‍ അദ്ദേഹം നേരത്തെ പിതാവുമായി ഉടക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചത് തന്റെ അറിവോടെ അല്ല എന്നാണ് വിജയ് ആരാധകരെ അറിയിച്ചത്. തന്റെ പേരോ ചിത്രമോ പാര്‍ട്ടി കാര്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും വിജയ് മുന്നറിയിപ്പ് നല്‍കി. പിതാവുമായി വിജയ് സംസാരിക്കാറില്ലെന്ന് അമ്മ ശോഭ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.