കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലെത്തിയത് യുഡിഎഫിനെ ഞെട്ടിച്ചിരുന്നു. ഇടത് ക്യാമ്പില്‍ നിന്ന് എന്‍സിപിയും കേരള കോണ്‍ഗ്രസ് ബിയും അടക്കമുളള ഘടകക്ഷികളെ യുഡിഎഫ് നോട്ടമിട്ടിരുന്നു. എന്നാല്‍ സോളാര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ ഗണേഷ് കുമാറിന് കെണിയായിരിക്കുകയാണ്. യുഡിഎഫ് പ്രവേശനം ഇതോടെ ഗണേഷിന് മുന്നില്‍ അടഞ്ഞ അധ്യായമായേക്കും. അതിനിടെ ജനപക്ഷം നേതാവ് പിസി ജോര്‍ജിന്റെ ചില വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാവുകയാണ്.

ഈ വര്‍ഷം തുടക്കം മുതല്‍ക്കേ കേരള കോണ്‍ഗ്രസ് ബി യുഡിഎഫിലേക്ക് തിരികെ പോകാന്‍ ശ്രമിക്കുന്നതായുളള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കോണ്‍ഗ്രസിലെ ചില പ്രമുഖ നേതാക്കളുമായി കെബി ഗണേഷ് കുമാര്‍ ചര്‍ച്ച നടത്തിയതായിട്ടായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ നിഷേധിച്ച് ബാലകൃഷ്ണ പിളളയും ഗണേഷ് കുമാറും നേരിട്ട് രംഗത്ത് എത്തുകയും ചെയ്തു.

യുഡിഎഫ് നേതാക്കളുമായി താന്‍ ചര്‍ച്ച നടത്തിയെന്നുളള വാര്‍ത്ത ഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ് ഗണേഷ് കുമാര്‍ ആരോപിച്ചത്. ഗണേഷ് കുമാറിന് പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിക്കാത്തതിലുളള അതൃപ്തിയാണ് യുഡിഎഫിലേക്ക് തിരികെ പോകാനുളള ശ്രമങ്ങള്‍ക്ക് പിന്നിലെന്നും പ്രചാരണം നടന്നിരുന്നു.
എന്നാല്‍ താന്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കി. മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍ വീട്ടിലെത്തിയത് സൗഹൃദ സന്ദര്‍ശനമാണ് എന്നും ഗണേഷ് കുമാര്‍ അന്ന് വിശദീകരിക്കുകയുണ്ടായി. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനിടെ നിരവധി തവണ കേരള കോണ്‍ഗ്രസ് ബിയുമായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു കേരള കോണ്‍ഗ്രസ് ബിയെ തിരികെ എത്തിക്കാനുളള നീക്കം. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ എ ഗ്രൂപ്പിന് ഗണേഷും കൂട്ടരും തിരികെ വരുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല. അതിനിടെയാണ് സോളാര്‍ കേസിലെ ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വന്നത്.
സോളാര്‍ കേസില്‍ പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാര്‍ ഇടപെട്ടാണ് എന്നാണ് ശരണ്യ മനോജ് വെളിപ്പെടുത്തിയത്. ഇതോടെ ഗണേഷ് കുമാറിന്റെ യുഡിഎഫ് പ്രവേശനം നടക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ഗണേഷിന്റെ പിഎ ആയിരുന്ന പ്രദീപ് ശ്രമിച്ചതും വിവാദമായി.
ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട് വളഞ്ഞാണ് പ്രദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് നടപടിയില്‍ ഇടതുമുന്നണിയെ ഗണേഷ് കുമാര്‍ അതൃപ്തി അറിയിച്ചിരുന്നു. സംഭവത്തിന് പിന്നാലെ കേരള കോണ്‍ഗ്രസ് ബി പാലക്കാട് ഘടകം സര്‍ക്കാരിനും ഇടത് മുന്നണിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് ബി തുടരണമോ എന്ന കാര്യം പരിശോധിക്കണം എന്നാണ് പാലക്കാട് ഘടകം ആവശ്യപ്പെട്ടത്. അതിനിടെയാണ് പിസി ജോര്‍ജ് എംഎല്‍എയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഗണേഷ് കുമാറുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ് വെളിപ്പെടുത്തല്‍ നടത്തിയത്.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടായിരുന്നു ചാനല്‍ ചര്‍ച്ച. ഗണേഷ് കുമാറിന്റെ പിഎയെ പ്രതിയാക്കുന്നത് ഗണേഷിനോടുളള വൈരാഗ്യം കാരണമാണ് എന്നാണ് പിസി ജോര്‍ജിന്റെ ആരോപണം. ഇടത് മുന്നണിയും മുഖ്യമന്ത്രി പിണറായി വിജയനുമാണ് പിന്നിലെന്നാണ് പിസി ജോര്‍ജ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.ഗഇആ
”അന്ന് മുതല്‍ ഗണേഷിനെ ശരിപ്പെടുത്താന്‍ പിണറായി തീരുമാനിച്ചു. കുറ്റം പറയാന്‍ പറ്റില്ല. അങ്ങേരുടെ സ്വഭാവമാണത്. ഇത്രയും നാള്‍ കൂടെ നിന്നിട്ടും അച്ഛന് ക്യാബിനറ്റ് റാങ്ക് കൊടുത്തിട്ടും ഗണേഷ് എല്‍ഡിഎഫ് വിടാന്‍ ആലോചന നടക്കുന്നു എന്ന് കേട്ടപ്പോള്‍ ഗണേഷിനെ ശരിപ്പെടുത്താന്‍ തീരുമാനിച്ചു. ആ ശരിപ്പെടുത്തലിന്റെ ഭാഗമാണ് ഗണേഷിന്റെ പിഎയുടെ അറസ്റ്റും ഈ കേസില്‍ കുടുക്കലുമെന്നും” പിസി ജോര്‍ജ് ആരോപിച്ചു.