തിരുവനന്തപുരം: സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം നിര്‍ത്തുന്നുവെന്ന തീരുമാനം തിരുത്തി യുഡിഎഫ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരത്തിനിറങ്ങുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചു. ഈ മാസം 12ന് നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ സമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്ന സര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കും. സമരം കാരണമാണ് കോവിഡ് വ്യാപിച്ചതെന്ന പ്രസ്താവന നടത്തിയ മുഖ്യമന്ത്രി തന്റെ മന്ത്രിസഭയിലുള്ളവര്‍ക്ക് എങ്ങനെ രോഗം വന്നു എന്നതിന് മറുപടി പറയണമെന്നും എം.എം ഹസന്‍ വ്യക്തമാക്കി.

സെപ്തംബര്‍ 28നാണ് സര്‍ക്കാരിനെതിരായ പ്രത്യക്ഷസമരത്തില്‍ നിന്ന് പിന്മാറുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടിയാലോചന നടന്നില്ലെന്നും സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ സമരത്തില്‍ നിന്ന് പിന്‍വലിയുന്നത് തിരിച്ചടിയാകുമെന്നും കെ.മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ പരസ്യമായി ആരോപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യുഡിഎഫ് തീരുമാനം മാറ്റിയതെന്നാണ് സൂചന.