
സോളാര്‍ പീഡനക്കേസില്‍ താന്‍ പരാതി നല്‍കിയ എല്ലാവര്‍ക്കുമെതിരെ അന്വേഷണം വേണമെന്ന് പരാതിക്കാരിയായ സോളാര്‍ സംരംഭക. പരാതിയില്‍ താന്‍ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും എപി അബ്ദുള്ളകുട്ടി ബിജെപിയില്‍ പോയതും ജോസ് കെ മാണി എല്‍ഡിഎഫില്‍ പോയതും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് പരാതിക്കാരി പറഞ്ഞു.‘‘ഞാന്‍ ആര്‍ക്കെതിരെയെല്ലാം പരാതി കൊടുത്തിട്ടുണ്ടോ, ആ പരാതികളില്‍ പറയുന്ന എല്ലാവരെയും സിബിഐയ്ക്ക് മുന്നില്‍കൊണ്ടുവരണമെന്നാണ് ആഗ്രഹിക്കുന്നത്. അതില്‍ നിന്ന് ഞാന്‍ മാറി സംസാരിച്ചിട്ടില്ല. ഞാന്‍ ഇതില്‍ പാര്‍ട്ടി നോക്കുന്നില്ല. എപി അബ്ദുള്ളകുട്ടി ബിജെപിയില്‍ പോയോ ജോസ് കെ മാണി എല്‍ഡിഎഫില്‍ പോയോ മറ്റുള്ളവര്‍ കോണ്‍ഗ്രസില്‍ തുടരുന്നോ. ഇതൊന്നും എന്റെ വിഷയമല്ല. ജോസ് കെ മാണി ഉള്‍പ്പെടെ ഞാന്‍ ആര്‍ക്കെതിരെ എല്ലാം പരാതി കൊടുത്തിട്ടുണ്ടോ അവര്‍ക്കെതിരെ എല്ലാം അന്വേഷണം വേണമെന്നാണ്. അതില്‍ നിന്ന് ഞാന്‍ മാറി സംസാരിച്ചിട്ടില്ല. എനിക്ക് പാര്‍ട്ടി അല്ല ഇതിലെ വിഷയം. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും അനുഭാവിയല്ല.


യുഡിഎഫിനെ തകര്‍ക്കാന്‍ ബിജെപി-സിപിഐഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് സോളാര്‍ പീഡനക്കേസിലെ സിബിഐ അന്വേഷണമെന്ന് ഷിബു ബേബി ജോണ്‍. ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധഃപതിച്ചിരിക്കുകയാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ”സംസ്ഥാന സര്‍ക്കാരിനെ സിബിഐയെ പോലുളള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചവര്‍ക്ക് കേന്ദ്ര ഏജന്‍സികളോട് ഇപ്പോള്‍ എന്താ വിശ്വാസം, എന്താ ബഹുമാനം. കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം സിബിഐ ക്ക് വിടുന്നതിനെതിരെ സുപ്രീം കോടതിയില്‍ നിന്നും ലക്ഷങ്ങള്‍ നല്‍കി വക്കീലിനെ ഇറക്കിയവര്‍ക്ക് ഇപ്പോള്‍ സിബിഐ എന്നാല്‍ കരളിന്റെ കരളാണ്.”

”ആയിരക്കണക്കിന് നിവേദനങ്ങള്‍ ലഭിച്ചിട്ടും പൊതുജന ആവശ്യമുയര്‍ന്നിട്ടും വാളയാറിലെ പിഞ്ചു കുട്ടികളുടെ കൊലപാതകം സിബിഐയെ ഏല്‍പ്പിക്കാന്‍ മടിയ്ക്കുന്ന പിണറായി സര്‍ക്കാരിന് സോളാര്‍ കേസ് സിബിഐയ്ക്ക് വിടാന്‍ പരാതിക്കാരിയുടെ ഒരു കത്ത് മതി. യുഡിഎഫിനെ തകര്‍ക്കുവാന്‍ ബിജെപി- സിപിഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ അന്വേഷണ പ്രഖ്യാപനം. ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധ:പതിച്ചിരിക്കുന്നു. എന്നാല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇനിയും നിങ്ങള്‍ക്ക് ആകില്ല. നിങ്ങള്‍ ഇനി എഫ്ബിഐയെ കൊണ്ട് വന്നാലും ഞങ്ങള്‍ക്ക് യാതൊരു ഭയവും ഇല്ല.”
സോളാര്‍ പീഡനക്കേസ് സിബിഐ അന്വേഷണത്തിന് വിട്ട നടപടി രാഷ്ട്രീയ പ്രേരിതവും വൈര്യ നിര്യാതന ബുദ്ധിയോടെ ഉള്ളതുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. അന്വേഷണത്തില്‍ ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പിണറായിയുടെ ഹീന നീക്കമാണിതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

യുഡിഎഫിനെ തകര്‍ക്കാമെന്ന മോഹം വിലപോവില്ല. പിണറായിക്ക് എന്ന് മുതലാണ് സിബിഐയോട് ഇത്ര സ്‌നേഹം വന്നത്. സിബിഐയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ തുലച്ച സര്‍ക്കാര്‍ ആണിതെന്നും മുല്ലപ്പള്ളി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയം മണത്തത് കൊണ്ടാണ് പിണറായി ഇങ്ങനെ ഒരു നീക്കം നടത്തിയത്. കേന്ദ്ര ഏജന്‍സികളെ അപലപിച്ചിരുന്ന പിണറായിക്ക് എന്നാണ് അവരോടു ഇത്ര സ്‌നേഹം തോന്നിയതെന്നും മുല്ലപ്പള്ളി ചോദിച്ചു. മൂന്ന് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു തള്ളി കളഞ്ഞ കേസാണിത്. തെരഞ്ഞെടുപ്പില്‍ ഇതൊന്നും വിലപ്പോവില്ല. ആ കാര്യത്തില്‍ യുഡിഎഫിനൊരു ഭയവുമില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.