തിരുവനന്തപുരം: ബാര്‍ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരായ കേസില്‍ ഗവര്‍ണര്‍ നിയമ പരിശോധന നടത്തും. ബാറുടമാ അസോസിയേഷന്‍ നേതാവ് ബിജു രമേശ് നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയിലാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. ചെന്നിത്തലക്ക് പുറമെ മുന്‍ മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി അനുമതി നല്‍കിയെങ്കിലും പ്രതിപക്ഷ നേതാവിനും മുന്‍ മന്ത്രിമാര്‍ക്കും എതിരായ അന്വേഷണത്തിന് ഉത്തരവിറക്കാന്‍ ഗവര്‍ണറുടേയും സ്പീക്കറുടേയും അനുമതി കൂടി വേണം.

ബാര്‍ ലൈസന്‍സ് ഫീസ് കുറച്ചു കിട്ടുന്നതിനായി, അന്ന് കെ.പി.സി.സി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല, മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു, മുന്‍ ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ എന്നിവര്‍ക്ക് ബാറുടമകള്‍ പിരിച്ച പണം കൈമാറിയെന്നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.
