കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പായി യു.ഡി.എഫില്‍ ഇടം പിടിക്കാനുളള പിസി ജോര്‍ജിന്റെ നീക്കങ്ങള്‍ പാളുകയാണ്. നിലവില്‍ ഒരു മുന്നണിയുടേയും ഭാഗം അല്ലാത്ത പി.സി ജോര്‍ജ്ജിന്റെ ജനപക്ഷം പാര്‍ട്ടി നിലനില്‍പ്പ് കൂടി മുന്നില്‍ കണ്ടാണ് യു.ഡി.എഫില്‍ ചേരാനുളള ശ്രമം നടത്തുന്നത്.

എന്നാല്‍ പി.സി ജോര്‍ജിനെ ഒപ്പം കൂട്ടുന്നതിനോട് യു.ഡി.എഫില്‍ ഭിന്നാഭിപ്രായമാണ്. മാത്രമല്ല ഉടനെ ആരെയും എടുക്കുന്നില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഇതോടെ പി.സി ജോര്‍ജ്ജ് തിരിച്ചടിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ജോസ് കെ മാണി എല്‍.ഡി.എഫിലേക്ക് പോയതോടെയാണ് പി.സി ജോര്‍ജ്ജ് മുന്നണിയില്‍ ഇടം പിടിക്കാനുളള ശ്രമം ശക്തമാക്കിയത്. നേരത്തെ കേരള കോണ്‍ഗ്രസ് എമ്മിന്റെ ഭാഗമായിരുന്ന പി.സി ജോര്‍ജ് കെ.എം മാണിക്കും മകന്‍ ജോസ് കെ മാണിക്കും എതിരെ കലാപം ഉയര്‍ത്തിയാണ് പാര്‍ട്ടി വിട്ടതും പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചതും.

ജനപക്ഷം എന്ന പേരില്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച പി.സി ജോര്‍ജ്ജ് ഇടത് പക്ഷത്തേക്ക് ചേക്കേറാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. ജോസ് കെ മാണിയുളളിടത്തോളം യുഡിഎഫില്‍ ഇടംപിടിക്കാന്‍ പി.സി ജോര്‍ജിന് സാധിക്കുമായിരുന്നു. ഇടക്കാലത്ത് എന്‍.ഡിഎ.യ്ക്ക് ഒപ്പവും ജോര്‍ജ്ജ് ഭാഗ്യം പരീക്ഷിച്ചു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയേറ്റതിന് പിന്നാലെ ജോര്‍ജ് ആ ബന്ധം ഉപേക്ഷിച്ചു. അതിനിടെ പി.സി ജോര്‍ജ്ജ് മുന്‍കൈ എടുത്ത് പുതിയ മുന്നണി രൂപീകരണത്തിനും ശ്രമം നടന്നു. 61 സംഘടനകളുമായി ചേര്‍ന്നായിരുന്നു പുതിയ മുന്നണി രൂപീകരണത്തിനുളള നീക്കം. എന്നാല്‍ ഇതും എവിടെയും എത്തിയില്ല.
അതിനിടെയാണ് ജോസ് കെ മാണി വിഭാഗം കേരള കോണ്‍ഗ്രസ് വിട്ടത്. ഇതോടെയാണ് യു.ഡി.എഫിലേക്ക് തിരിച്ച് വരാനുളള നീക്കം ജോര്‍ജ്ജ് ആരംഭിച്ചത്. പി.ജെ ജോസഫുമായി പി.സി ജോര്‍ജ്ജിന് നല്ല ബന്ധമാണ്. യു.ഡി.എഫിലേക്ക് തിരിച്ച് വരാന്‍ കേരള കോണ്‍ഗ്രസില്‍ ലയിക്കാനുളള നിര്‍ദേശം പി.സി ജോര്‍ജിന് മുന്നിലെത്തിയിരുന്നു. എന്നാല്‍ ജനപക്ഷം പാര്‍ട്ടിയായി തന്നെ യുഡിഎഫില്‍ ചേരാനാണ് താല്‍പര്യം എന്ന നിലപാട് ആയിരുന്നു പി.സി ജോര്‍ജിന്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പിസി ജോര്‍ജ്ജിനെ മുന്നണിയില്‍ രാഷ്ട്രീയ പാര്‍ട്ടിയായി എടുക്കേണ്ട എന്ന് തീരുമാനിച്ചിരുന്നു.
മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ മാത്രം മുന്നണിയില്‍ ഉള്‍പ്പെടുത്താം എന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. എന്‍.ഡി.എ വിട്ട് യുഡിഎഫില്‍ ചേരാന്‍ കാത്ത് നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗത്തിന്റെ കാര്യത്തിലും ഇതാണ് കോണ്‍ഗ്രസ് നിലപാട്. ഇത് പ്രകാരം പി.സി തോമസ് കേരള കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നേക്കും എന്നാണ് സൂചന.
അതിനിടെ യു.ഡി.എഫ് ഉടനെ വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പിസി ജോര്‍ജ്ജിനേയും പി.സി തോമസിനേയും ഉടന്‍ മുന്നണിയില്‍ എടുക്കില്ലെന്നും ഹസ്സന്‍ പറഞ്ഞു. പുതിയ കക്ഷികളെ മുന്നണിയില്‍ എടുക്കേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത് എന്നും നിലവിലുളളവരുമായി മുന്നോട്ട് പോകാനാണ് തീരുമാനം എന്നും ഹസ്സന്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ ഹസ്സന് മറുപടിയുമായി പി.സി ജോര്‍ജ്ജ് രംഗത്ത് വന്നിരിക്കുകയാണ്. തന്നെ യു.ഡി.എഫില്‍ വേണ്ട എന്ന് പറയാന്‍ ഹസ്സന് എന്ത് അധികാരമാണ് ഉളളത് എന്നാണ് പിസി ജോര്‍ജ് പ്രതികരിച്ചത്. യുഡിഎഫില്‍ പ്രവേശനത്തിന് താന്‍ ഇതുവരെ അപേക്ഷ കൊടുത്തിട്ടുണ്ടെങ്കില്‍ അത് പുറത്ത് വിടട്ടെ എന്നും പി.സി ജോര്‍ജ്ജ് ഹസന്റെ വാക്കുകള്‍ക്കുളള മറുപടിയായി പറഞ്ഞു.