തിരുവനന്തപുരം: പാലാ സീറ്റ് എല്‍ഡിഎഫ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയാല്‍ മാണി സി കാപ്പന്‍ യുഡിഎഫിലേക്കെന്ന് സൂചന. കോണ്‍ഗ്രസ് നേതൃത്വവുമായി മാണി സി കാപ്പന്‍ ഇത് സംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി. എന്‍സിപി ദേശീയ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും മാണി സി കാപ്പന്‍ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ജോസ് കെ. മാണി വിഭാഗത്തിനും എന്‍സിപിക്കും പാലാ വൈകാരിക വിഷയമാണ്. എല്‍ഡിഎഫിലെത്തുന്ന ജോസ് കെ മാണി പക്ഷത്തിന് പാലാ സീറ്റ് നല്‍കിയാല്‍ മാണി സി. കാപ്പന്‍ ഇടയും. അത് നിര്‍ണായകമായ മുന്നണിമാറ്റത്തിന് വഴിവെക്കും. എന്‍സിപി ഒന്നാകെയോ പാര്‍ട്ടിയെ പിളര്‍ത്തിയോ യുഡിഎഫിന്റെ ഭാഗമാകാനാണ് കാപ്പന്റെ നീക്കം.

കോണ്‍ഗ്രസ് കോട്ടയം ജില്ലാ നേതൃത്വവുമായി മാണി സി കാപ്പന്‍ സംസാരിച്ചു. പിന്നീട് സംസ്ഥാന നേതാക്കളുമായി നേരിട്ടും ഫോണിലൂടെയും ചര്‍ച്ചകള്‍ നടത്തി. മാണി സി. കാപ്പന്‍ വരുന്നതിനോട് യുഡിഎഫിന് എതിര്‍പ്പില്ല. ജോസ് കെ. മാണിക്കു വേണ്ടി സിപിഎം മാണി സി കാപ്പനെ തഴയുന്നത് കാപ്പന് അനുകൂല സാഹചര്യം ഉണ്ടാക്കുമെന്ന് യുഡിഎഫ് വിലയിരുത്തുന്നു.
എന്‍സിപിയുടെ രണ്ട് എംഎല്‍എമാരില്‍ എകെ ശശീന്ദ്രന്‍ യുഡിഎഫ് ബന്ധത്തിന് തയ്യാറായേക്കില്ല. അങ്ങനെയെങ്കില്‍ പാലയെ ചൊല്ലി എന്‍സിപിയില്‍ പിളര്‍പ്പിന്റെ സാഹചര്യം ഉണ്ടാകും. എന്‍സിപി ദേശീയ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും മാണി സി. കാപ്പന്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. നിയമസഭ സീറ്റുകളില്‍ പിന്നീട് ധാരണയുണ്ടാക്കാമെന്ന തന്ത്രപരമായ നിലപാട് എല്‍ഡിഎഫ് സ്വീകരിച്ചാലും കാപ്പന്‍ വഴങ്ങാന്‍ ഇടയില്ല.
മാണി സാറിന് പാലാ ഭാര്യയെങ്കില്‍ തനിക്ക് പാലാ ചങ്കാണ്. എന്‍സിപി ജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കാനാകില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശന പശ്ചാത്തലത്തിലാണ് മാണി സി കാപ്പന്‍ നിലപാട് അറിയിച്ചത്.