കൊച്ചി: സംവരണ സീറ്റായ ബാലുശേരിയില്‍ സിനിമാതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന ചര്‍ച്ചകള്‍ മുറുകുന്നതിനിടെ പ്രതിഷേധവുമായി ദലിത് കോണ്‍ഗ്രസ്. സെലിബ്രിറ്റികളെ സംവരണസീറ്റില്‍ കൊണ്ടുവരരുതെന്ന് പറയുന്ന ദലിത് കോണ്‍ഗ്രസ്, ധര്‍മ്മജന്‍ ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മല്‍സരിക്കട്ടെയെന്നാണ് പറയുന്നത്.

അത്തോളിയിലെ ഒരു കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ബാലുശേരിയില്‍ ധര്‍മ്മജന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുന്നുവെന്ന അഭ്യൂഹങ്ങള്‍ പരന്നത്. സാധ്യത തള്ളികളയാനാകില്ലെന്നും ചര്‍ച്ച പുരോഗമിക്കുകയാണെന്നും ജില്ലാ നേതൃത്വം തുറന്നുപറഞ്ഞതോടെയാണ് ധര്‍മ്മജനും നിലപാട് വ്യക്തമാക്കിയത്.

എവിടെ വേണമെങ്കിലും മല്‍സരിക്കാന്‍ തയ്യാറാണെന്ന ധര്‍മ്മജന്റെ ഈ പ്രസ്താവനയില്‍ പിടിച്ചാണ് ദലിത് കോണ്‍ഗ്രസിന്റെ വരവ്. ധര്‍മ്മജന് ബാലുശേരിയില്‍ തന്നെ മല്‍സരിക്കണമെന്നില്ലാത്തതിനാല്‍ സംവരണ മണ്ഡലമായ ബാലുശേരി ദലിത് കോണ്‍ഗ്രസിന് നല്‍കണം. ഒപ്പം പിണറായി വിജയനെതിരെ ധര്‍മ്മടത്ത് ധര്‍മ്മജനെ രംഗത്തിറക്കണം. ആവശ്യം രേഖാമൂലം കെപിസിസി നേതൃത്വത്തിന് കൈമാറി.