രാഷ്ട്രീയ ലേഖകന്‍

കോട്ടയം: യു.ഡി.എഫില്‍ നിന്ന് പുറത്തായെങ്കിലും ഇനി എവിടേയ്‌ക്കെന്ന് ജോസ് കെ മാണി വിഭാഗം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം ഇടതുമുന്നണിയുമായി ജോസ് വിഭാഗം ചര്‍ച്ചകള്‍ നടത്തിയെന്നും തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് മുന്നണി പ്രവേശം ഉണ്ടാകും എന്നുമൊക്കെയാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് ഇടതുമുന്നണിയോടെ ജോസോ ഇതുവരെ തയ്യാറായിട്ടുമില്ല. എന്നാല്‍ ജോസിന്റെ ഇടതുപ്രവേശത്തിന് കടുംവെട്ട് നല്‍കാന്‍ തന്നെ തുനിഞ്ഞ് നില്‍ക്കുകയാണ് എന്‍സിപി. പാലാ കണ്ട് പനിക്കേണ്ടെന്നാണ് ജോസ് പക്ഷത്തോട് എന്‍.സി.പിയുടെ മുന്നറിയിപ്പ്.

ജാസ് കെ മാണിയെ ഇടതുമുന്നണിയില്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് വാര്‍ത്തകള്‍. യുഡിഎഫില്‍ നിന്ന് ജോസ് വിഭാഗത്തെ പുറത്താക്കിയ പിന്നാലെ തന്നെ ജോസിനെ എല്‍.ഡി.എഫിലെത്തിക്കാന്‍ സി.പി.എം ശ്രമങ്ങള്‍ ശക്തമാക്കിയിരുന്നു. എന്നാല്‍ സിപിഐയും എന്‍.സി.പിയുമായിരുന്നു മുന്നണി പ്രവേശത്തെ എതിര്‍ത്തത്. ഇതിനിടെ ജോസിന്റെ വരവ് സംബന്ധിച്ചുള്ള നിലപാടില്‍ സി.പി.ഐ അയഞ്ഞു. തുടര്‍ന്ന് തദ്ദേശനിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ ജോസ് വിഭാഗവും ഇടതുമുന്നണിയും അനൗദ്യോഗികമായി പൂര്‍ത്തിയാക്കിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ജോസിന്റെ ഇടതുപ്രവേശം എളുപ്പമാകാന്‍ സാധ്യത ഇല്ലെന്ന് ആവര്‍ത്തിക്കുകയാണ് എന്‍സിപി.
പാലാ സീറ്റ് മോഹിച്ച് ജോസ് എല്‍ഡിഎഫിലേക്ക് വരേണ്ടെന്നാണ് എന്‍സിപി നേതാവും പാലാ എംഎല്‍എയുമായ മാണി സി കാപ്പന്‍ വ്യക്തമാക്കിയിരിക്കുന്നത്. ജോസിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ മുതല്‍ എന്‍സിപി പാലാ സീറ്റ് ഉയര്‍ത്തി എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരുന്നു. ആരൊക്കെ വന്നാലും പാലാ സീറ്റ് വിട്ട് നല്‍കില്ലെന്നായിരുന്നു കാപ്പന്‍ വ്യക്തമാക്കിയത്. എന്നാല്‍ ‘മാണി സി. കാപ്പന് രാജ്യസഭ സീറ്റ് നല്‍കിയതിനു ശേഷം പാലാ സീറ്റ് ജോസ് കെ മാണിക്ക് കൊടുക്കാം എന്നൊരു ഫോര്‍മുലയായിരുന്നു ഇടതുമുന്നണിയില്‍ ഉയര്‍ന്നത്.രാജ്യസഭ സീറ്റെന്നൊരു സമവായത്തോടെ എന്‍സിപിക്ക് താത്പര്യമില്ലെന്ന് കാപ്പന്‍ ആവര്‍ത്തിച്ചു
തങ്ങള്‍ക്ക് രാജ്യസഭ സീറ്റ് വേണ്ട, മാത്രമല്ല മുന്നണിയില്‍ അത്തരമൊരു നിര്‍ദ്ദേശവും ഉയര്‍ന്നിട്ടില്ല. എല്‍ഡിഎഫ് ഇക്കാര്യത്തില്‍ തന്നോടോ പാര്‍ട്ടിയോടോ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും കാപ്പന്‍ വ്യക്തമാക്കി. എല്‍ഡിഎഫ് നീക്കം മുന്നില്‍ കണ്ട് കാപ്പന്‍ ദേശീയ നേതൃത്വത്തെ നേരില്‍ കണ്ടതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. എന്‍സിപിയുടെ സീറ്റാണ് കാലങ്ങളായി പാലാ. 2006 ലും 2011 ലും 2016 ലും നടന്ന തിരഞ്ഞെടുപ്പില്‍ മാണിയോട് കടുത്ത മത്സരം കാഴ്ച വെയ്ക്കാന്‍ കഴിഞ്ഞ നേതാവായിരുന്നു കാപ്പന്‍. കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ് ടോമിനെതിരെ കൂറ്റന്‍ വിജയമായിരുന്നു മണ്ഡലത്തില്‍ മാണി സി കാപ്പന്‍ നേടിയത്. 52 വര്‍ഷത്തിന് ശേഷം കിട്ടിയ മണ്ഡലമാണ്.അത് വിട്ട് കൊടുക്കാന്‍ സാധിക്കില്ലെന്നും കാപ്പന്‍ പറഞ്ഞു. പാലാ മാത്രമല്ല കുട്ടനാട് സീറ്റും എന്‍സിപിയുടേതാണെന്നും കാപ്പന്‍ വ്യക്തമാക്കി. നിലപാടറിയിക്കാന്‍ മന്ത്രിയും എന്‍സിപി നേതാവുമായ എകെ ശശീന്ദ്രനും കാപ്പനും ശരദ് പവാറിനെ സന്ദര്‍ശിച്ചതായും നേതാക്കള്‍ അറിയിച്ചു. സിറ്റിങ്ങ് സീറ്റുകള്‍ വിട്ട് നല്‍കാന്‍ ആവില്ലെന്നാണ് നേതാക്ള്‍ ആവര്‍ത്തിക്കുന്നത്. അതേസമയം പാലായെന്നത് ജോസ് കെ മാണിയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.
നഷ്ടപ്പെട്ടു പോയ പാലാ തിരിച്ച് പിടിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വന്‍ തിരിച്ച് വരന് നടത്താനാണ് ജോസ് കെ മാണിയുടെ പദ്ധതി. അത് സാധ്യമായില്ലേങ്കില്‍ ജോസിന്റെ രാഷ്ട്രീയ ജീവിതത്തിന് തന്നെ വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലുമുണ്ട്. എന്നാല്‍ സീറ്റ് നല്‍കില്ലെന്ന് കടുപ്പിക്കുകയാണ് കാപ്പന്‍. ഇനി പൂഞ്ഞാര്‍ സീറ്റ് നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചാലും അതിനും വഴുങ്ങേണ്ടതില്ലെന്ന നിലപാടിലാണ് എന്‍സിപി നേതൃത്വം. ഇതോടെ മറ്റ് സീറ്റുകളില്‍ തിരുമാനമായാലും പാലായും കുട്ടനാടും ഇടതുമുന്നണിക്ക് വലിയ തലവേദനയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.