ബെംഗളൂരു: ബോളിവുഡ് -ബംഗാളി സിനിമകളിലൂടെ ശ്രദ്ധ നേടിയ താരം മിഷ്ടി മുഖര്‍ജി അന്തരിച്ചു. 27 വയസ്സായിരുന്നു. വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. നടി ശരീരഭാരം കുറയ്ക്കാന്‍ കീറ്റോ ഡയറ്റിലായിരുന്നുവെന്നും തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ മരണത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്.

കാര്ബോഹൈഡ്രേറ്റില് (അന്നജം) നിന്നുള്ള ഊര്‍ജത്തിന്റെ അളവ് വളരെക്കുറച്ചും കൊഴുപ്പില്‍നിന്നുള്ള ഊര്‍ജത്തിന്റെ അളവ് കൂട്ടിയുമുള്ള ഭക്ഷണക്രമീകരണമാണ് കീറ്റോ ഡയറ്റ്. അതായത് ശരീരത്തിനാവശ്യമായ ഊര്‍ജത്തിന്റെ ഏറിയപങ്കും ലഭിക്കുന്നത് കൊഴുപ്പില്‍ നിന്നായിരിക്കും.

”കീറ്റോ ഡയറ്റിനെ തുടര്‍ന്ന് വൃക്ക തകരാറിലായി. ഒരുപാട് വേദന സഹിച്ചാണ് അവള് മരണത്തിന് കീഴടങ്ങിയത്. തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവം. ഞങ്ങളുടെ നഷ്ടം ആര്‍ക്കും നികത്താനാവില്ല…” കുടുംബാംഗങ്ങള്‍ പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
2012 ല്‍ ‘ലൈഫ് കി തോ ലഗ് ഗയി’ എന്ന ചിത്രത്തിലൂടെയാണ് മിഷ്ടി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഗ്രേറ്റ് ഗ്രാന്‍ഡ് മാസ്തി (2016), ബീഗം ജാന്‍ (2017), മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സി(2019) എന്നിവ മിഷ്ടിയുടെ ശ്രദ്ധേയ ചിത്രങ്ങലാണ്.നിരവധി മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്.