തിരുവനന്തപുരം: ത്രിവര്‍ണ്ണ പതാക ചായ അരിപ്പയിലൂടെ കടക്കുമ്പോള്‍ കാവിയായി മാറുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത് രാഷ്ട്രീയ വിവാദമായി ചര്‍ച്ച ചൂടുപിടിപ്പിക്കുന്നതിനിടെ വിശദീകരണവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.

‘കലാസൃഷ്ടി രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്നു…’ എന്ന അടിക്കുറിപ്പോടെ ത്രിവര്‍ണ പതാകയുടെ നിറങ്ങളുള്ള ചായ അരിപ്പയിലൂടെ പകരുമ്പോള്‍ കാവിയായി മാറുന്ന പ്രതീകാത്മക ചിത്രമാണ് കഴിഞ്ഞ ദിവസം തരൂര്‍ ട്വീറ്റ് ചെയ്തത്. രാജ്യം കാവി വത്കരിക്കുന്നതാണോ അതോ കാവി വത്കരിക്കപ്പെടുന്ന കോണ്‍ഗ്രസ്സാണോ തരൂര്‍ ഉദ്ദേശിച്ചതെന്ന ചോദ്യമാണ് തരൂരിന്റെ വിവാദ ട്വീറ്റിന് താഴെ കമന്റുകളായി നിറഞ്ഞത്.

ഈ സാഹചര്യത്തിലാണ് തരൂരിന്റെ വിശദീകരണം. തന്റെ ട്വീറ്റിന് ആര്‍.എസ്.എസ് അനുകൂല വ്യാഖ്യാനം നല്‍കുന്നത് അസഹനീയമാണ്. ചായക്കാരന്‍ ഇന്ത്യയുടെ മൂവര്‍ണ്ണകൊടിയെ കാവിനിറത്തിലേക്ക് മാത്രമായി മാറ്റുന്നതുകൊണ്ടാണ് ഇത്തരമൊരു ചിത്രം പോസ്റ്റ് ചെയ്തതെന്നും തരൂര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
‘എന്റെ ട്വീറ്റിന്റെ അര്‍ഥത്തിന് ചിലര്‍ ആര്‍.എസ്.എസ് അനുകൂല വ്യാഖ്യാനം നല്‍കുന്നുവെന്നത് ഏറെ അസഹനീയമാണ്. അഭിനവ് കഫാറെ എന്ന കലാകാരനെ എനിക്കറിയില്ല. പക്ഷേ ഞാന്‍ ഇത് പോസ്റ്റ് ചെയ്തതിന് കാരണം ചായക്കാരന്‍ ഇന്ത്യയുടെ മൂവര്‍ണ്ണകൊടിയെ കാവിനിറത്തിലേക്ക് മാത്രമായി മാറ്റുകയാണ്, നമ്മള്‍ അതിനെ ശക്തമായി ചെറുക്കണം. അതുതന്നെയാണ് എന്റെ പുസ്തകങ്ങള്‍ നല്‍കുന്ന സന്ദേശവും’ – തരൂര്‍ ട്വീറ്റ് ചെയ്തു. ഇംഗ്ലീഷിലും മലയാളത്തിലും തരൂര്‍ കമന്റ് പങ്കുവെച്ചിട്ടുണ്ട്.