ചടയമംഗലം: തങ്ങളെ രാജീവ് അഞ്ചല്‍ നിയമവിരുദ്ധമായി പുറത്താക്കിയതിനെതിരെ പരാതി പറയാന്‍ ശാന്തിഗിരി ആശ്രമത്തിലെത്തിയെ ജടായു പാറ ടൂറിസം പദ്ധതിയിലെ നിക്ഷേപകരെ സംവിധായകന്‍ രാജീവ് അഞ്ചലിന്റെ സഹോദരന്മാരുടെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്തതായി പരാതി. ആക്രമണത്തില്‍ പരിക്കേറ്റ കൊല്ലം സ്വദേശിയായ ദീപുവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നൂറോളം വരുന്ന നിക്ഷേപകര്‍ ചടയമംഗലത്തെ ജടായു പാറയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

തിരുവനന്തപുരം കോമേഴ്‌സ്യല്‍ കോടതിയില്‍ രാജീവ് അഞ്ചലിനെതിരെ നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍ നിക്ഷേപകര്‍ക്ക് അനുകൂലമായ വിധിയുണ്ടായിരുന്നു. രണ്ടു കൂട്ടരും തമ്മിലുള്ള തര്‍ക്കം ആര്‍ബിട്രേഷന്‍ കോടതിക്ക് നല്‍കണമെന്ന നിക്ഷേപകരുടെ ആവശ്യം അംഗീകരിച്ച കോടതി, അടുത്ത 90 ദിവസത്തിനുള്ളില്‍ ആര്‍ബിട്രേഷന്‍ നടപടികള്‍ തുടങ്ങണമെന്നും, ആ കാലയളവില്‍ രാജീവ് അഞ്ചലിനെയും, അദ്ദേഹത്തിന്റെ കമ്പനി ആയ ഗുരുചന്ദ്രികയേയും അതിന്റെ ഉദ്യോഗസ്ഥരെയും പദ്ധതി പ്രദേശത്തു കടക്കുന്നതില്‍ നിന്നും തടയുകയും, നിക്ഷേപകരുടെ കമ്പനിയുമായി കരാര്‍ പ്രകാരം ഉള്ള നടത്തിപ്പിന് യാതൊരു വിധ തടസങ്ങള്‍ ഉണ്ടാക്കരുതെന്നു നിര്‍ദേശിക്കുകയും ചെയ്തു.

എന്നാല്‍ പ്രസ്തുത കോടതിവിധിയെ അടക്കം രാജീവ് അഞ്ചല്‍ അവഗണിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് തങ്ങള്‍ ശാന്തിഗിരി ആശ്രമത്തിലും രാജീവ് അഞ്ചലിന്റെ ഭവനത്തിലും പോയതെന്ന് നിക്ഷേപകരുടെ പ്രതിനിധികള്‍ ഇവാര്‍ത്തയോട് പറഞ്ഞു. ആശ്രമത്തില്‍ നിന്ന് മടങ്ങുന്നവഴിയില്‍ ദീപു എന്ന നിക്ഷേപകന്‍ ഒറ്റയ്ക്കായിരുന്നുവെന്നും അദ്ദേഹത്തെ രാജീവ് അഞ്ചലിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നും നിക്ഷേപകരുടെ പ്രതിനിധിയായ ജയപ്രകാശ് പറഞ്ഞു. കൊല്ലം ജില്ലയിലെ കോട്ടുക്കല്‍ സ്വദേശിയായ ദീപു പഞ്ചായത്ത് മെമ്പറും ബിജെപി പ്രവര്‍ത്തകനുമാണ്. ദീപുവിനെ ആക്രമിച്ചവരില്‍ രാജീവ് അഞ്ചലിന്റെ സഹോദരങ്ങളായ സുധി, അജി, ഭദ്രന്‍ എന്നിവരും മരുമകനായ ദീപക് സുനിലും ഉണ്ടായിരുന്നുവെന്നും അവര്‍ ആരോപിച്ചു. ഇവര്‍ക്കെതിരെ പോത്തന്‍കോട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.
സംസ്ഥാന ടൂറിസം മേഖലക്ക് കേരള സര്‍ക്കാര്‍ ബി.ഒ.ടി വ്യവസ്ഥയില്‍ അനുവദിച്ച ആദ്യ പദ്ധതിയാണ് ജടായു പാറയിലേത്. രാജീവ് അഞ്ചലിന്റെ ഉടമസ്ഥതയിലുള്ള ഗുരുചന്ദ്രിക ബില്‍ഡേഴ്‌സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ് െ്രെപവറ്റ് ലിമിറ്റഡ് (ജി.ബി.പി.എല്‍) എന്ന കമ്പനിക്ക് 30 വര്‍ഷത്തേക്ക് വാടക കരാറിലാണ് പദ്ധതി നല്‍കിയത്. ജടായുപാറ ടൂറിസം പദ്ധതി സര്‍ക്കാരുമായി ചേര്‍ന്ന് പൂര്‍ത്തിയാക്കാനും നടത്തിപ്പിനുമായി രാജീവ് അഞ്ചലുമായി കരാറില്‍ ഏര്‍പ്പെട്ടത് ജടായു ടൂറിസം െ്രെപവറ്റ് ലിമിറ്റഡ് (ജെ.ടി.പി.എല്‍) എന്ന കമ്പനിയായിരുന്നു. എന്നാല്‍ ഈ കരാര്‍ രാജീവ് അഞ്ചല്‍ റദ്ദാക്കി. കഴിഞ്ഞ മാര്‍ച്ച് 12 നായിരുന്നു അത്.
130 ഓളം വരുന്ന പ്രവാസി നിക്ഷേപകരാണ് ജെടിപിഎല്‍ കമ്പനിയില്‍ പണം മുടക്കിയത്. എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കിയപ്പോള്‍ രാജീവ് അഞ്ചല്‍ തങ്ങളെ പുറത്താക്കി പദ്ധതി പിടിച്ചടക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. കൂടാതെ രാജീവ് അഞ്ചലും കുടുംബവും നടത്തിയ സാമ്പത്തിക തിരിമറികള്‍ ജെടിപിഎല്‍ കണ്ടെത്തിയതിനാലാണ് കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കിയത് എന്ന് ഇവര്‍ ആരോപിക്കുന്നു.
ജടായുപാറ ടൂറിസം പദ്ധതിയുടെ ശില്‍പ്പികൂടിയായ രാജീവ് അഞ്ചലിന്റെയും കുടുംബത്തിന്റെയും പേരിലുളള ആറ് കമ്പനികള്‍ക്ക് എതിരെയായിരുന്നു ഇവരുടെ ആരോപണം. നാഷണല്‍ കമ്പനി ലോ െ്രെടബ്യൂണലില്‍ ഇത് സംബന്ധിച്ച് നിക്ഷേപകര്‍ കേസും നല്‍കുകയായിരുന്നു.