പാറഖനനത്തിലെ അശാസ്ത്രീയതകളും അഴിമതികളും മൂലം പൊറുതി മുട്ടിയ ജനങ്ങള്‍ക്കു മുന്‍പാകെ ഇടതു പക്ഷ മുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു സംസ്ഥാനത്തെ ഖനനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടു വരുമെന്നത്. എന്നാല്‍ അവര്‍ അത് നടപ്പിലാക്കിയില്ല എന്നുമാത്രമല്ല അദാനി പോലെയുള്ള കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് വേണ്ടി നിയമങ്ങള്‍ വളച്ചൊടിച്ച് പുതിയ പാറക്വാറികള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു.

തിരുവല്ല താലൂക്കിലെ ചുങ്കപ്പാറ, റാന്നി താലൂക്കിലെ മല്ലപ്പള്ളി, ചിറ്റാര്‍ സീതത്തോട് ഏനാദിമംഗലം പഞ്ചായത്തിലെ ചായലോട്, കോന്നി അരുവാപ്പുലം പയ്യനാമണ്‍ കലഞ്ഞൂര്‍ കൂടല്‍ പുതുവല്‍ അടൂര്‍ കടമ്പനാട് തുടങ്ങി ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ജില്ല നിറയെ പാറ ക്വാറികള്‍. ഇതാണ് പത്തനംതിട്ട ജില്ലയിലെ ഭരണകക്ഷിക്ക് 5 എംഎല്‍എമാരെ സൃഷ്ടിച്ചു നല്‍കിയപ്പോള്‍ ജില്ലയിലെ പൊതുജനത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സമ്മാനം.

350ഓളം ക്വാറികള്‍ ആണ് നിലവില്‍ പത്തനംതിട്ട ജില്ലയില്‍ മാത്രമായി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറക്വാറി കളും ഉള്‍പ്പെടുന്നു. 150ലധികം ക്വാറികള്‍ കോന്നി താലൂക്കില്‍ മാത്രം പ്രവര്‍ത്തിക്കുന്നു. കോന്നി താലൂക്കിലെ കൂടല്‍ കലഞ്ഞൂര്‍ വില്ലേജുകളില്‍ മാത്രം ഒന്‍പതോളം ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്.
കുടിവെള്ള ലഭ്യതക്കുറവും, പാരിസ്ഥിതിക പ്രശ്‌നങ്ങളും, ആസ്ത്മ അടക്കമുള്ള രോഗങ്ങളാലും, ആചാര വിശ്വാസങ്ങളെ തകിടം മറിച്ചും, ജൈവ വൈവിധ്യങ്ങള്‍ അന്യം നിന്നുമൊക്കെ ഇത്തരം അനധികൃത പാറ ക്വാറികള്‍ പൊതുജനങ്ങളുടെ സ്വസ്ഥത കെടുത്തുന്നു. അദാനിക്കായുള്ള ഖനനത്തിനെ പറ്റി കോടതിയില്‍ വാദിക്കുമ്പോള്‍ കൂടലിലെ ജനങ്ങള്‍ക്ക് വേണ്ടി ഒരു വരി പോലും പരാമര്‍ശിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികളെ നോക്കുകുത്തികളാക്കി കൊണ്ട് പഞ്ചായത്ത് ഭരണസമിതികള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നതില്‍ തീരുമാനമെടുക്കുവാനുള്ള അവകാശം വരെ സര്‍ക്കാര്‍ എടുത്തു മാറ്റിയിരിക്കുന്നു. ജനവാസ മേഖലയില്‍ നിന്ന് ഏകദേശം 200 മീറ്ററോളം ദൂരം മാത്രമേ ക്രഷറുകള്‍, ക്വാറികള്‍ എന്നിവ അനുവദിക്കാവൂ എന്ന ചട്ടം പോലും പാറക്വാറി മുതലാളിമാര്‍ക്ക് വേണ്ടി 50 മീറ്റര്‍ എന്ന ദൂരപരിധിയിലേക്ക് സര്‍ക്കാര്‍ കുറച്ചുകൊണ്ടുവന്നു. വിഴിഞ്ഞം പ്രൊജക്റ്റിനായി ഇപ്പോള്‍ അദാനി ഗ്രൂപ്പ് ശ്രമിച്ചുകൊണ്ടിരിക്കുന്ന രാക്ഷസന്‍ പാറ ജനവാസ മേഖലയില്‍ നിന്ന് വെറും 55മീറ്റര്‍ മാത്രം ദൂരെയാണ്. കലഞ്ഞൂര്‍ പഞ്ചായത്തില്‍ കൂടല്‍ വില്ലേജിലെ 20 ഏക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമിയിലാണ്.
വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ പുതിയ മല തുരക്കല്‍. ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകള്‍ കൈക്കൊള്ളുന്ന നിയമ ലംഘനങ്ങളുടെ വ്യാപ്തി അറിയാവുന്ന പൊതുജനങ്ങളും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, സംഘടനകളും എല്ലാ നിയമങ്ങളെയും കോടതികളെയും വെല്ലു വിളിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ചോദിക്കുന്നവര്‍ക്ക് ഒക്കെ പാറക്വാറികള്‍ക്ക് അനുമതി കൊടുകുന്നത് എന്നുറക്കെ വിളിച്ചു പറയുവാന്‍ ആര്‍ജവം കാട്ടണം.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പാറയും മറ്റ് അവശ്യവസ്തുക്കളും നിലവിലുള്ള പാറമടകളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പ്രകൃതിയെ ചൂഷണം ചെയ്യാത്ത വിധത്തില്‍ ഖനനം ചെയ്യേണ്ടതാണ്. എന്നാല്‍ പുതിയ ഒരു പാറമടയ്ക്ക് ജില്ലയില്‍ ഒരിടത്തും അനുമതി നല്‍കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ല. ഇത്തരത്തിലുള്ള അനധികൃത ഖനനത്തിനെതിരെ പൊതു ജനങ്ങളുടെ ശക്തമായ പ്രക്ഷോഭം ഉണ്ടാകേണ്ടതാണ്. എല്ലാവിധ പിന്തുണയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വാഗ്ദാനം ചെയ്യുന്നു.