തിരുവനന്തപുരം: ജോസ് കെ മാണി നയിക്കുന്ന കേരളാ കോണ്‍ഗ്രസ് എം വിഭാഗം പാര്‍ട്ടി എല്‍.ഡി.എഫിന്റെ ഔദ്യോഗിക ഘടകക്ഷിയായെങ്കിലും അണികളുടെ കൊഴിഞ്ഞു പോക്ക് ഇപ്പോഴും തുടരുകയാണ്. എല്‍.ഡി.എഫിലേക്ക് പോവാനുള്ള ജോസ് കെ മാണിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇടുക്കി കാഞ്ചിയാര്‍ പഞ്ചായത്തിലെ മുന്നൂറോളം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു.
എ.ഐ.സി.സി അംഗം ഇ.എം അഗസ്തി, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹീംകുട്ടി കല്ലാര്‍ എന്നിവര്‍ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്കി. രാജിക്കത്ത് മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഇടുക്കി താലൂക്ക് കാര്‍ഷിക വികസന ബാങ്ക് ഡയറക്ടറുമായ ഷിജി സിബി, കേരള കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്സെബാസ്റ്റിയന് മറ്റമുണ്ട, യൂത്ത് ഫ്രണ്ട് സെക്രട്ടറി ഷില്റ്റ് ആന്റണി, സിബിച്ചന് പാറക്കല്‍, സുഹൈബ് മുള്ളന്‍കുഴി തുടങ്ങിയവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. സ്വീകരണത്തിന് പിന്നാലെ പഞ്ചായത്ത് ഓഫിസില്‍ എത്തി സിബി പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു.
കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായ ജോര്‍ജ്കുട്ടി ഇരുമ്പുകുഴി ജോസഫ് ഗ്രൂപ്പിലേക്കാണ് മാറിയത്. 27 വര്‍ഷമായി കേരള കോണ്‍ഗ്രസ് എം വൈപ്പിന്‍ നിയോജകമണ്ഡലം പ്രസിഡന്റും ഞാറക്കല്‍ പഞ്ചായത്ത് മെമ്പറും ആയ സാജു മേനാച്ചേരിയും ഞാറക്കല്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആന്റണി ഔവയുടെയും നേതൃത്വത്തില്‍ ജോസ് കെ മാണി വിഭാഗത്തില്‍ നിന്നും രാജിവെച്ച് പി.ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസിലേക്ക് കൂടുമാറി.
പുതുതായി വന്നവരെ വര്‍ക്കിംഗ് ചെയര്മാന് ജോസഫ് ഷാളണിയിച്ച് സ്വീകരിച്ചു. ജോസ് ഗ്രൂപ്പ് വിഭാഗം നേതാവയ ഷൈജി ഓട്ടപ്പള്ളിയും ജോസ് ഗ്രൂപ്പില്‍ നിന്ന് രാജി വെച്ച് പി.ജെ ജോസഫിനൊപ്പം ചേര്‍ന്നു. തറവാട് തള്ളിപ്പറഞ്ഞു കൊണ്ട് മറുകണ്ടം ചാടുന്ന ഈ നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ട് യു.ഡി.എഫ് മുന്നണിക്കൊപ്പം കേരളാ കോണ്‍ഗ്രസ്സിന്റെ തലമുതിര്‍ന്ന നേതാവും കേരളത്തിലെ കര്‍ഷകരുടെയും പ്രതീക്ഷയായ പി.ജെ ജോസഫ് വിഭാഗവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അസന്നിഗ്ദമായി അറിയിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഷൈജി ഓട്ടപ്പള്ളിയെ കേരളാ കോണ്‍ഗ്രസ്സ് (ജോസഫ്) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയിലേക്ക് പാര്‍ട്ടി വര്‍ക്കിങ്ങ് ചെയര്മാന് പിജെ ജോസഫ് നോമിനേറ്റ് ചെയ്തു.