കോട്ടക്കല്‍: ഗവേഷകര്‍ അന്വേഷിച്ചു കൊണ്ടിരുന്ന ഭൂഗര്‍ഭ മത്സ്യത്തെ കോട്ടക്കലിലെ ഇന്ത്യനൂരില്‍ കണ്ടെത്തി. പശ്ചിമഘട്ട നിരകളില്‍ ഭൂഗര്‍ഭ ഉറവകളില്‍ വസിക്കുന്ന പത്തോളം ഇനങ്ങളില്‍ പെട്ട പാന്‍ജിയോ ബുജിയ ഇനത്തെയാണ് ഇന്ത്യനൂരില്‍ കണ്ടെത്തിയത്.

മത്സ്യങ്ങളിലെ അപൂര്‍വതകള്‍ അന്വേഷിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി പാടത്തും പീടിയന്‍ സ്വഫ്‌വാനിനാണ് ഈ ഇനത്തിലെ നാലെണ്ണെത്തെ കിട്ടിയത്. അരുവികളില്‍ നിന്ന് കൂട്ടുകാര്‍ പിടിച്ച മത്സ്യങ്ങളില്‍ നിന്നാണ് സ്വഫ്‌വാന്‍ ഇവയെ തിരിച്ചറിഞ്ഞത്. ഭൂഗര്‍ഭ അരുവികളില്‍ മാത്രം വസിക്കുന്ന ഇവ ലോകത്ത് തന്നെ കണ്ടെത്തുന്ന രണ്ടാമത്തെ ദേശമാണ് ഇന്ത്യനൂര്‍. കഴിഞ്ഞ വര്‍ഷം കോഴിക്കോട് ചെരിഞ്ചേരിയിലാണ് ആദ്യമായി പാന്‍ജിയോ ബുജിയയെ കണ്ടെത്തിയത്. അന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് സ്വഫ്‌വാന്‍ മത്സ്യത്തെ തിരിച്ചറിഞ്ഞത്.

മത്സ്യത്തിന്റെ അടയാളങ്ങളും രൂപങ്ങളും ഉറപ്പ് വരുത്തിയ സ്വഫ്‌വാന്‍ കൊച്ചിയിലെ മത്സ്യ ഗവേഷണ യൂനിവേഴ്‌സിറ്റി അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഗവേഷകര്‍ സ്ഥലത്തെത്തി ഇതിനെ കൊണ്ടുപോയി. മൂന്ന് സെന്റീമീറ്റര്‍ മാത്രം വലിപ്പം വെക്കുന്ന പാന്‍ജിയോ ബുജിയക്ക് പാതാള പൂതാരകന്‍ എന്നാണ് ഗവേഷകര്‍ പേരിട്ടിരിക്കുന്നത്.
വയറിന്റെ ഭാഗം ചുകപ്പ് വര്‍ണത്തില്‍ കാണുന്ന ഇതിന്റെ ശരീരം സുതാര്യമാണ്. ഉറവകളില്‍ ജീവിക്കുന്ന ഇവ പ്രജനനത്തിനായി മുകളിലേക്കെത്തിയതാകാമെന്നാണ് അനുമാനം. സാധാരണ ജലാശയങ്ങളല്ല ഇവയുടെ വാസമെന്ന് കൊച്ചി മത്സ്യ ഗവേഷണ യൂനിവേഴ് സിറ്റി (കെ യു എഫ് ഒ എസ് ) ഗവേഷകന്‍ സി പി അര്‍ജുന്‍ സിറാജിനോട് പറഞ്ഞു. ഇവയെ കുറിച്ച് മത്സ്യ ഗവേഷണ രംഗത്തെ ജേര്‍ണലായ സുടോക്‌സ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശരീരത്തിനകത്തെ ഭാഗങ്ങള്‍ കണ്ണാടി പ്രതലം പോലെ പുറത്ത് കാണാനാകുന്ന മത്സ്യത്തിന് പത്ത് മുട്ടകള്‍ വരെ മാത്രമേ ഉണ്ടാകൂ.
ഇതര മത്സ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ വലിപ്പവും മുട്ടകള്‍ക്കുണ്ട്. വായയുടെ ഭാഗത്ത് മീശ രോമങ്ങള്‍ മാത്രമാണി വക്കുള്ളത്. അത്യപൂര്‍വമായി മാത്രം ഭൂമിക്ക് മുകളിലെത്തുന്ന ഇവയെ ഗവേഷകര്‍ അന്വേഷിച്ചു വരികയായിരുന്നു. ഇന്ത്യനൂരില്‍ നിന്ന് ഇവയെ കണ്ടെത്തിയതോടെ പഠനങ്ങള്‍ വിപുലപ്പെടുത്താനാകുമെന്ന് യൂനിവേഴ്‌സിറ്റി അധികൃതര്‍ പറയുന്നു.