കോട്ടയം: ഡിസംബറില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് യുഡിഎഫിനെ സംബന്ധിച്ച് വലിയ പരീക്ഷണമാണ്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി വിട്ട് പോയത് എങ്ങനെ ബാധിക്കും എന്നതിന്റെ ഫലം ഈ തിരഞ്ഞെടുപ്പിലറിയാം. കോട്ടയം ജില്ലയാണ് കേരള കോണ്‍ഗ്രസിന്റെ പ്രധാന തട്ടകം. ജോസ് കെ മാണിയെ വീഴ്ത്താന്‍ പിജെ ജോസഫും കോണ്‍ഗ്രസും കോട്ടയത്ത് കച്ച മുറുക്കുകയാണ്. കോട്ടയത്ത് ഇരുപാര്‍ട്ടികളും തമ്മില്‍ സീറ്റ് ധാരണയില്‍ എത്തിയിട്ടുണ്ട്.

കേരള കോണ്‍ഗ്രസിന് മധ്യകേരളത്തിലാണ് സ്വാധീനം കൂടുതല്‍. അതില്‍ തന്നെ കോട്ടയത്തും പത്തനംതിട്ടയിലുമാണ് കേരള കോണ്‍ഗ്രസിന് വലിയ വോട്ട് ബാങ്കുളളത്. ജോസ് കെ മാണി പോയത് ഈ വോട്ട് ബാങ്കിനെ പിളര്‍ന്നേക്കും. ആര്‍ക്ക് ഗുണം ലഭിക്കും എന്നത് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ അറിയാനാവൂം. ജോസ് പോയത് ബാധിക്കില്ലെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് ഒട്ടാകെ തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമാണെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ജോസ് കെ മാണി പോയതോടെ കേരള കോണ്‍ഗ്രസ് എം മത്സരിച്ച എല്ലാ സീറ്റുകളും വേണമെന്ന് പിജെ ജോസഫ് വിഭാഗം നിലപാടെടുത്തിരുന്നു. 11 സീറ്റുകളില്‍ ആയിരുന്നു ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചത്.
ഈ മുഴുവന്‍ സീറ്റുകളും തങ്ങള്‍ക്ക് വേണമെന്നാണ് പിജെ ജോസഫ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച സീറ്റുകള്‍ തരാമെന്ന് കോണ്‍ഗ്രസും നിലപാടെടുത്തു. ഇതോടെ സീറ്റ് തര്‍ക്കത്തില്‍ തട്ടി തീരുമാനം വൈകുന്ന സ്ഥിതി ഉടലെടുത്തു.
കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് ജയിച്ചിരുന്നത് ആറ് സീറ്റുകളില്‍ ആയിരുന്നു. ഇവ നല്‍കാം എന്നായിരുന്നു കോണ്‍ഗ്രസ് മുന്നോട്ട് വെച്ച നിര്‍ദേശം. എന്നാല്‍ ഇത് പിജെ ജോസഫ് അംഗീകരിച്ചില്ല. 11ല്‍ നിന്ന് 10 സീറ്റുകള്‍ എന്ന ആവശ്യത്തില്‍ ആവശ്യത്തിലേക്ക് പിജെ ജോസഫ് വിഭാഗം താണു. നിലവിലുളള അവസ്ഥ തുടരുക എന്നതാണ് സംസ്ഥാന നയമെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്.
ജില്ലാ പഞ്ചായത്തില്‍ മുസ്ലീം ലീഗും സീറ്റിന് വേണ്ടി അവകാശവാദം ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ലീഗിന് സീറ്റുണ്ടായിരുന്നില്ല. ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടതോടെയുണ്ടായ ഒഴിവുകളിലേക്കാണ് ലീഗ് കണ്ണ് വെച്ചത്. എരുമേലി ഡിവിഷന്‍ തങ്ങള്‍ക്ക് വേണമെന്നായിരുന്നു ലീഗ് മുന്നണിയില്‍ ഉന്നയിച്ച ആവശ്യം.
ചര്‍ച്ചകള്‍ക്കൊടുവില്‍ കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസും ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസും തമ്മില്‍ സീറ്റ് ധാരണയില്‍ എത്തിയിരിക്കുകയാണ്. ജോസഫ് വിഭാഗത്തിന് 11 സീറ്റുകള്‍ ലഭിക്കില്ല. 9 സീറ്റുകള്‍ ജില്ലാ പഞ്ചായത്തില്‍ ജോസഫ് വിഭാഗത്തിന് നല്‍കാനാണ് ഒടുവില്‍ ധാരണയായിരിക്കുന്നത്. ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുറുകുകയാണ്.
കോട്ടയത്ത് യുഡിഎഫിന്റെ നേതൃയോഗം കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ യുഡിഎഫ് ചിട്ടയായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നുണ്ട് എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരഞ്ഞെടുപ്പിന് അധികം ദിവസമില്ലാത്തതിനാല്‍ ശക്തമായ പ്രവര്‍ത്തനം നടത്തണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.