THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, June 7, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News തഴയപ്പെട്ട ശോഭ സുരേന്ദ്രന്റെ പിണക്കം കണ്ടില്ല

തഴയപ്പെട്ട ശോഭ സുരേന്ദ്രന്റെ പിണക്കം കണ്ടില്ല

തിരുവനന്തപുരം: ബി.ജെ.പി നേതൃത്വത്തിനെതിരായ ശോഭാ സുരേന്ദ്രന്റെ പരസ്യ വിമര്‍ശനം കണ്ടില്ലെന്ന് നടിച്ച് ബി.ജെ.പി നേതാക്കള്‍. സംസ്ഥാന-ദേശീയ പുനസംഘടനയില്‍ തഴയപ്പെട്ട ശോഭയുടെ പ്രതികരണത്തില്‍ പരസ്യമായി മറുപടി പറയാന്‍ ബി.ജെ.പി നേതാക്കളാരും ഇതുവരേയും തയ്യാറായിട്ടില്ല. ശോഭ സുരേന്ദ്രന്‍ വിഷയത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. കൃഷ്ണദാസ് പക്ഷവും കാര്യമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ ദേശീയ നേതൃത്വത്തില്‍ നിന്നും സംസ്ഥാന തലത്തിലേക്ക് തഴയപ്പെട്ടതിലുള്ള ശോഭയുടെ അപ്രതീക്ഷിത പ്രതികരണത്തില്‍ പ്രവര്‍ത്തകരും അസംതൃപ്തരാണ്. ശോഭയുടെ ഫേസ്ബുക്കില്‍ അത് കമന്റുകളുടെ രൂപത്തില്‍ പ്രകടമാകുന്നുമുണ്ട്.

adpost

”ചെറിയ കുട്ടികള്‍ അമ്മയോട് ദേഷ്യപ്പെട്ടതു പോലെ കണ്ടാല്‍ മതി. ശോഭ സുരേന്ദ്രനെ പൊക്കി മാധ്യമങ്ങള്‍ അവരെ ഇല്ലാതാക്കേണ്ട. ഒരു കുടുംബത്തിനകത്ത് ചെറിയ പ്രശ്‌നങ്ങളൊക്കെ ഉണ്ടാകും. ചില കുട്ടികള്‍ക്ക് ചോറ് കൊടുക്കുമ്പോള്‍ വേണ്ടാന്ന് പറഞ്ഞ് കാലു കൊണ്ട് തട്ടും. എന്നാലും അമ്മ ചോറു കൊടുക്കും. അത് സുരേന്ദ്രന്‍ ചെയ്‌തോളുമെന്നും…” ഒരു ബി.ജെ.പി നേതാവ് പ്രതികരിച്ചു.

adpost

”ശോഭയുമായി സംസാരിച്ചിട്ടില്ല. ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. സംസാരിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു…” പി കെ കൃഷ്ണദാസ് ഇതിനോട് പ്രതികരിച്ചത്. സംസ്ഥാന അധ്യക്ഷനായ സുരേന്ദ്രന്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും തയ്യാറായില്ല. ജനങ്ങളെ ബാധിക്കുന്ന ഗൗരവകാര്യങ്ങളില്‍ മാത്രം പ്രതികരിക്കും. പാര്‍ട്ടികാര്യങ്ങളില്‍ പരസ്യ പ്രതികരണത്തിനില്ലെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

പുന:സംഘടനയില്‍ അതൃപ്തരായ നേതാക്കളെ ഒപ്പം നിര്‍ത്തി പുതിയ ഗ്രൂപ്പിനുളള ശ്രമം ശോഭ നടത്തുമ്പോഴും അതിനെ പരിഹാസത്തോടെ തളളി കളയുകയാണ് സംസ്ഥാന നേതാക്കളില്‍ ഭൂരിപക്ഷവും. സുരേന്ദ്രന്‍ തലപ്പത്ത് വന്ന ശേഷം പാര്‍ട്ടി പരിപാടികളില്‍ ഒന്നും തന്നെ ശോഭ സജീവമായിരുന്നില്ല. മാസങ്ങള്‍ കഴിഞ്ഞ് ഇത് വാര്‍ത്താമാധ്യമങ്ങളില്‍ ഇടം നേടിയപ്പോഴും ശോഭയെ അനുനയിപ്പിക്കാനുളള യാതൊരു ശ്രമവും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല.

കെ സുരേന്ദ്രന്‍ പ്രസിഡന്റായതോടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി വൈസ് പ്രസിഡന്റാക്കിയതില്‍ ശോഭ കടുത്ത പ്രതിഷേധത്തിലായിരുന്നു. അഖിലേന്ത്യ പുന:സംഘടനയിലും തഴഞ്ഞത് ഭിന്നത രൂക്ഷമാക്കി. അവസാന പ്രതീക്ഷയായിരുന്ന മഹിളാ മോര്‍ച്ച അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം കൂടി കിട്ടാതായതോടെയാണ് ശോഭ എതിര്‍പ്പ് പരസ്യമാക്കിയത്.

ഗ്രൂപ്പ് പോര് അതിശക്തമായ കാലത്ത് പോലും സംസ്ഥാന ബി ജെ പിയില്‍ പരസ്യ വിമര്‍ശനം ഉണ്ടായിരുന്നില്ല. മാസങ്ങളായി പാര്‍ട്ടി നേതൃത്വവുമായുളള അകല്‍ച്ച മൂര്‍ധന്യത്തില്‍ എത്തിയപ്പോഴാണ് ശോഭ കഴിഞ്ഞദിവസം പൊട്ടിത്തെറിച്ചത്. തന്റെ പിണക്കത്തിന് കാരണം പുന:സംഘടനയിലെ അതൃപ്തി തന്നെയാണെന്നാണ് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കുന്നത്.

ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ അപവാദങ്ങള്‍ ഉയര്‍ത്തുന്ന പ്രചാരണത്തിന് പിന്നില്‍ പാര്‍ട്ടിയിലെ എതിര്‍ചേരിയാണെന്നും ശോഭ സംശയിക്കുന്നു. ഒരേ സമയം സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ അവഗണിച്ചുവെന്ന് കരുതുന്ന ശോഭ സുരേന്ദ്രന്റെ അടുത്ത നീക്കം പ്രധാനമാണ്. രാധാകൃഷ്ണ മേനോന്‍, ജെ.ആര്‍ പത്മകുമാര്‍ അടക്കം സുരേന്ദ്രന്‍ പ്രസിഡന്റായതോടെ തഴയപ്പെട്ടവരെ യോജിപ്പിച്ചുളള ഗ്രൂപ്പിനുളള ശ്രമത്തിലാണ് ശോഭ.

എം .ടി രമേശിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തും എ.എന്‍ രാധാകൃഷ്ണനെ കോര്‍ കമ്മിറ്റിയിലും നിലനിര്‍ത്തിയതോടെ കലാപക്കൊടി ഉയര്‍ത്തിയ കൃഷ്ണദാസ് പക്ഷം ഇപ്പോള്‍ സരേന്ദ്രനുമായി നല്ല ബന്ധത്തിലാണ്. അതേസമയം ദേശീയ നേതൃത്വവുമായി ആലോചിച്ച് മാത്രമാകും ശോഭയുടെ പരസ്യ വിമര്‍ശനത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ തുടര്‍നീക്കമെന്നും പറയപ്പെടുന്നു.

”ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ തന്നോട് ചോദിക്കാതെയാണ് സംസ്ഥാന വൈസ് പ്രസിഡന്റാക്കിയത് എന്നാണ് ശോഭയുടെ പരാതി. ശോഭയോട് ഇതൊന്നും ചോദിക്കേണ്ട ആവശ്യമില്ല. അബ്ദുളളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയത് ആര് പറഞ്ഞിട്ടാണെന്നും അങ്ങനെയൊരു കീഴ്വഴക്കം ബി ജെ പിക്കില്ലെന്നും…” ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചു.

ബി.ജെ.പി വ്യക്തിയധിഷ്ഠിതമായ പാര്‍ട്ടിയല്ല. വാജ്‌പേയി ഇരുന്നിടത്തേക്കാണ് അദ്വാനി വന്നത്. ആ സ്ഥാനത്താണ് ഇപ്പോള്‍ മോദിയിരിക്കുന്നത്. ശോഭയുടെ പ്രതികരണം ഗൗരവമായി കാണേണ്ട. അതുകൊണ്ട് തന്നെ പരസ്യ പ്രതികരണങ്ങള്‍ക്കില്ലെന്നായിരുന്നു മറ്റൊരു നേതാവിന്റെ അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com