വഡോദര: ഗുജറാത്തിലെ വഡോദരയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് 11 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
വഡോദരയിലെ വാഘോഡിയ ദേശീയപാതയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുപത്തിയഞ്ചോളം ആളുകളുമായി പോവുകയായിരുന്ന മിനി ട്രക്ക് ഒരു ട്രക്ക് ട്രെയിലറിന്‍റെ പുറകിൽ വന്നിടിക്കുകയായിരുന്നു. പഞ്ചമഹല്‍ ജില്ലയിലെ പാവ്ഗദിലേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സൂറത്ത് നഗരത്തില്‍ നിന്നുള്ളവരാണ്. വഡോദരയ്ക്ക് സമീപമുള്ള പാവ്ഗദ് ഒരു പ്രമുഖ തീർഥാടന കേന്ദ്രമാണ്. ഇവിടേക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച മിനി ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധ ദുഃഖം പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. അപകടം കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.