കോട്ടയം: ഇടതുമുന്നണിക്കൊപ്പം പോയ ജോസ് കെ മാണി വിഭാഗത്തിന് രണ്ടാമത്തെ പ്രമുഖ നേതാവിനെയും നഷ്ടമാകുന്നു. 25 വര്‍ഷം കോട്ടയം ജില്ലാ പ്രസിഡന്റായിരുന്ന ഇ.ജെ അഗസ്തിയാണ് ജോസഫ് പക്ഷത്തേക്ക് എത്തുന്നത്. ജില്ലാ യു.ഡി.എഫ് ചെയര്‍മാനായി അഗസ്തി ചുമതലയേല്‍ക്കുമെന്നാണ് വിവരം. ജോസ് കെ മാണിക്കൊപ്പം അണികളില്ലെന്നും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസ് യുഡിഎഫിനൊപ്പമാണെന്നുമുള്ള കോണ്‍ഗ്രസ് വാദം ശരിവയ്ക്കുന്നതാണ് ഇ.ജെ അഗസ്തിയുടെ മാറ്റം.

തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും കൂടുതല്‍ നേതാക്കളെയും പ്രവര്‍ത്തകരെയും കൂടെ നിര്‍ത്താനാണ് പിജെ ജോസഫിന്റെ നീക്കങ്ങള്‍. ജോസഫ് എം പുതുശേരിയാണ് ആദ്യം ജോസ് പക്ഷത്തെ വിട്ട പ്രമുഖന്‍. ഇപ്പോള്‍ ഇ.ജെ അഗസ്തിയും ജോസിനെ കൈവിട്ടു. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ ജോസഫ് പക്ഷത്തേക്ക് എത്തുമെന്നാണ് വിവരം. കെ.എം മാണിയെ അധിക്ഷേപിച്ചവര്‍ക്കൊപ്പം നില്‍ക്കാനാകില്ല എന്നാണ് കേരള കോണ്‍ഗ്രസിലെ മിക്ക നേതാക്കളുടെയും വികാരമെന്ന് ജോസഫ് പക്ഷത്തുള്ളവര്‍ പറയുന്നു.

25 വര്‍ഷം കേരള കോണ്‍ഗ്രസിന്റെ കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു ഇ.ജെ അഗസ്തി. കെ.എം മാണിയുടെ വിശ്വസ്തനുമായിരുന്നു. 2017ലാണ് ഇദ്ദേഹം ജില്ലാ പ്രസിഡന്റ് പദവി രാജിവച്ചത്. സി.പി.എം പിന്തുണ സ്വീകരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. പക്ഷേ, കേരള കോണ്‍ഗ്രസ് വിട്ടിരുന്നില്ല. ജോസ് കെ മാണി ഇടതുമുന്നണിക്കൊപ്പം പോയതില്‍ ഇദ്ദേഹം അതൃപ്തനായിരുന്നു. പി.ജെ ജോസഫ് കഴിഞ്ഞ ദിവസം മോനിപ്പള്ളിയിലെ അഗസ്തിയുടെ വീട്ടിലെത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് അഗസ്തി ജോസ് പക്ഷം വിടാന്‍ തീരുമാനിച്ചതത്രെ. യു.ഡി.എഫില്‍ അര്‍ഹമായ പദവി നല്‍കാനാണ് ആലോചന. ജില്ലാ യു.ഡി.എഫ് ചെയര്‍മാനാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
ജോസ് കെ മാണി എല്‍.ഡി.എഫിനൊപ്പം പോകാന്‍ തീരുമാനിച്ച പ്രഖ്യാപനം നടത്തുന്ന ദിവസം ഇ.ജെ അഗസ്തിയുടെ അസാന്നിധ്യം ശ്രദ്ധേയമയിരുന്നു. ജോസിന്റെ തീരുമാനത്തോട് അഗസ്തിക്ക് യോജിപ്പില്ല എന്ന പ്രചാരണത്തിന് ഇത് വഴിവെച്ചു. ജോസിനൊപ്പമുള്ളവര്‍ അധികം വൈകാതെ യുഡിഎഫിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. ചൊവ്വാഴ്ച കോട്ടയത്ത് യു.ഡി.എഫ് യോഗം നടക്കുന്നുണ്ട്. അഗസ്തി ഈ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. യു.ഡി.എഫ് ചെയര്‍മാനായി അഗസ്തിയെ അന്ന് പ്രഖ്യാപിക്കും. ജോസ് പക്ഷത്തെ പ്രധാന നേതാക്കളെയെല്ലാം കളംമാറ്റുകയാണ് ജോസഫിന്റെ ലക്ഷ്യം. അതില്‍ അദ്ദേഹം വിജയിക്കുന്നു എന്നതാണ് കാഴ്ച.
അതേസമയം, ജോസ് പക്ഷം പ്രതിരോധ നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കൊഴിഞ്ഞുപോകുന്നവരെ പിടിച്ചുനിര്‍ത്താന്‍ വന്‍ വാഗ്ദാനങ്ങള്‍ നല്‍കാനാണ് നീക്കം. എല്‍ഡിഎഫില്‍ നിന്ന് കൂടുതല്‍ സീറ്റ് ചോദിച്ചുവാങ്ങി നേതാക്കള്‍ക്ക് നല്‍കാനാണ് ശ്രമം നടക്കുന്നത്. അത് എത്രത്തോളം വിജയിക്കുമെന്ന് വ്യക്തമല്ല. അടുത്താഴ്ച എല്‍ഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച നടക്കുന്നുണ്ട്. ജോസ് പക്ഷത്തിന് നിന്ന് കൂടുതല്‍ പേര്‍ കളംമാറുന്നതില്‍ സിപിഎമ്മിനും ആശങ്കയുണ്ട്. ജോസ് പക്ഷം ഇടതുമുന്നണിയിലെത്തിയതിന്റെ നേട്ടം മധ്യകേരളത്തിലുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഎം. എന്നാല്‍ രാഷ്ട്രീയ സാഹചര്യം മാറുന്നു എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഒരുപക്ഷേ, ഇടതുമുന്നണിയില്‍ ഇത് പുതിയ വിവാദത്തിന് തിരികൊളുത്തും.