സോളാര്‍ പീഡനക്കേസിലെ സിബിഐ അന്വേഷണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ടി സിദ്ധീഖ്. ഇടതുമുന്നണി സര്‍ക്കാരിനെയും പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ടി സിദ്ധീഖിന്റെ പ്രതികരണം.


ലൈഫ്, പെരിയ കേസ് ഒന്നും സിബിഐ അന്വേഷിക്കാന്‍ പാടില്ല. ഖജനാവില്‍ നിന്ന് കോടികള്‍ എടുത്തു വക്കീലിനു കൊടുത്തു അതിനെ പ്രതിരോധിക്കും.
ശുഹൈബിന്റെ ഉമ്മ പറഞ്ഞിട്ട് കേള്‍ക്കാത്ത മുഖ്യമന്ത്രി, ശുക്കൂറിന്റെ ഉമ്മ പറഞ്ഞിട്ട് കേള്‍ക്കാത്ത മുഖ്യമന്ത്രി, കൃപേഷിന്റേയും ശരത് ലാലിന്റേയും അച്ഛനമ്മമാര്‍ പറഞ്ഞിട്ട് കേള്‍ക്കാത്ത മുഖ്യമന്ത്രി… വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ നിലവിളി കേള്‍ക്കാത്ത മുഖ്യമന്ത്രി… പാവാട ഒരു നല്ല സിനിമയാണു…

സോളാര്‍ പീഢനക്കേസ് സിബിഐ വിട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പ്രേരിതമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ അഞ്ച് വര്‍ഷമുണ്ടായിട്ടും നടപടി എടുത്തില്ല. എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് പറയാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ബാക്കി മറുപടികള്‍ താന്‍ നാളെ പറയുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
സോളാര്‍ സംരഭകയുടെ പീഡനപരാതികളിലെ ആറ് കേസുകളാണ് സിബിഐ അന്വേഷിക്കുക. ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങി. സംസ്ഥാന സര്‍ക്കാരിന്റേതാണ് തീരുമാനം. സോളാര്‍ ലൈംഗിക പീഡന കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സോളാര്‍ സംരംഭകയാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്. ഈ മാസം 12നാണ് പരാതി മുഖ്യമന്ത്രിക്ക് നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, ഹൈബി ഈഡന്‍, കെസി വേണുഗോപാല്‍, എപി അനില്‍കുമാര്‍, അടൂര്‍പ്രകാശ്, ബിജെപി നേതാവ് അബ്ദുള്ളകുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി. നിലവില്‍ ആറു കേസുകള്‍ പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്.

2018 ഒക്ടോബറിലാണ് ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തുത്. പിന്നാലെ എപി അനില്‍കുമാര്‍, അടൂര്‍പ്രകാശ്, പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവര്‍ക്കെതിരെയും കേസെടുത്തു. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസും അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലിലും ഹോട്ടലുകളിലും ഔദ്യോഗികവസതികളിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രധാന നേതാക്കള്‍ക്കെതിരെയുള്ള സിബിഐ അന്വേഷണം യുഡിഎഫിന് വന്‍തിരിച്ചടിയാകും. സംസ്ഥാനത്തെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ അദ്ധ്യക്ഷനാണ് ഉമ്മന്‍ചാണ്ടി. സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് കെസി വേണുഗോപാല്‍.