കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പായി എല്‍ഡിഎഫ് പാളയത്തില്‍ ചേക്കേറാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കം. സീറ്റ് വീതം വെയ്ക്കല്‍ അടക്കമുളള വിഷയങ്ങളില്‍ ഇരുകൂട്ടരും തമ്മില്‍ ഇതിനകം ധാരണ ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഇടത് മുന്നണിക്കൊപ്പം ചേരുന്നതില്‍ ജോസ് കെ മാണി വിഭാഗത്തിനുളളില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുന്നതായാണ് സൂചന. കെഎം മാണിയുടെ വലം കൈ ആയിരുന്ന ജോസഫ് എം പുതുശേരി ജോസിനെ കൈയൊഴിഞ്ഞ് കഴിഞ്ഞു. അണികളുടെയും നേതാക്കളുടേയും വന്‍ കൊഴിഞ്ഞ് പോക്ക് ജോസ് വിഭാഗത്തിന്‍ നിന്നുണ്ടാകും എന്നാണ് ജോസഫ് വിഭാഗം പറയുന്നത്.

ബാര്‍ കോഴയുടെ പേരില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെഎം മാണിയെ എല്‍ഡിഎഫ് അതിരൂക്ഷമായി വേട്ടയാടിയിരുന്നു. ബാര്‍ കോഴക്കേസിന്റെ പേരില്‍ കെഎം മാണിക്ക് മന്ത്രിസ്ഥാനം രാജി വെയ്‌ക്കേണ്ടതായി വന്നു. മാണി ഇല്ലാത്ത കേരള കോണ്‍ഗ്രസ് ഇപ്പോള്‍ എല്‍ഡിഎഫിന്റെ ഭാഗമാകുന്നത് പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗം ഇപ്പോള്‍ സ്വതന്ത്രരായി നില്‍ക്കുകയാണ്. നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കേരള കോണ്‍ഗ്രസ് എമ്മിന്റെ പേരും ചിഹ്നവും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ പിജെ ജോസഫ് ഇതിനെതിരെ കോടതിയില്‍ പോയി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തു.

ഇതോടെ ജോസഫോ ജോസോ എന്ന് ചാഞ്ചാടി നിന്നിരുന്ന യുഡിഎഫ് ജോസഫിന്റെ പക്ഷത്തുറച്ചു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ജോസ് കെ മാണി ഇടത് പക്ഷത്തേക്കുളള നീക്കം ശക്തമാക്കിയത്. എന്നാല്‍ കെഎം മാണിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ജോസഫ് എം പുതുശ്ശേരി പാര്‍ട്ടി വിട്ടത് ജോസ് പക്ഷത്തിന് വലിയ തിരിച്ചടി ആയിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തോട് ചേരുന്നതിന് യോജിക്കാന്‍ സാധിക്കില്ലെന്നാണ് ജോസഫ് എം പുതുശേരി വ്യക്തമാക്കിയിരിക്കുന്നത്. ജോസിന്റെ തീരുമാനം ആത്മഹത്യാപരമാണെന്നും അതൃപ്തിയുളള കൂടുതല്‍ പേര്‍ കേരള കോണ്‍ഗ്രസ് വിടും എന്നും പുതുശേരി പറയുന്നു. പിജെ ജോസഫ് പക്ഷത്തേക്ക് എത്തിയ പുതുശ്ശേരിക്കൊപ്പം പത്തനംതിട്ടയിലെ ഒരു പറ്റം നേതാക്കളും ഉണ്ട്.
തിരുവല്ല നഗരസഭയിലെ കൗണ്‍സിലര്‍മാരും ഏഴ് മണ്ഡലം കമ്മിറ്റി ഭാരവാഹികളും ആണ് പുതുശ്ശേരിക്കൊപ്പം പിജെ ജോസഫ് ക്യാമ്പിലെത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ അണികളും നേതാക്കളും അടക്കമുളള കൂടുതല്‍ പേരുടെ കൊഴിഞ്ഞ് പോക്ക് ജോസ് പക്ഷത്ത് നിന്നും ഉണ്ടാകും എന്നാണ് ജോസഫ് പക്ഷത്തെ നേതാക്കള്‍ അവകാശപ്പെടുന്നത്. ഈ മാസം 22നകം ജോസ് പക്ഷത്തിന്റെ ഇടത് മുന്നണി പ്രവേശം ഉണ്ടാകും എന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ മുന്നണി പ്രവേശം സംബന്ധിച്ച തീരുമാനം വൈകുകയാണ്. എല്‍ഡിഎഫിലെ പ്രധാനകക്ഷിയായ സിപിഐയുടെ എതിര്‍പ്പാണ് ജോസിന്റെ മുന്നണി പ്രവേശത്തിന് തടസ്സം എന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പാണ് തൊട്ടുമുന്നിലുളളത് എന്നതിനാല്‍ സീറ്റുകള്‍ സംബന്ധിച്ച് എല്‍ഡിഎഫുമായി ജോസ് വിഭാഗം ധാരണയില്‍ എത്തിയിട്ടുണ്ടെന്നാണ് സൂചനകള്‍. കെഎം മാണിയെ മറന്ന് എല്‍ഡിഎഫിന് കൈ കൊടുക്കുന്നതില്‍ തനിക്കൊപ്പമുളളവരില്‍ ഉളളവരിലുളള അതൃപ്തിയാണ് ജോസ് കെ മാണിക്ക് തലവേദന. ഇനിയും കൊഴിഞ്ഞ് പോക്ക് തുടരുന്നത് അതുകൊണ്ട് തന്നെ ജോസ് കെ മാണി ക്ക് തടയേണ്ടതുണ്ട്.
തിരുവല്ല നഗരസഭയിലെ മൂന്ന് കേരള കോണ്‍ഗ്രസ് എം കൗണ്‍സിലര്‍മാര്‍ കഴിഞ്ഞ ദിവസം ജോസഫ് പക്ഷത്തേക്ക് കൂറുമാറിയിരുന്നു. മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കൂടിയായ ഷീല വര്‍ഗീസ്, ജേക്കബ് ജോര്‍ജ് മനയ്ക്കല്‍, ഏലിയാമ്മ തോമസ് എന്നിവരാണ് ജോസ് പക്ഷം വിട്ട് പോയത് . ഇതോടെ ജോസഫ് പക്ഷത്തിന് അംഗബലം ഉയര്‍ന്നു. 10 അംഗങ്ങളുളള കൗണ്‍സിലില്‍ ജോസഫ് വിഭാഗത്തിന് ഇതോടെ നാല് അംഗങ്ങളായി.