തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരം പിടിക്കുക എന്നതില്‍ കുറഞ്ഞതൊന്നും കോണ്‍ഗ്രസിന് മുന്നിലില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന സെമിഫൈനലായ തദ്ദേശ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് കരുത്ത് തെളിയിക്കേണ്ടതുണ്ട്. ഇത്തവണ പുതിയ തീരുമാനങ്ങളുമായാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കച്ച മുറുക്കുന്നത്.

2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ഇടത് പക്ഷം നേട്ടമുണ്ടാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും നേട്ടമുണ്ടാക്കി. ഡിസംബറില്‍ സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മാസം മാത്രമാണ് അങ്ങനെയെങ്കില്‍ മുന്നണികള്‍ക്ക് മുന്നില്‍ ബാക്കിയുളളത്.

തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി സര്‍ക്കാരിനെ വെട്ടിലാക്കിയ സ്വര്‍ണ്ണക്കടത്ത് കേസ് തന്നെ പ്രതിപക്ഷത്തിന്റെ പ്രധാന പ്രചരണ ആയുധം. അതിനിടെ ലഹരി മരുന്ന് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി കുരുങ്ങിയത് പ്രതിപക്ഷത്തിന് വീണ് കിട്ടിയ ബോണസായും മാറിയിരിക്കുന്നു.
രാഷ്ട്രീയ കാലാവസ്ഥ അനുകൂലമായിരിക്കുമ്പോഴും സംഘടനയ്ക്കുളളിലെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിന് തലവേദനയാണ്. ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളും സീറ്റുകള്‍ക്ക് വേണ്ടി ഇതിനകം തന്നെ നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ജനപ്രതിനിധിയായി നാല് തവണ പൂര്‍ത്തിയാക്കിയവരെ ഇനി മത്സരിക്കാന്‍ പരിഗണിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം.
പാലക്കാട് വെച്ച് നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ആണ് ഈ തീരുമാനം. നാല് തവണ മത്സരിച്ചവരെ ഒഴിവാക്കണം എന്ന നിര്‍ദ്ദേശം പാലക്കാട് എംപിയും ഡിസിസി അധ്യക്ഷനുമായ വികെ ശ്രീകണ്ഠന്‍ ആണ് മുന്നോട്ട് വെച്ചത്. പാലക്കാട്ടെ കോണ്‍ഗ്രസ് എംഎല്‍എമാരായ വിടി ബല്‍റാം, ഷാഫി പറമ്പില്‍, രമ്യ ഹരിദാസ് എംപി എന്നിവരും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനും യോഗത്തില്‍ പങ്കെടുത്തു.
തിരഞ്ഞെടുപ്പില്‍ കുടുംബാംഗങ്ങള്‍ തന്നെ മാറി മാറി മത്സരിക്കുന്ന രീതി ഇനി വേണ്ടെന്നും വികെ ശ്രീകണ്ഠന്‍ എംപി വ്യക്തമാക്കി. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണന സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ നല്‍കണം എന്ന് വിടി ബല്‍റാമും ഷാഫി പറമ്പിലും ആവശ്യപ്പെട്ടു.
ഇക്കുറി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ ജനപിന്തുണ ഉളളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ റിബലുകള്‍ക്ക് ഇനി സ്ഥാനം ഇല്ല. വാര്‍ഡ് കമ്മിറ്റികളുടെ നിര്‍ദേശം പരിഗണിച്ചായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക എന്നും മുല്ലപ്പളളി രാമചന്ദ്രന്‍ യോഗത്തില്‍ വ്യക്തമാക്കി.