ബെംഗളൂരു: മയക്ക് മരുന്നുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇതിനായി വരുന്ന ചൊവ്വാഴ്ച ബെംഗളൂരു ശാന്തിനഗറിലെ ഇ ഡി ഓഫീസില്‍ എത്താനാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് ബിനീഷ് കോടിയേരിക്ക് നോട്ടീസ് നല്‍കിയതായി ബെംഗളൂരു ഇ ഡി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

ബെംഗളൂരു മയക്ക് മരുന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. ബെംഗളൂരുവിലെ ഹോട്ടല്‍ ബിസിനസ് തുടങ്ങാന്‍ ബിനീഷ് സാമ്പത്തിക സഹായം ചെയ്തതായി അനൂപ് മൊഴി നല്‍കിയിരുന്നു.

ഇത് ബിനീഷും സ്ഥരീകരിച്ചിരുന്നു. രണ്ട് തവണകളായി നാല് ലക്ഷം രൂപയോളം സുഹൃത്ത് എന്ന നിലയില്‍ അനൂപിന് നല്‍കിയെന്നാണ് ബിനീഷ് പറഞ്ഞത്. ഇത് സംബന്ധിച്ച വിശദാംശങ്ങളും കര്‍ണാടകയിലെ മറ്റ് ബിസിനസ് പങ്കാളിത്തത്തെക്കുറിച്ചും ഇ ഡി ചോദിച്ചേക്കും.
ജയിലില്‍ കഴിയുന്ന അനൂപിനെ കഴിഞ്ഞയാഴ്ച ഇ.ഡി വിശദമായി ചോദ്യം ചെയ്തിരുന്നു. കോടതിയുടെ അനുമതിയോടെ പരപ്പന അഗ്രഹാര ജയിലിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഇതിന്റെ തുടര്‍ച്ചയായാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്.