തൃശൂര്‍: കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന തൃശൂര്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയാല്‍ നടപടിയുണ്ടാകും. നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിനാണ് ഇത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്ന ആളുകളുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കും. സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നും ഒരാഴ്ചത്തേക്ക് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി ഏ സി മൊയ്തീന്‍ പറഞ്ഞു.

ജില്ലയില്‍ കോവിഡ് വ്യാപനം അടുത്ത രണ്ട് മൂന്ന് ദിവസത്തേക്ക് കൂടി രൂക്ഷമായേക്കാവുന്ന സാഹചര്യത്തിലാണ് കടുത്ത തീരുമാനങ്ങള്‍. ഒരാഴ്ച കഴിഞ്ഞാല്‍ രോഗികളുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ നടക്കുന്നുണ്ട്. വീടുകളില്‍ കയറി പ്രചാരണം നടത്തുന്നുണ്ട്. കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ സ്വയം ജാഗ്രത പാലിക്കുകയാണ് വേണ്ടത്. ജില്ലയിലെ ആരോഗ്യ സംവിധാനം സജ്ജമാണ്. കോവിഡ് പരിശോധന ദിനംപ്രതി വര്‍ധിപ്പിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നഗരത്തിലെ കടകളില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തുറക്കുന്ന കടകളില്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ അപര്യാപ്തതയുണ്ടെങ്കില്‍ അത് കടകളില്‍ എത്തിക്കും. കടകളില്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണം. ശക്തന്‍, ജയ്ഹിന്ദ് മാര്‍ക്കറ്റുകള്‍ കര്‍ശന നിയന്ത്രണങ്ങളോടെ തുറക്കുന്ന കാര്യം പരിഗണനയിലാണ്.
ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമായേക്കും. അനാവശ്യമായി പുറത്തിറങ്ങരുത്. കടല്‍ കാണാനെന്നു പറഞ്ഞുപോലും ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കും. ഇവരുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കും. ആരോഗ്യപ്രവര്‍ത്തകരും പൊലീസും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏഴ് ദിവസംകൊണ്ട് ആറായിരത്തിലേറെ പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. തൊണ്ണൂറ്റിനാലു തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ നിയന്ത്രണം ശക്തമാക്കി. മുപ്പതു തദ്ദേശസ്ഥാപന പ്രദേശങ്ങളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റി. ഈ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടും. കടകള്‍ രാത്രി ഏഴുമണിക്കുശേഷം തുറക്കാന്‍ അനുവദിക്കില്ല. ഉച്ചഭാഷണിയിലൂടെ നിയന്ത്രണങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നുണ്ട്. അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ട കടകള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂ.