ഡല്‍ഹി: കഴിഞ്ഞ ദിവസം പാര്‍ലമെന്റിന് മുമ്പാകെ സമര്‍പ്പിക്കപ്പെട്ട സിഎജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവുന്നു. ജിഎസ്ടിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നിയമം ലഘനം ഉണ്ടായെന്ന് സുപ്രധാനമായ കണ്ടെത്തലാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. നഷ്ടപരിഹാര സെസ് വഴി ലഭിച്ച 47,272 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വകമാറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജിഎസ്ടി വിഹിതം പങ്കുവെക്കുന്നതില്‍ കേരളം ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനെതിരെ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ഇതിനിടയിലാണ് കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള സിഎജി റിപ്പോര്‍ട്ടും പുറത്തു വരുന്നത്.

സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ജിഎസ്ടി കോമ്പന്‍സേഷന്‍ ഫണ്ടിലേയ്ക്ക് നികുതി എത്തുന്നത് തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍ തുക വകമാറ്റി ഉപയോഗിച്ചെന്നാണ് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 201718 , 201819 സാമ്പത്തിക വര്‍ഷമാണ് സര്‍ക്കാര്‍ നിയമം ലംഘിച്ചത്. ഇതിലൂടെ ഈ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി 47272 കോടി രൂപയെങ്കിലും കേന്ദ്രം കൈക്കലാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്രം കാലതാമസം വരുത്തുന്നുവെന്ന ആരോപണം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാനങ്ങള്‍ ശക്തമായി ഉന്നയിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ വീഴ്ചയല്ല, കോമ്പന്‍സേഷന്‍ ഫണ്ടില്‍ തുകയില്ലാത്തത് കൊണ്ടായിരുന്നു സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കാന്‍ വൈകുന്നതെന്നായിരുന്നു ലോക്‌സഭയില്‍ ധനമന്ത്രി നല്‍കിയ വിശദീകരണം.
സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം തുക എത്രയും പെട്ടെന്ന് നല്‍കുമെന്നും ഉത്തരവാദിത്വങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടില്ലെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കേന്ദ്രം കൈകടത്തില്ല. നഷ്ടപരിഹാരം നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ എവിടേയും പറഞ്ഞിട്ടില്ലെന്നും ലോക്‌സഭയെ നിര്‍മ്മല സീതാരാമന്‍ അറിയിച്ചിരുന്നു.
ഈ സാമ്പത്തികെ വര്‍ഷത്തെ ജിഎസ്ടി നഷ്ടപരിഹാരം നികത്താനുള്ള തുക റിസര്‍വ് ബാങ്കില്‍ നിന്ന് വായ്പ ലഭിക്കുന്നതിന് സൗകര്യമൊരുക്കാമെന്ന് ജിഎസ്ടി കൗണ്‍സിലില്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ തന്നെ ഇടപെടല്‍ മൂലമാണ് ജിഎസ്ടി കോമ്പന്‍സേഷന്‍ ഫണ്ടിലേക്ക് പണം എത്താത്തതെന്നാണ് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
സിഎഫ്‌ഐയിലേയ്ക്കാണ് ജിഎസ്ടി നഷ്ടപരിഹാരം നല്‍കാന്‍ പിരിക്കുന്ന നികുതി ആദ്യം എത്തുന്നത്. സിഎഫ്‌സിയില്‍ നിന്നും നികുതി വകുപ്പാണ് തുക കോമ്പന്‍സേഷന്‍ അക്കൗണ്ടിലേക്ക് മാറ്റണം. ഇങ്ങനെ മാറ്റുന്ന തുക സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരമായി ലഭിക്കും. എന്നാല്‍ ഇതിന് തയ്യാറാവതെ സിഎഫ്‌ഐയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ തുക വകമാറ്റിയെന്നാണ് സിഎജി കണ്ടെത്തല്‍. ജിഎസ്ടി കോമ്പന്‍സേഷന്‍ സെസ് ആക്ട് 2017 ന്റെ ലംഘനമാണ് ഇത്.
റഫാല്‍ ഇടപാടിലെ ഓഫ്‌സൈറ്റ് കരാറുകള്‍ പാലിക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടിയ സിഎജി ഇന്ത്യന്‍ വ്യോമസേനയുടെ നവീകരണ പദ്ധതി ലക്ഷ്യം കണ്ടില്ലെന്നും വ്യക്യമാക്കിയിരുന്നു. വ്യോമസേനയുടെ എംഐ17 (യുഎവി അണ്‍മാന്‍ഡ് ഏരോ വെഹിക്കള്‍) ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി എഞ്ചിനുകള്‍ വാങ്ങിയതില്‍ ക്രമക്കേടുകള്‍ നടന്നുവെന്നാണ് സിഎജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യക്കു കൈമാറുമ്പോള്‍, കരാറിന്റെ ഭാഗമായുള്ള ചില നിബന്ധനകള്‍ നിര്‍മാതാക്കളായ ദസോ ഏവിയേഷന്‍ പാലിച്ചില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം. റഫാലിന് മിസൈല്‍ സംവിധാനം നല്‍കുന്ന യൂറോപ്യന്‍ കമ്പനിയായ എബിഡിഎയും ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ടെന്നും റിപ്പോട്ടിലുണ്ട്. അതേസമയം, സിഎജി റിപ്പോര്‍ട്ട് ആയുധമാക്കി കേന്ദ്രത്തിനെതിരെ വലിയ വിമര്‍ശനമാണ് പ്രതിപക്ഷം നടത്തുന്നത്.