കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ പിജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് യുഡിഎഫിന് തലവേദനയാകുമോ. ആദ്യം 15 സീറ്റുകള്‍ തന്നെ വേണമെന്ന് ആവശ്യപ്പെട്ടിരുന്ന ജോസഫ്, കഴിഞ്ഞ ദിവസം പറഞ്ഞത് ചുരുങ്ങിയത് 13 സീറ്റുകള്‍ കിട്ടണം എന്നാണ്. കേരള കോണ്‍ഗ്രസിലെ പ്രബല വിഭാഗമായ ജോസ് കെ മാണി പക്ഷം പോയതോടെ വളരെ കുറച്ച് മാത്രം സീറ്റുകള്‍ ജോസഫ് പക്ഷത്തിന് നല്‍കിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസിന്റെ ആലോചന. അതിനിടെയാണ് 13 സീറ്റില്‍ കുറയാന്‍ പറ്റില്ലെന്ന അദ്ദേഹത്തിന്റെ പരസ്യ പ്രഖ്യാപനം. ഇതോടെ കോണ്‍ഗ്രസ് കടുത്ത തീരുമാനങ്ങള്‍ എടുത്തു.

ജോസഫ് പക്ഷത്തിന് ഒമ്പത് സീറ്റുകള്‍ നല്‍കിയാല്‍ മതി എന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ജോസഫ് കൂടുതല്‍ സീറ്റ് ചോദിക്കുന്നതെന്ന് കോണ്‍ഗ്രസ് മനസിലാക്കുന്നു. ഈ സാഹചര്യത്തില്‍ ജോസഫിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തീരുമാനിച്ചു. ഒമ്പത് സീറ്റുകള്‍ ജോസഫിന് നല്‍കാന്‍ ധാരണയായിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ ഇടുക്കി, തൊടുപുഴ സീറ്റുകളാണ് നല്‍കുക. തൊടുപുഴ സീറ്റ് പിജെ ജോസഫ് കാലങ്ങളായി മല്‍സരിക്കുന്നതാണ്. ഇടുക്കി സീറ്റിലെ സിറ്റിങ് എംഎല്‍എ റോഷി അഗസ്റ്റിന്‍ ജോസ് പക്ഷത്താണ്. ഇവിടെ ഫ്രാന്‍സിസ് ജോര്‍ജിനെ മല്‍സരിപ്പിക്കാനാണ് ജോസഫിന്റെ നീക്കം.

കോട്ടയം ജില്ലയില്‍ പിജെ ജോസഫ് ഗ്രൂപ്പിന് രണ്ടു സീറ്റുകള്‍ നല്‍കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഒന്ന് കടുത്തുരുത്തിയാണ്. മറ്റൊരു സീറ്റു കൂടി നല്‍കും. ഇക്കാര്യത്തില്‍ ഇനിയും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. കടുത്തുരുത്തിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജോസ് കെ മാണി എത്തുമോ എന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലാണ് ജോസിന്റെ നോട്ടം. എന്‍സിപിയുടെ സിറ്റിങ് എംഎല്‍എ മാണി സി കാപ്പാന്‍ യുഡിഎഫ് പക്ഷത്തേക്ക് മാറാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. അദ്ദേഹം പാലായില്‍ മല്‍സരിക്കുമെന്നാണ് ഇപ്പോഴും പറയുന്നത്. പിജെ ജോസഫ് പക്ഷത്തിന്റെ പിന്തുണയോടെ പാലായില്‍ മാണി സി കാപ്പന്‍ സ്ഥാനാര്‍ഥിയായി എത്താനുള്ള സാധ്യത തള്ളാനാകില്ല.
തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുട, എറണാകുളത്തെ കോതമംഗലം, പത്തനംതിട്ടയിലെ റാന്നി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര എന്നീ സീറ്റുകളും പിജെ ജോസഫ് പക്ഷത്തിന് നല്‍കും. കേരള കോണ്‍ഗ്രസ് ഒന്നായിരുന്ന വേളയില്‍ പാലക്കാട്ടെ ആലത്തൂര്‍, കണ്ണൂരിലെ തളിപ്പറമ്പ് എന്നീ മണ്ഡലങ്ങളിലും ഇവര്‍ നേരത്തെ മല്‍സരിച്ചിരുന്നു. ഈ മണ്ഡലങ്ങള്‍ ഇനി വേണ്ട എന്ന് ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചു, കോണ്‍ഗ്രസ് കോട്ടയം ജില്ലയില്‍ ആറ് സീറ്റില്‍ കോണ്‍ഗ്രസ് മല്‍സരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. രണ്ടു സീറ്റുകള്‍ പിജെ ജോസഫ് പക്ഷത്തിന് വിട്ടുകൊടുക്കും. പാലായുടെ കാര്യം പിന്നീട് തീരുമാനിക്കുമെന്ന് നേതാക്കള്‍ പറയുന്നു. അതേസമയം, പിജെ ജോസഫ് പരസ്യപ്രസ്താവന നടത്തുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്.