കോട്ടയം : ശബരിമല വിഷയത്തിൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കി എൻ.എസ്.എസ്. നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസുകള്‍ സംസ്ഥാന സർക്കാർ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. കേസുകള്‍ പിന്‍വലിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. അല്ലെങ്കില്‍ വിശ്വാസികള്‍ക്കെതിരായുള്ള പ്രതികാരമായി ഇതിനെ കാണേണ്ടി വരുമെന്നും സുകുമാരന്‍ നായർ പ്രസ്താവനയില്‍ അറിയിച്ചു.

സ്ത്രീകളടക്കമുള്ള വിശ്വാസികളെ പ്രതിയാക്കി സംസ്ഥാന സർക്കാർ എടുത്ത കേസുകൾ ഇപ്പോഴും നിലനില്‍ക്കുകയാണ്. തൊഴിൽരഹിതരും വിദ്യാർത്ഥികളും സംസ്ഥാനത്തും വിദേശത്തും തൊഴിലിനായി കാത്തിരിക്കുന്നവരുമാണ് ഇതിൽ ഏറിയ ഭാഗവുമെന്ന് സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.

നാമജപഘോഷയാത്രക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നിരപരാധികളായ വിശ്വാസികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിലും ഗൗരവമേറിയ പല കേസുകളും സർക്കാർ നിരുപാധികം പിന്‍വലിച്ചിട്ടുള്ള സാഹചര്യത്തില്‍ നിരപരാധികളായ വിശ്വാസികളുടെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് സുകുമാരന്‍ നായർ ആവശ്യപ്പെട്ടു.