കോട്ടയം: ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേരള കോണ്‍ഗ്രസിന്റെ ഇടത് പ്രവേശനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമസഭാതദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സീറ്റുകളുടെ കാര്യത്തില്‍ ഇരുപക്ഷവും ഇതിനോടം ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജോസ് കെ മാണിക്ക് പാലായുള്‍പ്പടെ 13 സീറ്റുകള്‍ വിട്ടുനല്‍കാന്‍ എല്‍.ഡി.എഫ് തയ്യാറായെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാലായുടെ കാര്യത്തില്‍ നിലപാട് ശക്തമാക്കി മാണി സി കാപ്പനും രംഗത്തെത്തിയിട്ടുണ്ട്.

എല്‍.ഡി.എഫില്‍ സിപിഎമ്മാണ് ജോസ് കെ മാണിയുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജോസുമായി ധാരണയായ ശേഷം മുഖ്യമന്ത്രി ഉള്‍പ്പടേയുള്ള പ്രമുഖ സി.പി.എം നേതാക്കള്‍ ഘടകക്ഷികളുമായി ചര്‍ച്ച നടത്തും. യുഡിഎഫില്‍ കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകളാണ് എല്‍.ഡി.എഫിനോടും ജോസ് കെ മാണി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ 13 സീറ്റുകള്‍ നല്‍കാമെന്ന ധാരണയില്‍ സി.പി.എം എത്തിയെന്നാണ് റിപ്പോര്‍ട്ട്. ജോസ് കെ മാണി വിഭാഗത്തിന്റെ സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളി വിട്ടു നല്‍കാണ് സി.പി.ഐ-സി.പി.എം ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായി. മറ്റൊരു പ്രധാന തര്‍ക്ക വിഷയമായി നില്‍കുന്നത് പലാ സീറ്റാണ്. പാലാ സീറ്റിന്റെ കാര്യത്തില്‍ എന്‍.സി.പിയില്‍ മാണി സി കാപ്പന് മാത്രമാണ് പിടിവാശിയുള്ളത്. എന്‍.സി.പിയിലെ ഈ ഭിന്നത മുതലെടുത്ത് സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കാനാണ് സിപിഎം ശ്രമിക്കുന്നത്.

എന്നാല്‍ എന്‍.സി.പിയുടെ സീറ്റ് ഒരു കാരണവശാലും വിട്ടു കൊടുക്കാന്‍ തയ്യാറാല്ലെന്നാണ് സിറ്റിങ് എം.എല്‍.എ മാണി സി കാപ്പന്‍ വ്യക്തമാക്കുന്നത്. പാലാ സീറ്റുമായി ബന്ധപ്പെട്ട് തങ്ങളുമായി ഒരു ചര്‍ച്ചയും ഇതുവരെ നടത്തിയിട്ടില്ലെന്നും അതിനാല്‍ ഇക്കാര്യത്തില്‍ ഒരു തുറന്ന അഭിഭ്രായ പ്രകടനത്തിന് തന്നെ ഇപ്പോള്‍ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പാലാ സീറ്റിന്റെ കാര്യത്തില്‍ സിപിഎമ്മും ജോസ് കെ മാണിയും തമ്മില്‍ ചര്‍ച്ച നടന്നോയെന്ന കാര്യമൊന്നും ഞങ്ങള്‍ക്ക് അറിയില്ല. ഞങ്ങള്‍ ജയിച്ച സീറ്റ് വീട്ടു കൊടുക്കാന്‍ തയ്യാറല്ല. എന്‍സിപി ഒരു അഖിലേന്ത്യാ പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായ ശരദ് പവാറുമായി ഇക്കാര്യം സംസാരിച്ചിരുന്നു. കഴിഞ്ഞ തവണ ജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കുന്നു.
രാജ്യസഭാ സീറ്റ് നല്‍കിയുള്ള ഒത്തുതീര്‍പ്പിന് സിപിഎം ശ്രമിക്കുന്നുവെന്ന പ്രചാരണങ്ങളെയും മാണി സി കാപ്പന്‍ തള്ളി. തനിക്ക് രാജ്യസഭാ സീറ്റിന്റെ ആവശ്യമില്ല. എന്നെ തിരഞ്ഞെടുത്തത് പാലായിലെ ജനങ്ങളാണ്. ഇവിടെ തന്നെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്നണി മാറ്റ വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും കാപ്പന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ പാലാ സീറ്റ് വിട്ടുകൊടുക്കേണ്ടതായ ചര്‍ച്ച വരികയാണെങ്കില്‍ അപ്പോള്‍ ആലോചിക്കും. പാലാ സീറ്റ് ഉണ്ടെങ്കില്‍ മാത്രമേ എന്‍സിപി ഇടതുമുന്നണിയില്‍ ഉണ്ടാകു എന്നുള്ളത് തീര്‍ച്ചയാണ്. അതില്‍ സംശയമൊന്നും വേണ്ടതില്ലെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ വലിയ പ്രതിസന്ധിയിലാണ് സിപിഎം അകപ്പെട്ടിരിക്കുന്നത്.
ജോസ് കെ മാണിയെ സംബന്ധിച്ച പാലാ സീറ്റ് നേടിയെടുക്കുക എന്നത് കേരള കോണ്‍ഗ്രസിന്റെ അഭിമാന വിഷയമാണ്. 1965 മുതല്‍ കെഎം മാണി മത്സരിച്ച് വിജയിക്കുന്ന മണ്ഡലം കഴിഞ്ഞ വര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കേരള കോണ്‍ഗ്രസിന് നഷ്ടമായത്. അടുത്ത തവണ ഏത് മുന്നണിയുടെ ഭാഗമായാലും ജോസ് കെ മാണി മത്സരിക്കാന്‍ ലക്ഷ്യമിടുന്ന സീറ്റാണ് പാലാ. മാണി സി കാപ്പന്റെ എതിര്‍പ്പ് എന്‍സിപിയിലെ മറ്റ് നേതാക്കള്‍ ഏറ്റെടുക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. മാണി സി കാപ്പനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന്റെ മുന്നണി മാറ്റവും പ്രതീക്ഷിച്ചു കൂടായ്കയില്ല. എന്‍സിപിയില്‍ നിന്ന് പുറത്ത് വന്ന് യുഡിഎഫിന്റെ ഭാഗമായി പാലായില്‍ ജനവിധി തേടാനാവും മാണി സി കാപ്പന്റെ ശ്രമം.
ജോസ് കെ മാണി രാജി വെക്കുന്ന രാജ്യസഭാ സീറ്റ് എന്‍സിപിയിലെ മറ്റ് ഏതെങ്കിലും പ്രമുഖര്‍ക്ക് നല്‍കുന്നതോടെ പാര്‍ട്ടിയെ കൂടെ നിര്‍ത്താമെന്നും സിപിഎം പ്രതീക്ഷിക്കുന്നു. മാണി സി കാപ്പാന്റെ ഒറ്റ എതിര്‍പ്പിന്റെ കാര്യത്തില്‍ ജോസിനെ പിണക്കാന്‍ സിപിഎം ഒരു കാരണവശാലും തയ്യാറല്ല. ഭരണത്തുടര്‍ച്ച ലക്ഷ്യം വെച്ചുകൊണ്ടുള്ള നീക്കമാണ് അവരുടേത്. കഴിഞ്ഞ തവണ കേരളത്തില്‍ ഇടത് തരംഗം ഉണ്ടായപ്പോള്‍ മധ്യകേരളത്തിലെ യുഡിഎഫ് കോട്ടകളിലേക്ക് കടന്നു കയറാന്‍ സിപിഎമ്മിന് സാധിച്ചിരുന്നില്ല. ജോസ് കെ മാണി വരുന്നതോടെ ഇത്തവണ ഈ മേഘലയില്‍ വലിയ വിജയം നേടാന്‍ സാധിക്കുമെന്നാണ് സിപിഎം പ്രതീക്ഷ. അതിനാലാണ് സീറ്റിങ് സീറ്റുകള്‍ അടക്കം നല്‍കികൊണ്ടുള്ള വിട്ടു വീഴ്ചയ്ക്ക് അവര്‍ തയ്യാറാവുന്നത്.