തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇടത് മുന്നണി പ്രവേശത്തെ സ്വാഗതം ചെയ്ത് സിപിഐ. ബുധനാഴ്ച ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവാണ് ജോസ് കെ മാണിയുടെ ഇടതുപ്രവേശം എതിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്.

ജോസ് കെ മാണിയെ ഉടന്‍ എല്‍ഡിഎഫിലേക്ക് എടുക്കേണ്ടതില്ലെന്നും തദ്ദേശതിരഞ്ഞെടുപ്പില്‍ സഹകരിപ്പിച്ച ശേഷം അവരുടെ പ്രകടനം വിലയിരുത്തിയ ശേഷമാകാം മുന്നണി പ്രവേശമെന്നുള്ള അഭിപ്രായം സിപിഐ നേതൃത്വത്തില്‍ ഒരു വിഭാഗത്തിനുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന സിപിഐ എക്‌സിക്യൂട്ടീവില്‍ ജോസ് വിഭാഗത്തിന്റെ വരവിനെ എതിര്‍ക്കേണ്ടെന്ന അഭിപ്രായമാണ് ഉയര്‍ന്നു വന്നത്.

ജോസ് വിഭാഗത്തിന്റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമാണെന്ന് സിപിഐ എക്‌സിക്യൂട്ടീവ് വിലയിരുത്തി. അടുത്ത എല്‍ഡിഎഫ് യോഗം ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം ചര്‍ച്ച ചെയ്യുമ്പോള്‍ എതിര്‍ക്കേണ്ടതില്ലെന്നും ഇക്കാര്യത്തില്‍ എല്‍ഡിഎഫിന്റെ പൊതുനിലപാടിനൊപ്പം നില്‍ക്കാനും സിപിഐയില്‍ ധാരണയായിട്ടുണ്ട്. അതേ സമയം തിരഞ്ഞെടുപ്പ് സീറ്റുകള്‍ സംബന്ധിച്ച തങ്ങളുടെ ആശങ്ക അറിയിക്കാനും സിപിഐ തീരുമാനിച്ചിട്ടുണ്ട്.
ജോസ് കെ മാണിയെ തദ്ദേശ തെരഞ്ഞെടുപ്പിനായി മുന്‍പേ തന്നെ മുന്നണിയില്‍ എത്തിക്കണം എന്നാണ് സിപിഎം നിലപാട്. അതേസമയം മുന്നണി പ്രവേശനത്തിന്റെ ഭാഗമായി സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളിയും എന്‍സിപി മത്സരിക്കുന്ന പാലായും ജോസ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മുന്നണിയില്‍ ഉണ്ടാക്കുന്ന തര്‍ക്കങ്ങളാകും വരും നാളുകളില്‍ കാണുക.