തൃശൂര്‍: കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിലാണ്. തൃശൂരില്‍ പത്മജ വേണുഗോപാലിനെയാണ് ഇറക്കാന്‍ പോകുന്നത്. നേരത്തെ തന്നെ ജില്ലാ സമിതി നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പത്മജ ഉണ്ടായിരുന്നു. എന്നാല്‍ ബിജെപിയും മണ്ഡലത്തില്‍ കടുപ്പിക്കാനാണ് തീരുമാനം. സൂപ്പര്‍ താരം തന്നെ പത്മജയെ നേരിടാന്‍ വരുമെന്നാണ് ബിജെപി പറയുന്നത്. അതേസമയം സുനില്‍ കുമാര്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ മത്സരിക്കാന്‍ സാധ്യത കുറവാണ്. കടുത്ത പോരാട്ടം നടത്തിയാല്‍ മണ്ഡലം കിട്ടുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

പത്മജയെ തൃശൂരില്‍ മത്സരിപ്പിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായി. മണ്ഡലത്തില്‍ ജയിക്കുമെന്ന് കോണ്‍ഗ്രസിന് ഉറപ്പുള്ള പേരില്‍ ആദ്യ സ്ഥാനത്ത് പത്മയാണ്. കഴിഞ്ഞ തവണയും പത്മജയായിരുന്നു മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണത്തെ തോല്‍വിക്ക് ശേഷം തൃശൂരില്‍ സജീവമായ പത്മജ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ തന്നെ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുകയായിരുന്നു. അത് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസിന്റെ ശക്തായ കോട്ടയായിട്ടാണ് തൃശൂര്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ വിഎസ് സുനില്‍കുമാര്‍ കഴിഞ്ഞ തവണ എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞു. 6987 വോട്ടുകള്‍ക്കായിരുന്നു വിജയം. എല്‍ഡിഎഫ് ഇത്തവണ സുനില്‍ കുമാറിനെ രംഗത്തിറക്കാന്‍ സാധ്യത കുറവാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ് പ്രതീക്ഷ വെച്ച് പുലര്‍ത്തുന്നത്. തൃശൂരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിനേക്കാള്‍ ലീഡ് നേടാന്‍ യുഡിഎഫിന് സാധിച്ചിരുന്നു. ഇത് പത്മജ വിജയിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.
തിരുവനന്തപുരത്ത് ഇത്തവണ സുരേഷ് ഗോപി വിചാരിച്ച സീറ്റ് കിട്ടില്ലെന്നാണ് സൂചന. അതോടെ തൃശൂരില്‍ അദ്ദേഹം മത്സരിക്കാനാണ് സാധ്യത. സുരേഷ് ഗോപി ഇല്ലെങ്കില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ് തൃശൂരില്‍ പകരം മത്സരിക്കും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയത് അടക്കമുള്ള കാര്യങ്ങള്‍ ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതൊന്നും ബിജെപിയുടെ വോട്ടുബാങ്കിലേക്ക് വന്നിരുന്നില്ല.
സുനില്‍ കുമാറിനെ തന്നെ മത്സരിക്കണമെന്ന ആവശ്യം ഇടതുമുന്നണിയില്‍ ശക്തമാണ്. മണ്ഡലത്തില്‍ അത്രത്തോളം ജനകീയനാണ് അദ്ദേഹം. തുടര്‍ച്ചയായി മൂന്ന് തവണ സുനില്‍ കുമാര്‍ മത്സരിച്ചതിനാല്‍ ഇനിയും മത്സരിക്കാന്‍ സിപിഐ സംസ്ഥാന സമിതി തീരുമാനിച്ചിട്ടില്ല. സിപിഐയില്‍ സുനില്‍ കുമാറിനോളം പ്രശസ്തമായ പേരുകള്‍ തൃശൂരില്‍ സിപിഐയിലില്ല. ജില്ലാ സെക്രട്ടറി കെ വത്സരാജ്, പി ബാലചന്ദ്രന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. എന്നാല്‍ പത്മജയ്‌ക്കെതിരെ ഇവര്‍ക്കൊന്നും വിജയസാധ്യത നിലനില്‍ക്കുന്നില്ല.
2016ല്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളും ഒപ്പം പത്മജയ്ക്ക് വേണ്ടത്ര പിന്തുണ കിട്ടാത്തതും പ്രചാരണത്തിലെ പാളിച്ചകളും കാരണം കോണ്‍ഗ്രസ് തോല്‍വി നേരിടുകയായിരുന്നു. എന്നാല്‍ വീഴ്ച്ച കൃത്യമായി മനസ്സിലാക്കിയ പത്മജ അഞ്ച് വര്‍ഷത്തോളം മണ്ഡലത്തില്‍ തന്നെ ക്യാമ്പ് ചെയ്ത് ജനങ്ങളുമായി നേരിട്ട് ഇടപെട്ടാണ് ശക്തമായ സാന്നിധ്യമായിരിക്കുന്നത്. ഇത്തവണ എല്‍ഡിഎഫ് ജയിക്കണമെങ്കില്‍ ഏറ്റവും ശക്തനായ നേതാവിനെ കൊണ്ടുവരേണ്ടി വരും. സുരേഷ് ഗോപി കൂടി വന്നാല്‍ കോണ്‍ഗ്രസും ബിജെപിയും മാത്രം കളത്തില്‍ എന്ന അവസ്ഥയാവും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിനെ ഏറ്റവും ഇളക്കി മറിച്ചത് സുരേഷ് ഗോപിയായിരുന്നു. കൊട്ടിക്കലാശത്തില്‍ അടക്കം സുരേഷ് ഗോപി ഞെട്ടിച്ചു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തും എത്തി. ജില്ലാ നേതൃത്വും സുരേഷ് ഗോപി വേണമെന്ന് താല്‍പര്യം അറിയിച്ച് കഴിഞ്ഞു. തൃശൂരില്‍ മത്സരിക്കുന്നതിനോട് സുരേഷ് ഗോപിക്ക് തല്‍ക്കാലം എതിര്‍പ്പുകളില്ല. തൃശൂര്‍ ഇങ്ങെടുക്കുവാ എന്ന ഡയലോഗ് ഒക്കെ വലിയ ഹിറ്റായിരുന്നു. ഇത്തവണ അതൊക്കെയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. താരപ്രചാരണത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകാനാണ് ബിജെപി താല്‍പര്യപ്പെടുന്നത്.
പത്മജയില്ലെങ്കില്‍ മുന്‍ എംഎല്‍എ ടിവി ചന്ദ്രമോഹനെ കോണ്‍ഗ്രസ് പരിഗണിക്കും. ഹൈക്കമാന്‍ഡ് പറയുന്നതാണ് ഇക്കാര്യത്തില്‍ അന്തിമം. അതേസമയം ബിജെപി ജേക്കബ് തോമസിനെയും പരിഗണിക്കുന്നുണ്ട്. അതിരൂപത ആസ്ഥാനത്ത് എത്തി ജേക്കബ് തോമസ് പിന്തുണ തേടിയിരുന്നു. ഇതെല്ലാം തൃശൂരിലോ ക്രിസ്ത്യന്‍ വോട്ടുള്ള ഏതെങ്കിലും മണ്ഡലത്തിലോ ഇറങ്ങാനുള്ള ലക്ഷ്യം വെച്ചാണ്. ജേക്കബ് തോമസിന് അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ളത് ഗുണം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. ശരിക്കും പറഞ്ഞാല്‍ മണ്ഡലം നിലനിര്‍ത്തുക ഇടതുമുന്നണിക്കാണ് കടുപ്പം.