തിരുവനന്തപുരം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലാണ്. ഇതിന് പിറകെയാണ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ് റെയ്ഡ് നടത്തും എന്ന സൂചനകളും പുറത്ത് വരുന്നത്.

ബിനീഷ് വിഷയത്തില്‍ പാര്‍ട്ടി കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ കോടിയേരിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും, തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോടിയേരി സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നേക്കുമെന്നുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. മയക്കുമരുന്ന് കേസിലും ബിനീഷിനെ അറസ്റ്റ് ചെയ്താല്‍ പ്രതിസന്ധി രൂക്ഷമാകും. ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വലിഞ്ഞു മുറുക്കിയിരിക്കുകയാണ്. ഓരോ ദിവസവും പുതിയ വിവരങ്ങളാണ് ഇഡി പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്. ഇഡിയുടെ അന്വേഷണ പരിധിയില്‍ ഇല്ലാത്ത കാര്യങ്ങളും ഇതില്‍ ഉണ്ട് എന്നത് ശ്രദ്ധേയമാണ്.

ബിനീഷ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഒടുവില്‍ പുറത്ത് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച മൊഴികളുടെ ചില വിശദാംശങ്ങളും പുറത്ത് വന്നുകഴിഞ്ഞു. ഇതോടെ കോടിയേരിയും സിപിഎമ്മും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മക്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് നേതാക്കള്‍ മറുപടി പറയേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം വരെ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. എങ്കിലും പൊതു സമൂഹത്തിന് മുന്നില്‍ ബിനീഷ് വിവാദം പാര്‍ട്ടിയുടെ പ്രതിച്ഛായയെ മോശമാക്കുന്നു എന്നൊരു അഭിപ്രായം പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ഉയരുന്നുണ്ട്. ഇത് തന്നെയാണ് നിര്‍ണായാകമാകാന്‍ പോകുന്നതും.
ഇത്തരമൊരു സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറി നില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ തന്നെ സന്നദ്ധനാകുന്നു എന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. എന്തായാലും അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും ഈ വിഷയം ചര്‍ച്ചയായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചികിത്സയ്ക്കായി നേരത്തേ കോടിയേരി കുറച്ച് നാള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ അപ്പോഴും ചുമതല മറ്റാര്‍ക്കും നല്‍കിയിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ സെക്രട്ടറിയുടെ ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കി മാറി നില്‍ക്കാനാണ് സാധ്യത എന്ന് അറിയുന്നു.
കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി ചുമതയില്‍ നിന്ന് താത്കാലികമായി മാറി നില്‍ക്കുകയാണെങ്കില്‍ ആരായിരിക്കും പകരം എത്തുക എന്നതും ചര്‍ച്ചയാകുന്നുണ്ട്. എസ് രാമചന്ദ്രന്‍ പിള്ളയുടേയും എംവി ഗോവിന്ദന്‍ മാസ്റ്ററുടേയും പേരുകയാണ് ഇത് സംബന്ധിച്ച് പരിഗണിക്കപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിനീഷ് കോടിയേരിയുടെ വിവാദങ്ങളില്‍ കോടിയേരി ബാലകൃഷ്ണന് ഉത്തരവാദിത്തമില്ലെന്നാണ് സിപിഎം നിലപാട്. ബിനീഷിന്റെ ചെയ്തികള്‍ക്ക് ഏതെങ്കിലും വിധത്തില്‍ അനധികൃതമായ സഹായം കോടിയേരിയില്‍ നിന്ന് ഉണ്ടായിട്ടില്ല എന്നും പാര്‍ട്ടി വിലയിരുത്തുന്നു.