കോട്ടയം: യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് എന്ന ജോസ് കെ മാണിയുടെ അവകാശവാദത്തെ തള്ളാന്‍ പി.ജെ ജോസഫിന് അവസരമൊരുങ്ങുന്നു. ഇപ്പോള്‍ എന്‍.ഡി.എ മുന്നണിയിലുള്ള പി.സി തോമസിന്റെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ ലയിച്ചേക്കും. അതോടെ ജോസിനെ വെല്ലുന്ന ശക്തിയാകാന്‍ ജോസഫിന് ആകും എന്നത് മാത്രമല്ല, കേരള കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ അവകാശം തങ്ങള്‍ക്കാണെന്ന് സ്ഥാപിക്കാനും ആകും.
പി.സി തോമസിന്റെ കേരള കോണ്‍ഗ്രസ്, എന്‍.ഡി.എ വിട്ട് യു.ഡി.എഫില്‍ ചേരാന്‍ തയ്യാറായിരിക്കുകയാണ്. എന്നാല്‍ ഘടകക്ഷിയെന്ന് നിലയില്‍ എടുക്കാന്‍ സാധ്യമല്ല എന്നതാണ് കോണ്‍ഗ്രസിന്റേയും യു.ഡി.എഫിന്റേയും നിലപാട്. ഇതോടെയാണ് പുതിയ സാധ്യത ആരാഞ്ഞത്. പി.സി തോമസിന്റെ കേരള കോണ്‍ഗ്രസ്, പി.ജെ ജോസഫ് വിഭാഗത്തില്‍ ലയിക്കാന്‍ ഏറെക്കുറേ ധാരണയായിക്കഴിഞ്ഞു എന്നാണ് വാര്‍ത്തകള്‍. ഇത്തരമൊരു ലയനത്തില്‍ പി.ജെ ജോസഫിന് വലിയ താത്പര്യമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സഭാനേതൃത്വത്തിന്റേയും യു.ഡി.എഫിന്റേയും സമ്മര്‍ദ്ദത്തിന് ജോസഫ് വഴങ്ങിയതായാണ് സൂചനകള്‍.
കോണ്‍ഗ്രസിന്റെ സമുന്നത നേതാവായിരുന്നു പി.ടി ചാക്കോ. അദ്ദേഹത്തിന്റെ മകനാണ് പി.സി തോമസ്. കേരള കോണ്‍ഗ്രസിന്റെ രൂപീകരണത്തിന് തന്നെ വഴിവച്ചത് പി.ടി ചാക്കോയുടെ മരണം ആയിരുന്നു. അതുകൊണ്ട് തന്നെ പി.സി തോമസ് എത്തുമ്പോള്‍ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് തങ്ങളാണെന്ന വാദം ജോസഫ് വിഭാഗത്തിന് ഉന്നയിക്കാം. കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനായിരുന്നു കെ.എം ജോര്‍ജ്ജ്. പി.ടി ചാക്കോയുടെ മരണത്തെ തുടര്‍ന്ന് ആര് ശങ്കറിന്റെ സര്‍ക്കാരിനെ താഴെയിറക്കിയാണ് കെ.എം ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ് സ്ഥാപിക്കുന്നത്. ജോര്‍ജ്ജിന്റെ മകനായ ഫ്രാന്‍സിസ് ജോര്‍ജ്ജും ഇപ്പോള്‍ പി.ജെ ജോസഫിന്റെ ഗ്രൂപ്പിലാണ്.
ജോസ് കെ മാണി മുന്നണി വിട്ടതോടെ ജോസഫ് ഗ്രൂപ്പിന്റെ സീറ്റുകളില്‍ ചിലത് കോണ്‍ഗ്രസും മറ്റ് ഘടകക്ഷികളും സ്വന്തമാക്കിയേക്കും എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പി.സി തോമസ് കൂടി ജോസഫ് പക്ഷത്തേക്ക് വന്നാല്‍ സീറ്റുകള്‍ വിട്ടുനല്‍കേണ്ടി വരില്ല എന്ന ആശ്വാസവും ജോസഫ് ഗ്രൂപ്പിനുണ്ടാകും. ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് പോയത് യുഡിഎഫിനെ ഏറ്റവും അധികം ബാധിക്കുക തദ്ദേശ തിരഞ്ഞെടുപ്പില്‍ ആയിരിക്കും. ഈ പ്രശ്നം മറികടക്കാന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റേയും പിസി തോമസിന്റേയും വരവോടെ സാധിക്കും എന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. അതുകൊണ്ട് തന്നെയാണ് പിസി തോമസ് വിഭാഗം ജോസഫ് ഗ്രൂപ്പില്‍ ലയിക്കുന്നതാണ് ഉചിതം എന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുന്നതും.
ഫ്രാന്‍സിസ് ജോര്‍ജ്ജിനെ കൂടാതെ പി.സി തോമസ് കൂടി എത്തിയാല്‍ ജോസഫ് പക്ഷം കൂടുതല്‍ ശക്തമാകും എന്ന് ഉറപ്പാണ്. എന്നാല്‍ അത് ജോസ് കെ മാണിയെ തളര്‍ത്താന്‍ ഉതകുമോ എന്നാണ് ചോദ്യം. എല്‍ഡിഎഫ് പിന്തുണയോടെ നില്ക്കുമ്പോള് ജോസ് കെ മാണിയ്ക്ക് കിട്ടുന്ന വോട്ടുകള്‍ ജോസഫ് ഗ്രൂപ്പിനെ വെല്ലാന്‍ പര്യാപ്തമാകുമോ എന്നും കാത്തിരുന്ന് കാണേണ്ടി വരും. പി.ജെ ജോസഫ് വിഭാഗത്തില്‍ ലയിക്കുന്ന കാര്യത്തില്‍ പി.സി തോമസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇത്തരമൊരു വാര്‍ത്തയെ നിരാകരിച്ചിട്ടും ഇല്ല. ശനിയാഴ്ച നടക്കുന്ന ജോസഫ് ഗ്രൂപ്പ് ഹൈപ്പവര്‍ കമ്മിറ്റിയുടെ അജണ്ടയില്‍ പി.സി ജോസഫ് ലയന വിഷയം ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം.