തിരുവനന്തപുരം: ഇടതു മുന്നണിയില്‍ പ്രവേശിക്കുന്ന കേരള കോണ്‍ഗ്രസ്സ് (എം)ന്റെ അസംബ്ലി മണ്ഡലങ്ങളുടെ വീതംവെപ്പ് പിന്നീട് തീരുമാനിക്കും. രാഷ്ട്രീയമായി ഇടതു ചേരിയിലേക്ക് പോവുക എന്ന തീരുമാനം ഉടന്‍ ഉണ്ടാകും. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ്സ് (എം) തങ്ങളുടെ സമ്മതം എല്‍ഡിഎഫിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പാലാ സീറ്റിനെക്കുറിച്ച് സിറ്റിങ് എംഎല്‍എ മാണി സി കാപ്പന്‍ ഉയര്‍ത്തിയ അവകാശവാദത്തിന് എതിരേ ഇപ്പോള്‍ ശക്തമായ എതിര്‍പ്പ് പരസ്യമായി പറയേണ്ടതില്ലെന്ന തീരുമാനം ജോസ് വിഭാഗം എടുത്തതായും വിവരമുണ്ട്.

സീറ്റ് വിഭജനം മുന്നണി തീരുമാനിക്കുന്ന വിഷയമാണെന്ന നിലപാടാകും സ്വീകരിക്കുക. മുന്നണിയുടെ ഭാഗമായി മാറുമ്പോള്‍ സീറ്റുകള്‍ അതിന്റെ നേതൃത്വം നിശ്ചയിക്കട്ടെയെന്ന സമീപനം സ്വീകരിക്കാമെന്ന നിലപാടും സ്വീകരിച്ചതായി ജോസ് കെ മാണിയോട് അടുത്ത വൃത്തങ്ങള്‍ ഇ വാര്‍ത്തയെ അറിയിച്ചു.

അതേസമയം, ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി സീറ്റ് വിഷയത്തില്‍ സിപിഐയുടെ കടുംപിടുത്തം ഇപ്പോള്‍ അയഞ്ഞിരിക്കുകയാണ്. എന്നാല്‍ പാലായില്‍ സിപിഎം മുന്നോട്ടു വച്ച ഫോര്‍മുല എന്‍സിപി തള്ളി. ജോസ് കെ മാണി വിഭാഗത്തിന് എട്ടോ ഒന്‍പതോ സീറ്റുകള്‍ നല്‍കാമെന്ന ധാരണയ്ക്കിടെ, പാലാ എന്‍സിപിയും കാഞ്ഞിരപ്പള്ളി സിപിഐയും വിട്ടു കൊടുക്കുക എന്ന ഫോര്‍മുലയായിരുന്നു മുന്നോട്ടു വച്ചത്.
കാഞ്ഞിരപ്പള്ളി പരാജയപ്പെട്ട സീറ്റായതിനാലാണ് സിപിഐ, സിപിഎമ്മിന് വഴങ്ങുന്നതെന്നും ജയിച്ച സീറ്റ് വിട്ട് കൊടുക്കുന്ന തനിക്ക് നഷ്ടപരിഹാരം വേണമെന്ന വാശിയിലാണ് കാപ്പനെന്നും വിലയിരുത്തലുണ്ട്. പാലാ സീറ്റ് വിട്ടു നല്‍കില്ലെന്ന എന്‍സിപിയുടെ നിലപാട്, വിലപേശല്‍ തന്ത്രമാണെന്ന് ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നവരും പറയുന്നു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത പക്ഷം താന്‍ എല്‍ഡിഎഫ് വിടുമെന്ന് മാണി സി കാപ്പന്‍ ഭീഷണി മുഴക്കിയെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് (എം)15 സീറ്റുകളിലാണ് മത്സരിച്ചത്. ഇതില്‍ ആറെണ്ണം ജയിച്ചു. ഒമ്പതിടത്ത് തോറ്റു. ഏറ്റുമാനൂര്‍, കോതമംഗലം, ഇരിങ്ങാലക്കുട, ആലത്തൂര്‍, പേരാമ്പ്ര, തളിപ്പറമ്പ് എന്നീ സീറ്റുകളില്‍ സിപിഎം ആണ് ജയിച്ചത്. തിരുവല്ലയില്‍ ജനതാദള്‍, കുട്ടനാട്ടില്‍ എന്‍സിപി എന്നീ ഇടതു കക്ഷികള്‍ ജയിച്ചപ്പോള്‍ പൂഞ്ഞാര്‍ പിസി ജോര്‍ജ് വിജയിച്ചു. എന്‍ ജയരാജ് കാഞ്ഞിരപ്പള്ളിയില്‍ പരാജയപ്പെടുത്തിയത് സിപിഐയെയെയാണ്. ഈ സീറ്റില്‍ ആദ്യം നടത്തിയ കടുംപിടുത്തം സിപിഎമ്മുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം സിപിഐയ്ക്ക് ഇല്ല.
കേരള കോണ്‍ഗ്രസ് (എം) ജയിച്ച സീറ്റുകളില്‍ പാലാ, ഉപതെരഞ്ഞെടുപ്പിലാണ് ഇടതുമുന്നണിക്കു വേണ്ടി എന്‍സിപി നേടിയത്. എന്നാല്‍, മാണി സാറിന്റെ പാലായില്ലാതായാല്‍ അസ്തിത്വം ചോദ്യം ചെയ്യപ്പെടും എന്നും തങ്ങളുടെ പാര്‍ട്ടിയുടെ പ്രസ്റ്റീജ് സീറ്റ് തങ്ങള്‍ക്കു തന്നെ തരേണ്ടത് ധാര്‍മ്മികതയുടെ പ്രശ്‌നമാണെന്നും ജോസ് വിഭാഗം വ്യക്തമാക്കി. ഇനി ഒരു തെരഞ്ഞെടുപ്പില്‍ പൂര്‍ണ വിജയസാധ്യതയുള്ള സീറ്റാണത്; അത് ലഭിക്കാതെ അണികളെ കൂടെ നിര്‍ത്താനാകില്ലെന്ന് ജോസ് വിഭാഗം സിപിഎം നേതാക്കളോട് പറഞ്ഞതായി അറിയുന്നു. പാലായെ കൈവിട്ടുള്ള രാഷ്ട്രീയം ചിന്തിക്കാന്‍ കഴിയില്ലെന്ന് എന്‍ ജയരാജ് എംഎല്‍എയും പ്രതികരിച്ചു.
എന്‍സിപിക്ക് രാജ്യസഭാസീറ്റ് നല്‍കി മാണി സി കാപ്പനെ അനുനയിപ്പിക്കാനായിരുന്നു സിപിഎം നിര്‍ദ്ദേശം. ‘എകെ ശശീന്ദ്രനും ടിപി പീതാംബരനും ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് ആദ്യം കടുത്ത എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ മാണി സി കാപ്പന്റെ ഭീഷണി മൂലമാണ് എന്‍സിപി പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനം നടത്തിയത്.