തിരുവല്ല: ബിലിവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപകന്‍ കെ.പി യോഹന്നാന് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സമന്‍സ് പ്രകാരം അമേരിക്കയില്‍ നിന്ന് നാട്ടിലെത്തേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ബിലിവേഴ്‌സ് ചര്‍ച്ചിന്റെ ആസ്ഥാനത്തും വിവിധ ഓഫീസുകളിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും നടക്കുന്ന റെയ്ഡില്‍ കോടികളുടെ കണക്കില്‍പ്പെടാത്ത പണമാണ് പിടിച്ചച്ചെടുത്തത്.

അതേസമയം കടപ്പിലാരില്‍ പുന്നൂസ് യോഹന്നാന്‍ എന്ന കെ.പി യോഹന്നാന്റെ വളര്‍ച്ചയ്ക്ക് അരനൂറ്റാണ്ടിന്റെ പഴക്കമേയുള്ളൂ. ശതകോടികളുടെ ആസ്തിയുണ്ട് ഈ സഭയ്ക്ക്.അരനൂറ്റാണ്ടുകൊണ്ട് സഭയ്ക്കുണ്ടായ വളര്‍ച്ച ആരെയും അമ്പരപ്പിക്കും. ഗോസ്പല്‍ ഏഷ്യ എന്ന പേരിലാണ് ബിലിവേഴ്‌സ് ചര്‍ച്ച് ആഗോളതലത്തില്‍ അറിയപ്പെടുന്നത്.

അപ്പര്‍കുട്ടനാട്ടിലെ നിരണത്ത് കടപ്പിലാരില്‍ വീട്ടില്‍ ചാക്കോ പുന്നൂസിന്റെ മകനായി 1950 ലാണ് കെ.പി യോഹന്നാന്‍ ജനിച്ചത്. മാര്‍ത്തോമ വിശ്വാസികളായ ചാക്കോയുടെ കുടുംബത്തിന് അക്കാലത്ത് താറാവ് വളര്‍ത്തായിരുന്നു പ്രധാന വരുമാന മാര്‍ഗം. അമേരിക്കയിലേക്ക് വൈദിക പഠനത്തിന് പോയതോടെയാണ് യോഹന്നാന്റെ ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടായത്. അമേരിക്കയിലെത്തിയ കെ.പി യോഹന്നാന്‍ ആത്മീയ രംഗത്തേക്ക് തിരിഞ്ഞു. ജര്‍മന്‍ സ്വദേശിയായ ഗസാലയെ 1974ല്‍ ജീവിത പങ്കാളിയായി സ്വീകരിച്ചു. തുടര്‍ന്ന് ഭാര്യയോടൊപ്പമായിരുന്നു യോഹന്നാന്റെ സുവിശേഷ വേല.
നീണ്ട പ്രവാസത്തിനു ശേഷം കെ.പി യോഹന്നാനും കുടുംബവും 1983 ല്‍ തിരുവല്ല നഗരത്തിനു സമീപമുള്ള മാഞ്ഞാടിയില്‍ ഗോസ്പല്‍ ഏഷ്യയുടെ ആസ്ഥാനം കെട്ടിപ്പൊക്കി. അവിടെ നിന്നും ആത്മീയ യാത്ര എന്ന റേഡിയോ പരിപാടി പ്രക്ഷേപണം ചെയ്തുതുടങ്ങി. അതില്‍ നിന്നാണ് ഇന്നത്തെ കെപി യോഹന്നാനിലേക്കുള്ള വളര്‍ച്ച ആരംഭിക്കുന്നത്.
താഴേക്കിടയിലുള്ള പാവപ്പെട്ടവര്‍ക്കൊപ്പം നിലയുറപ്പിക്കുമെന്ന് കെ.പി യോഹന്നാന്‍ ചെറുപ്രായത്തില്‍തന്നെ പ്രതിജ്ഞയെടുത്തിരുന്നു. ഓ എന്റെ നാഥാ നിന്റെ ഹൃദയം തകര്‍ക്കുന്ന അതേ കാരണങ്ങളാല്‍ എന്റെയും ഹൃദയം തകര്‍ക്കപ്പെടട്ടെ എന്ന് കെപി യോഹന്നാന്‍ പറഞ്ഞു. അദ്ദേഹം അത് ലംഘിച്ചുമില്ല-ബിലിവേഴ്‌സ് ചര്‍ച്ചിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.
കടപ്പിലാരില്‍ വീട്ടില്‍ ചാക്കോ പുന്നൂസിന്റെ മക്കളായ കെപി ചാക്കോ, കെ.പി യോഹന്നാന്‍, കെ.പി മാത്യൂസ് എന്നീ മൂന്ന് സഹോദരന്‍മാര്‍ ചേര്‍ന്ന് രൂപീകരിച്ച ട്രസ്റ്റാണ് വളര്‍ന്ന് പന്തലിച്ചത്. ഇത് ഗോസ്പല്‍ മിനിസ്ട്രീസ് ഇന്ത്യയെന്നും 1991 ല്‍ ഹോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലും ട്രസ്റ്റ് രൂപാന്തരപ്പെട്ടു.
1980ലാണ് തിരുവല്ല സബ് രജിസ്ട്രാര്‍ ഓഫീസില്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ സഭയുടെ കീഴില്‍ ആശുപത്രികള്‍, എഞ്ചിനീയറിങ് കോളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ഗോസ്പല്‍ ഏഷ്യക്ക് വിവിധ സ്ഥലങ്ങളിലായി ഏഴായിരം ഏക്കറിലധികം ഭൂമിയുണ്ട്.
നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനായി നിര്‍ദേശിക്കപ്പെട്ട, നിയമക്കുരുക്കില്‍ പെട്ട ചെറുവള്ളി എസ്‌റ്റേറ്റ് (2263 ഏക്കര്‍) ഗോസ്പല്‍ ഏഷ്യയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇത് ഹാരിസണ്‍ മലയാളത്തില്‍ നിന്നും വാങ്ങിയതായിരുന്നു. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും കെപി യോഹന്നാന് നിക്ഷേപമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുപതിനായിരം ഏക്കറില്‍ അധികം ഭൂമിയാണ് വിവിധ ട്രസ്റ്റുകളുടെ പേരിലുള്ളത്. 10 രാജ്യങ്ങളിലായി തങ്ങള്‍ക്ക് 35 ലക്ഷം വിശ്വാസികളുണ്ടെന്നാണ് സഭയുടെ അവകാശവാദം.
കെ.പി യോഗന്നാന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് 2012 ലാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. 1990 മുതല്‍ 2011 വരെ 48 രാജ്യങ്ങളില്‍ നിന്നും വഴിവിട്ട് 1544 കോടി രൂപ സ്വീകരിച്ചുവെന്നാണ് ആരോപണം. വിവിധ രാജ്യങ്ങളിലും ബിലിവേഴ്‌സ് ചര്‍ച്ചിനെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.