കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായ തദ്ദേശ തിരഞ്ഞെടുപ്പില്‍ പി.ജെ ജോസഫ് വിലപേശല്‍ തുടങ്ങി. കഴിഞ്ഞ തവണ യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് മത്സരിച്ച 15 നിയമസഭാ സീറ്റുകളിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 867 വാര്‍ഡുകളിലും ജോസ് വിഭാഗത്തിന്റെ സീറ്റുകള്‍ ഏറ്റെടുക്കാനായിരുന്നു കോണ്‍ഗ്രസിന്റെ ആലോചന. ജോസിന്റെ അഭാവത്തില്‍ പല സീറ്റുകളിലും കോണ്‍ഗ്രസിന് അനുകൂലമാണ് സാഹചര്യം എന്ന വിലയിരുത്തല്‍ പാര്ട്ടിയില്ഉണ്ട്.
എന്നാല്‍ കഴിഞ്ഞതവണ മത്സരിച്ച മുഴുവന്‍ സീറ്റുകളും തങ്ങള്‍ക്ക് ഇക്കുറിയും വേണമെന്നാണ് പി.ജെ ജോസഫ് പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പഴയ മാണി വിഭാഗം 10 ഇടത്ത് മത്സരിച്ചപ്പോള്‍ 4 സീറ്റുകളിലായിരുന്നു ജോസഫ് പക്ഷ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നത്.
പാലാ, ചങ്ങനാശേരി, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഇടുക്കി, തിരുവല്ല, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറപ്പ്, ആലത്തൂര്‍ സീറ്റുകളില്‍ മാണി വിഭാഗമാണ് മത്സരിച്ചത്. തൊടുപുഴ, കോതമംഗലം, കടുത്തുരുത്തി, കുട്ടനാട് സീറ്റുകളില്‍ ജോസഫ് വിഭാഗവും മത്സരിച്ചു.
അതേസമയം വരും തിരഞ്ഞെടുപ്പില്‍ ഈ മുഴുവന്‍ സീറ്റുകളിലും തങ്ങള്‍ തന്നെ മത്സരിക്കുമെന്നാണ് പിജെ ജോസഫ് പ്രഖ്യാപിച്ചിരിക്കുന്നത്. സീറ്റ് വെച്ച് മാറാനാണെങ്കില്‍ അതിന് തയ്യാറാണ്, എന്നാല്‍ അല്ലാതെയുള്ള ഒരു ഉപാധിയും അംഗീകരിക്കില്ലെന്നാണ് പിജെ ജോസഫ് പറയുന്നത്.
ജോസഫിന്റെ ആവശ്യം അംഗീകിച്ചാല്‍ ഇക്കുറി നിര്‍ണായക പോരാട്ടത്തിനൊരുങ്ങുന്ന പാലാ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ ജോസഫ് വിഭാഗത്തിന് വിട്ട് നല്‍കേണ്ടി വരും. പാലാ മാത്രമല്ല ജോസ് വിഭാഗം മത്സരിച്ച പല സീറ്റുകളും ഇക്കുറി കോണ്‍ഗ്രസിന് അഭിമാന പ്രശ്നമാണ്.
പാലായില്‍ ഇക്കുറിഎല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇത്തവണ ജോസ് എത്തിയാല്‍ പോരാട്ടം കനക്കും. ജോസിനെ നേരിടാന്‍ ജോസഫ് പക്ഷത്ത് നേതാക്കള്‍ ഇല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഇതുള്‍പ്പെടെ പല മണ്ഡലങ്ങളിലും തദ്ദേശ തിരഞ്ഞെടുപ്പിലും പിജെ ജോസഫ് വിഭാഗത്തില്‍ മികച്ച നേതാക്കള്‍ ഇല്ലെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്.
അതുകൊമ്ട് തന്നെ ജോസഫിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. പരമാവധി ആറ് നിയമസഭ സീറ്റ് വരെ ജോസഫ് വിഭാഗത്തിന് നല്‍കാമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അതേസമയം 15 എന്ന ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും പത്ത് സീറ്റുകള്‍ ലഭിച്ചാല്‍ പിജെ ജോസഫ് വിഭാഗം തൃപ്തരാകും എന്ന് കോണ്‍ഗ്രസ് കരുതുന്നു.
അതേസമയം കോട്ടയം, എറണാകുളം, ഇടുക്കി , പത്തംതിട്ട എന്നിവിടങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ കാര്യത്തിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.ഈ സാഹചര്യത്തില്‍ ഇന്ന് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് ഇന്ന് പിജെ ജോസഫ് വിഭാഗവുമായി ചര്‍ച്ച നടക്കും.
ജോസ് വിഭാഗം മത്സരിച്ച സീറ്റുകളില്‍ ഇതിനോടകം തന്നെ പല കോണ്‍ഗ്രസ് നേതാക്കളും ചരടുവലികള്‍ തുടങ്ങിയിട്ടുണ്ട് .വിജയ സാധ്യത മാത്രം മുന്‍നിര്‍ത്തിയാകും യുഡിഎഫിന്റെ ഓരോ നീക്കങ്ങളും. ഉമ്മന്‍ചാണ്ടി നയിക്കുന്ന ചര്‍ച്ചയില്‍ ജോസഫ് വഴങ്ങിയില്ലേങ്കില്‍ തിരഞ്ഞെടുപ്പ് അടുക്കവേ യുഡിഎഫിനുള്ളില്‍ പുതിയ തലവേദനകള്‍ രൂക്ഷമാകും.