തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയ.ുള്ള അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍. പുനര്‍ജനി പദ്ധതിയിലെ അഴിമതി ആരോപണം ഉയര്‍ന്ന സംഭവത്തില്‍ വിഡി സതീശനെതിരെയും ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല, വി.എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെയുള്ള അന്വേഷണത്തിനായി സ്പീക്കറില്‍ നിന്ന് അനുമതി തേടുന്നതിനുള്ള നടപടിക്രമങ്ങളും ആഭ്യന്തര വകുപ്പ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. കേസന്വേഷണങ്ങളുമായി മുന്നോട്ടുപോകുന്നതിനായി ഉടന്‍ തന്നെ നിയമസഭാ സ്പീക്കറെ സമീപിക്കുമെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍.

എന്നാല്‍ ഗവര്‍ണറുടെ അനുമതി കൂടി ലഭിക്കുന്നതോടെ മാത്രമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയുള്ള അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുക. ഗുജറാത്തില്‍ നടക്കുന്ന സ്പീക്കര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പോയ പി ശ്രീരാമകൃഷ്ണന്‍ കേരളത്തില്‍ തിരിച്ചെത്തിയ ശേഷമായിരിക്കും ഇതുസംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളുക. ബാര്‍കോഴക്കേസില്‍ ബാര്‍ ഉടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. ബാര്‍കോഴക്കേസില്‍ പണം കൈമാറിയത് സംബന്ധിച്ചുള്ള കണക്കുകളാണ് ബിജു രമേശ് പുറത്തുവിട്ടത്.

കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.