കോട്ടയം: ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലെത്തുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സിപിഎം ചില വിട്ടുവീഴ്ചകള്‍ക്ക് ഒരുങ്ങുന്നു. മൂന്ന് സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെടെ ജോസ് കെ മാണി വിഭാഗത്തിന് കൈമാറിയേക്കും. മൊത്തം 13 സീറ്റുകള്‍ കൈമാറുമെന്നാണ് സൂചന. തങ്ങള്‍ക്ക് ആവശ്യമുള്ള സീറ്റുകളുടെ പട്ടിക ജോസ് കെ മാണി വിഭാഗം സിപിഎം നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവ വേര്‍ത്തിരിച്ചാണ് നല്‍കിയിരിക്കുന്നത്. ജോസ് കെ മാണിയെ ചാക്കിടാന്‍ തയ്യാറായി ബിജെപിയും രംഗത്തുണ്ട്. ഇക്കാര്യത്തില്‍ വ്യക്തമായ വിവരം ലഭിച്ച പശ്ചാത്തലത്തിലാണ് സിപിഎം നീക്കം വേഗത്തിലാക്കിയത്. 13 സീറ്റുകള്‍ വിട്ടുകൊടുക്കാനാണ് ധാരണ.

ജോസ് കെ മാണി ഇടതുമുന്നണിയിലെത്തുമെന്ന് വ്യക്തമായിരിക്കുകയാണ്. അടുത്ത ബുധനാഴ്ചക്കകം സുപ്രധാന പ്രഖ്യാപനമുണ്ടാകും. എന്നാല്‍ സീറ്റുകളുടെ കാര്യത്തില്‍ ധാരണയില്‍ എത്തിയിട്ടില്ലെങ്കില്‍ ജോസ് കെ മാണി നിലപാട് മാറ്റിയേക്കും. ഈ അവസരത്തിനാണ് ബിജെപി കാത്തിരിക്കുന്നത്. ജോസ് കെ മാണി ബിജെപിക്കൊപ്പം പോകുമെന്നാണ് പിജെ ജോസഫിന്റെ ആരോപണം. ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് പോകില്ല എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പറഞ്ഞു. ഇതോടെയാണ് സിപിഎം സഖ്യനീക്കം വേഗത്തിലാക്കിയിരിക്കുന്നത്.

13 സീറ്റുകള്‍ ജോസ് കെ മാണി വിഭാഗത്തിന് നല്‍കാമെന്നാണ് സിപിഎം വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ മൂന്ന് സിറ്റിങ് സീറ്റുകളും സിപിഎം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോസ് കെ മാണിയെ മുന്നണിയിലെടുക്കുകയാണെങ്കില്‍ സിപിഎം തന്നെ സഹിക്കേണ്ടി വരുമെന്നും തങ്ങളുടെ സീറ്റുകള്‍ കൈമാറില്ലെന്നും സിപിഐ വ്യക്തമാക്കിയിട്ടുണ്ട്. ജോസ് കെ മാണി എന്‍ഡിഎയിലേക്ക് പോകാനുള്ള സാധ്യതയും സിപിഎം തള്ളിക്കളയുന്നില്ല. ജോസ് കെ മാണി ബിജെപി സഖ്യത്തിലെത്തിയാല്‍ ബിജെപിക്ക് വന്‍ മുന്നേറ്റം കേരള രാഷ്ട്രീയത്തിലുണ്ടാകും. ഇക്കാര്യം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സിപിഎം വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ജോസ് കെ മാണിയെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നത്.
15 നിയമസഭാ സീറ്റുകള്‍ വേണമെന്നാണ് ജോസ് കെ മാണി വിഭാഗം സിപിഎമ്മിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ 13 സീറ്റുകള്‍ അനുവദിക്കാമെന്ന് സിപിഎം വ്യക്തമാക്കുന്നു. റാന്നി, ചാലക്കുടി, പേരാമ്പ്ര എന്നീ സിറ്റിങ് സീറ്റുകളും സിപിഎം ജോസ് കെ മാണിക്ക് വിട്ടുകൊടുക്കുമെന്നാണ് വിവരം. എന്നാല്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ സീറ്റ് വേണമെന്ന് ജോസ് ആവശ്യപ്പെടുന്നു. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാല, പൂഞ്ഞാര്‍, പിറവം, പുതുപ്പള്ളി, പെരുമ്പാവൂര്‍, തൊടുപുഴ, ഇടുക്കി, ഇരിക്കൂര്‍ എന്നിവയാണ് സിപിഎം ജോസ് കെ മാണിക്ക് കൈമാറുക. വിട്ടുകൊടുക്കാന്‍ ഏകദേശ ധാരണയായ സീറ്റുകളാണിത്. ചര്‍ച്ചകള്‍ നടക്കുകയാണ്. തീരുമാനമായാല്‍ അടുത്ത ബുധനാഴ്ചക്കകം ജോസ് കെ മാണി ഇടതുമുന്നണിയുടെ ഭാഗമാകും.
അതേസമയം, പാലാ മണ്ഡലം ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി വ്യക്തമാക്കി. പാലാ ജോസ് കെ മാണിക്ക് വിട്ടുകൊടുത്താല്‍ എന്‍സിപി മുന്നണി വിടാനുള്ള സാധ്യതയും ഏറെയാണ്. എന്നാല്‍ ജോസ് കെ മാണി വിഭാഗം മല്‍സരിച്ചാല്‍ ജയം ഉറപ്പാണ് എന്ന നിഗമനത്തിലാണ് സിപിഎം. പകരം എന്‍സിപിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്യാമെന്നും സിപിഎം കരുതുന്നു. രാജ്യസഭാ സീറ്റ് വേണ്ട എന്ന് എന്‍സിപി പറയുന്നു. പാലാ മണ്ഡലത്തിന് പുറമെ കാഞ്ഞിരപ്പള്ളി മണ്ഡലവും വിവാദത്തിലാണ്. സിപിഎം മുന്‍കൈയ്യെടുത്താണ് ജോസ് കെ മാണിയെ എല്‍ഡിഎഫിലെടുക്കുന്നത്. അതുകൊണ്ട് അവര്‍ക്ക് നല്‍കുന്ന സീറ്റിന്റെ കാര്യത്തില്‍ സിപിഎം തന്നെ സഹിക്കണം എന്നാണ് സിപിഐ നിലപാട്. തങ്ങളുടെ ഒരു സീറ്റും വിട്ടുകൊടുക്കില്ലെന്ന് സിപിഐ വ്യക്തമാക്കി.
എല്ലാം അടുത്ത ബുധനാഴ്ചക്കകം അറിയാമെന്ന് ജോസ് കെ മാണി വ്യക്തമാക്കി. സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. കേരള രാഷ്ട്രീയം കേരള കോണ്‍ഗ്രസിലൂടെ എന്ന ചിത്രം തെളിയുമെന്നും ജോസ് കെ മാണി പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തെ പരിഗണിച്ചുള്ള മണ്ഡല ചിത്രം നല്‍കാന്‍ സിപിഎം ജില്ലാ കമ്മിറ്റികളോട് ആവശ്യപ്പെട്ടിരുന്നു. ദിശാ ബോധമില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പുവള്ളമാണ് ജോസ് കെ മാണി വിഭാഗമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് പ്രതികരിച്ചു. ഇടതുമുന്നണി അവരെ എടുക്കുമോ. മറ്റേതെങ്കിലും സഖ്യത്തില്‍ പോകുമോ, അല്ലെങ്കില്‍ മുങ്ങിത്താഴുമോ എന്ന കാര്യങ്ങള്‍ വ്യക്തമല്ലെന്നും പിജെ ജോസഫ് മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.
വെള്ളിയാഴ്ചയായിരുന്നു കേരള കോണ്‍ഗ്രസ് സ്ഥാപക ദിനം. അന്ന് പ്രഖ്യാപനമുണ്ടാകുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. സീറ്റുകളുടെ കാര്യത്തില്‍ ധാരണയാകാത്ത സാഹചര്യത്തില്‍ പ്രഖ്യാപനം നീട്ടി.കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് പിജെ ജോസഫ് ശ്രമിക്കുന്നത്. പാര്‍ട്ടിയെ വഞ്ചിച്ച ഒറ്റുകാരനാണ് ജോസഫ് എന്നും ജോസ് കെ മാണി പറഞ്ഞു.