തിരുവല്ല: കേരള കോണ്‍ഗ്രസ്(എം) ജോസും ജോസഫുംമായി പിളര്‍ന്നതോടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ തിരുവല്ല, റാന്നി, ആറന്മുള, കോന്നി നിയോജക മണ്ഡലങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളില്‍ കരുത്തു കാട്ടാന്‍ ഇരുപക്ഷവും ശ്രമം തുടങ്ങി. പത്തനംതിട്ടയുടെ രാഷ്ട്രീയ ഭൂപടത്തില്‍ ആകെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പകുതിയോളം പഞ്ചായത്തുകളില്‍ ജോസഫ്, ജോസ് പക്ഷങ്ങള്‍ നിര്‍ണായകമായേക്കും. കഴിഞ്ഞ തവണ യു ഡി എഫില്‍ കേരള കോണ്‍ഗ്രസ് (എം) ചിഹ്നമായ രണ്ടിലയില്‍ 89 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. ഇതില്‍ 62 ശതമാനം പേര്‍ വിജയിച്ചു. അതായത് 55 പേര്‍.

ഇപ്പോള്‍ കോട്ടാങ്ങല്‍, കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ കേരള കോണ്‍ഗ്രസ് (എം) പ്രതിനിധികളാണ്. കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജ്, ജോസഫ് പക്ഷത്താണ്. കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പഞ്ചായത്ത് അംഗങ്ങളില്‍ ഭൂരിപക്ഷവും തങ്ങളോടൊപ്പമാണെന്ന് ഇരു വിഭാഗവും അവകാശപ്പെടുമ്പോഴും പലരും ഇനിയും നിലപാട് പറഞ്ഞിട്ടില്ല. ജോസ് കെ മാണിയും കൂട്ടരും യു ഡി എഫ് വിട്ട് എല്‍ ഡി എഫിലേക്കു പോകുന്നതു മൂലം ജില്ലയിലെ നാലു നഗരസഭകളില്‍ അല്‍പമെങ്കിലും സ്വാധീനം ചെലുത്താന്‍ കഴിയുന്നത് തിരുവല്ലയില്‍ മാത്രമാണ്.

പത്തനംതിട്ടയില്‍ നാല്, തിരുവല്ലയില്‍ 10, അടൂര്‍, പന്തളം എന്നിവിടങ്ങളില്‍ ഓരോ സീറ്റ് വീതവുമാണ് കേരള കോണ്‍ഗ്രസിന് (എം) ഉള്ളത്. പത്തനംതിട്ട നഗരസഭയില്‍ നാല് കൗണ്‍സിലര്‍മാരാണ് കേരള കോണ്‍ഗ്രസ് എമ്മിന് ഉണ്ടായിരുന്നത്. അതില്‍ ജോസ് പക്ഷത്ത് ഉണ്ടായിരുന്ന വെട്ടിപ്രം വാര്‍ഡിലെ ഷൈനി ജോര്‍ജ് കഴിഞ്ഞ ദിവസം കൗണ്‍സിലര്‍ സ്ഥാനം രാജിവച്ച് ആര്‍ എസ് പിയില്‍ ചേര്‍ന്നു. ജോസ് കെ മാണി എല്‍ ഡി എഫില്‍ പോയാല്‍ യു ഡി എഫിന് ഒപ്പം നില്‍ക്കുമെന്ന് അവര്‍ നേരത്തെ പാര്‍ട്ടിയെ അറിയിച്ചിരുന്നു.
തിരുവല്ലയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് 10 കൗണ്‍സിലര്‍മാര്‍ ഉണ്ടായിരുന്നു. അതില്‍ ഏഴു പേര്‍ ജോസഫ് പക്ഷത്തും മൂന്നു പേര്‍ ജോസ് വിഭാഗത്തിലുമാണ്. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പില്‍ 14 സീറ്റിലാണ് കേരള കോണ്‍ഗ്രസ് (എം) മത്സരിച്ചത്. പന്തളം നഗരസഭയിലെ ഏക കൗണ്‍സിലര്‍ കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്ന കെ ആര്‍ രവിയാണ്. കെ ആര്‍ രവി, നിയോജക മണ്ഡലം സെക്രട്ടറി ജോണ്‍ തുണ്ടില്‍, യൂത്ത് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് കൊരണ്ടിപ്പള്ളില്‍ എന്നിവര്‍ യു ഡി എഫില്‍ തുടരാന്‍ തീരുമാനിച്ചു. അടൂര്‍ നഗരസഭയിലെ കേരള കോണ്‍ഗ്രസിന്റെ ഏക അംഗം ജോസ് പക്ഷത്താണ്. ഇവിടെ രണ്ട് വിഭാഗത്തെയും നയിക്കുന്നത് സംസ്ഥാന നേതാക്കളാണ്.
ജോസഫ് പക്ഷത്ത് പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം ഡി കെ ജോണും ജോസ് പക്ഷത്ത് സംസ്ഥാന സമിതി അംഗം വര്‍ഗീസ് പേരയിലുമാണുള്ളത്. 2019 ജൂണില്‍ ഇരുപക്ഷമായി പിരിഞ്ഞപ്പോഴും തുടര്‍ന്ന് ജോസ് പക്ഷത്തിന്റെ പുതിയ രാഷ്ട്രീയ നിലപാടു മൂലവും തങ്ങളുടെ ഭാഗത്തേക്ക് ഭൂരിഭാഗം പേരും വന്നതായി ജോസഫ് വിഭാഗം ജില്ലാ നേതൃത്വം അവകാശപ്പെടുന്നു. എന്നാല്‍ കൂടുതല്‍ അംഗങ്ങളും തങ്ങള്‍ക്കൊപ്പമാണെന്ന് ജോസ് വിഭാഗം പറയുന്നു. ജില്ലയിലെ 30 ഓളം പഞ്ചായത്തുകളില്‍ ഭരണം നിശ്ചയിക്കാനുള്ള ശേഷി കേരള കോണ്‍ഗ്രസുകള്‍ക്ക് ഉണ്ടെന്നാണ് എല്‍ ഡി എഫ്, യു ഡി എഫ് മുന്നണികള്‍ കരുതുന്നത്.
കോട്ടാങ്ങല്‍, ആനിക്കാട്, എഴുമറ്റൂര്‍, മല്ലപ്പള്ളി, കവിയൂര്‍, കുറ്റൂര്‍, കടപ്ര, നിരണം, നെടുമ്പ്രം, കുന്നന്താനം, കോയിപ്രം, കോഴഞ്ചേരി, അയിരൂര്‍, കൊറ്റനാട്, നാരങ്ങാനം റാന്നി, റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, പെരുനാട്, മൈലപ്ര, വെച്ചൂച്ചിറ, വടശേരിക്കര, അയിരൂര്‍, ഇലന്തൂര്‍, അരുവാപ്പുലം, കോന്നി, ഇരവിപേരൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധികള്‍ മുന്‍ കാലങ്ങളില്‍ താക്കോല്‍ സ്ഥാനങ്ങളിലെത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു കഴിഞ്ഞതിനാല്‍ ഭരണ മാറ്റം എങ്ങും ഉണ്ടാകാന്‍ സാധ്യതയില്ല.