ഇടുക്കി: നാല് പതിറ്റാണ്ട് പിജെ ജോസഫിനൊപ്പം ഉറച്ച് നിന്ന് തൊടുപുഴയില്‍ ഇക്കുറി ജോസഫും യുഡിഎഫും കനത്ത തിരിച്ചടിയായിരുന്നു നേരിട്ടത്.35 അംഗ തൊടുപുഴ മുന്‍സിപ്പല്‍ കൗണ്‍സിലില്‍ യുഡിഎഫ് 13, എല്‍ഡിഎഫ് 12, ബിജെപി 8, കോണ്‍ഗ്രസ് വിമതര്‍ 2 എന്നിങ്ങനെയായിരുന്നു. അതേസമയം വിമതയുടെ പിന്തുണ ഉറപ്പാക്കിയതോടെ യുഡിഎഫ് തന്നെ അധികാരം ഉറപ്പിച്ചിരിക്കുകയാണ് ഇവിടെ.എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച തിരുമാനം യുഡിഎഫിന് തലവേദന ആയിരിക്കുന്നത്.

വിമത നിസ സക്കീര്‍ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് തൊടുപുഴയില്‍യുഡിഎഫിന് ഭരണം ലഭിച്ചിരിക്കുന്നത്.ഇതോടെ നഗരസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ യുഡിഎഫിന് 14 സീറ്റുകളായി.എന്നാല്‍ കൂടുതല്‍ കൗണ്‍സിലര്‍മാര്‍ ഉള്ള കക്ഷികള്‍ക്ക് ആദ്യം ചെയര്‍മാന്‍ പദം നല്‍കണമെന്ന കീഴ്വഴക്കം പാലിക്കാപെടാതിരുന്നതോടെയാണ് മുന്നണിയില്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.

യുഡിഎഫില്‍ ആറ് സീറ്റുള്ള മുസ്ലീം ലീഗാണ് ഏറ്റവും വലിയ ഒറ്റകക്ഷി. അതുകൊണ്ട് തന്നെ ലീഗിനാണ് ചെയര്‍മാന്‍ സ്ഥാനം ലഭിക്കേണ്ടത്.കോണ്‍ഗ്രസിന് അഞ്ച് സീറ്റും ഇവിടെയുണ്ട്.എന്നാല്‍ ഇതെല്ലാം തള്ളി ജോസഫ് വിഭാഗത്തിനാണ് നേതൃത്വം ചെയര്‍മാന്‍ സ്ഥാനം നല്‍കയിരിക്കുന്നത്. അഡ്വക്കേറ്റ് ജോസഫ് ജോണിനാണ് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചത്. ആദ്യ ഒരു വര്‍ഷമാണ് ജോസഫ് ജോണിന് ചെയര്‍മാന്‍ സ്ഥാനം നല്‍കിയത്. എന്നാല്‍ യുഡിഎഫിലെ ഏറ്റവും ഭൂരിപക്ഷം കുറഞ്ഞ കക്ഷിക്ക് ചെയര്‍മാന്‍ സ്ഥാനം നല്‍കിയതാണ് മുസ്ലീം ലീഗിനേയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളേയും ചൊടിപ്പിച്ചിരിക്കുന്നത്.
രണ്ട് സീറ്റുകളില്‍ മാത്രമാണ് ഇത്തവണ ജോസഫ് വിഭാഗത്തിന് ജയിക്കാന്‍ ആയത്. 7 സീറ്റുകളിലായിരുന്നു ജോസഫ് വിഭാഗം മത്സരിച്ചിരുന്നത്.. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം ആദ്യ ടേമില്‍ തങ്ങള്‍ക്ക് തന്നെ വേണമെന്ന ആവശ്യമുയര്‍ത്തി പിജെ ജോസഫ് വിഭാഗം രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് തര്‍ക്കം രൂക്ഷമായി. പരിഹാരത്തിനായി യുഡിഎഫ് പാര്‍ലമെന്ററി യോഗം ചേര്‍ന്നെങ്കിലും ചര്‍ച്ചകള് വഴിമുട്ടി. ഒടുവില്‍ സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പ്രശ്‌ന പരിഹാരം നടത്തിയത്.എന്നാല്‍ ലീഗും കോണ്‍ഗ്രസും ഇടഞ്ഞ് തന്നെ തുടരുകയാണ്.
ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ ആദ്യ രണ്ട് വര്‍ഷം ചെയര്‍മാന്‍ സ്ഥാനം വേണമെന്നായിരുന്നു മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസും ആദ്യ രണ്ട് വര്‍ഷത്തിനായി ചരടുവലി നടത്തിയിരുന്നു. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഉള്ള കക്ഷികളെ തഴഞ്ഞ് ജോസഫിന് മുന്നില്‍ നേതൃത്വം മുട്ടുമടക്കിയത് എന്തിനാണെന്നതാണ് ഇരുപാര്‍ട്ടികളേയും അമ്പരപ്പിക്കുന്നത്. അതേസമയം നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തൊടുപുഴയില്‍ ആധിപത്യം ഉറപ്പിക്കാനായില്ലേങ്കില്‍ അത് തിരഞ്ഞെടുപ്പില്‍ കനത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ഇത്തരമൊരു നീക്കം നേതൃത്വം കൈക്കൊണ്ടതെന്നാണ് സൂചന. പ്രത്യേകിച്ച് ജോസഫിന്റെ തട്ടകമായ ഇടുക്കിയിലെ പലയിടങ്ങളിലും എല്‍ഡിഎഫ് വലിയ മുന്നേറ്റം കാഴ്ച വെച്ച സാഹച്യത്തില്‍.
തഴഞ്ഞാല്‍ മുന്നണി വിടുന്നത് ഉള്‍പ്പെടെയുള്ള ഭീഷണികള്‍ ജോസഫ് വിഭാഗം മുഴക്കുമെന്ന ആശങ്ക യുഡിഎഫ് നേതൃത്വത്തിനുണ്ട്.അവഗണനയെ ചൊല്ലി കണ്ണൂരില്‍ ജോസഫ് വിഭാഗം അത്തരമൊരു മുന്നറിപ്പ് കൂടി ഉയര്‍ത്തിയിരിക്കുകയാണ്. കടുത്ത തിരുമാനത്തിലേക്ക് നീങ്ങിയാല്‍ യുഡിഎഫിന് പലയിടത്തും ഭരണം നഷ്ടമാകും. അതേസമയം യുഡിഎഫില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ പല അട്ടിമറികളും ഉണഅടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എല്‍ഡിഎഫ് ഭരണത്തിനായുള്ള ചരടുവലികള്‍ നീക്കിത്തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.