THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 3, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News പി.സി ജോര്‍ജിനെ യു.ഡി.എഫിന് വേണ്ട

പി.സി ജോര്‍ജിനെ യു.ഡി.എഫിന് വേണ്ട

കോട്ടയം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയുടെ ഭാഗമാവുന്നതോടെ മധ്യകേരളത്തില്‍ വലിയ ആശങ്കയാണ് യു.ഡി.എഫിനുള്ളില്‍ ഉയരുന്നത്. ജോസും ഇടതുമുന്നണിയുടെ കൈകോര്‍ക്കുന്നതിലൂടെ പതിറ്റാണ്ടുകളോളം യുഡിഎഫ് കോട്ടയായിരുന്ന പല മേഖലകളിലേക്കും കടന്നകയറാന്‍ സാധിക്കുമെന്നാണ് സി.പി.എമ്മിന്റെ കണക്ക് കൂട്ടല്‍. ഈ ഒരു പ്രതിസന്ധി യു.ഡി.എഫും മുന്നില്‍ കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോട്ടയം കേന്ദ്രീകരിച്ച് മധ്യകേരളത്തില്‍ മുന്നണി സംവിധാനം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് യു.ഡി.എഫ്. ഈ സാഹചര്യത്തിലാണ് പിസി ജോര്‍ജിനെ മുന്നണിയിലേക്ക് തിരികെ എടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും സജീവമായത്.

adpost

ബി.ജെ.പി പാളയത്തില്‍ നിന്നും പുറത്തു വന്ന പി.സി ജോര്‍ജ് ഇപ്പോള്‍ ഒരു മുന്നണിയുടേയും ഭാഗമാവാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇടക്കാലത്ത് കേരളത്തിലെ മൂന്ന് മുന്നണികള്‍ക്കും ബദലായി ന്യൂനപക്ഷദളിത് പിന്തുണയില്‍ ഒരു പുതിയ ബദല്‍ രൂപീകരിക്കാനുള്ള ശ്രമവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. എന്നാല്‍ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതോടെ ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാവാനാണ് പിസി ജോര്‍ജും ശ്രമിക്കുന്നത്. യു.ഡി.എഫ് തന്നെയാണ് ജോര്‍ജ് ലക്ഷ്യം വെക്കുന്നതെന്ന് സമീപകാലത്ത് അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ വ്യക്തമാണ്. നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസില്‍ സ്പീക്കറും മന്ത്രിമാരും ശിക്ഷിക്കപ്പെട്ട് കാണാനാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു ഏറ്റവും ഒടുവിലായി പി.സി ജോര്‍ജിന്റേതായി പുറത്തു വന്ന പ്രസ്താവന.

adpost

പി.സി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളിലും ഭിന്നാഭിപ്രായങ്ങളുണ്ട്. ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നത് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞമാസം ആദ്യം ഈരാറ്റുപേട്ടയില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. ജോസഫ് വാഴയ്ക്കന്‍, ഫിലിപ്പ് ജോസഫ് ഉള്‍പ്പെടെയുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്. ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിലെ പ്രാദേശിക വികാരം മനസ്സിലാക്കുകയായിരുന്നു യോഗത്തിന്റെ പ്രധാന ലക്ഷ്യം.

എന്നാല്‍ പിസിയുടെ കോണ്‍ഗ്രസ് എ ഗ്രൂപ്പിന് കടുത്ത എതിര്‍പ്പുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്‍രെ അവസാന നാളുകളില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് അവരുടെ എതിര്‍പ്പിന് പിന്നിലെ പ്രധാന കാരണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തും ജോര്‍ജിന്റെ യു.ഡി.എഫ് പ്രവേശന വിഷയം ചര്‍ച്ചയായിരുന്നു. എന്നാല്‍, ജോര്‍ജിന്റെ കത്ത് പോലും പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കളും എത്തിച്ചേര്‍ന്നത്.

ജോസ് കെ മാണി വിഭാഗം പുറത്തുപോയ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കോട്ടയത്ത് ശക്തിയാര്‍ജ്ജിക്കാന്‍ പിസിയുടെ പിന്തുണ കരുത്താവുമെന്നാണ് ഐ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ന്യൂനപക്ഷ പിന്തുണയായിരുന്നു പി.സിയുടെ കരുത്തെന്നും അത് ഇപ്പോള്‍ അദ്ദേഹത്തിന് നഷ്ടമായെന്നാണ് മറുവാദം. വിവാദമായ ഫോണ്‍ സംഭാഷണത്തിലെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് മുസ്ലിം ന്യൂനപക്ഷത്തിന് പി.സിയോട് അകല്‍ച്ചയുണ്ട് എന്നത് വസ്തുതയുമാണ്.

എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവര്‍ക്ക് നിര്‍ണ്ണായകമായ സ്വാധീനമുള്ള മണ്ഡലമാണ് പുഞ്ഞാര്‍. ഈ പാര്‍ട്ടികളുടെ പിന്തുണയായിരുന്നു സ്വതന്ത്രനായി നിന്നിട്ടും നിയസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പി.സിക്ക് തുണയായത്. എന്നാല്‍ പിന്നീട് അദ്ദേഹം നടത്തിയ എന്‍ഡിഎ പ്രവേശനവും മുസ്ലിം വിരുദ്ധ പരാമര്‍ശവും ഈ വിഭാഗങ്ങളെ പിസിയില്‍ നിന്നും അകറ്റുകയായിരുന്നു.

പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിനും പിസി ജോര്‍ജിന്റെ കാര്യത്തില്‍ എതിര്‍പ്പുണ്ട്. യു.ഡി.എഫില്‍ എത്തിയാല്‍ പുഞ്ഞാര്‍ സീറ്റ് യു.ഡി.എഫിന് തന്നെ നല്‍കേണ്ടി വരും. ജോസ് കെ മാണി കൂടി മുന്നണി വിട്ടതോടെ ജോര്‍ജിനെ തന്നെ രംഗത്ത് ഇറക്കുന്നത് വിജയ സാധ്യത കുറയ്ക്കുമെന്നാണ് പ്രാദേശിക നേതൃത്വം കണക്ക് കൂട്ടുന്നത്. ലീഗ് പ്രാദേശിക നേതൃത്വത്തിനാവട്ടെ പി.സിയോട് ഒട്ടും തന്നെ താല്‍പര്യമില്ല.

വിവാദ പരാമര്‍ശത്തിന് പിന്നാലെ മുസ്ലിം യൂത്ത് ലീഗ് പി.സി ജോര്‍ജിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ കല്ലേറ് നടന്നിരുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിനൊപ്പം ലീഗും പിസിയുടെ കാര്യത്തിലെ എതിര്‍പ്പ് മുകള്‍ തട്ടിലേക്ക് എത്തിക്കും. ഈ എതിര്‍പ്പുകള്‍ക്ക് പരിഹാരമായി ജോര്‍ജിനെ മാറ്റി അദ്ദേഹത്തിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ രംഗത്ത് ഇറക്കുകയെന്ന പ്രതിവിധിയും ചിലര്‍ മുന്നോട്ട് വെക്കുന്നുണ്ട്.

ജനപക്ഷം എന്ന പാര്‍ട്ടിയെ യു.ഡി.എഫിന്റെ ഭാഗമാക്കുന്നതില്‍ പിജെ ജോസഫ് വിഭാഗത്തിനും എതിര്‍പ്പുണ്ട്. ജോസ് പോയതോടെ പൂഞ്ഞാര്‍ സീറ്റ് സ്വാഭാവികമായും ജോസഫ് വിഭാഗത്തിന് ലഭിക്കേണ്ടതാണ്. യു.ഡി.എഫിന്റെ ഭാഗമാവണമെങ്കില്‍ പി.സി ജോര്‍ജ് കേരള കോണ്‍ഗ്രസില്‍ ലയിക്കട്ടേയെന്ന നിലപാടാണ് ജോസഫ് പക്ഷത്തിനുള്ളത്. ഇതിന് പി.സി ജോര്‍ജ്ജ് തയ്യാറാവുമോയെന്നാണ് കണ്ടറിയേണ്ടത്.

കഴിഞ്ഞ യു.ഡി.എഫ് ഭരണ കാലത്ത് കേരള കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന പി.സി ജോര്‍ജ് സര്‍ക്കാറിന്റെ ചീഫ് വിപ്പായിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ അവസാനകാലത്ത് കേരള കോണ്‍ഗ്രസ് എം വിട്ട പി.സി ജോര്‍ജ് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. അവസാന നിമിഷം വരെയും ഇടതുപിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജോര്‍ജ്. എന്നാല്‍ ജോസഫ് പൊന്നാട്ടിനെ സ്വതന്ത്രനായി രംഗത്തിറക്കാനായിരുന്നു എല്‍.ഡി.എഫ് തീരുമാനം. പക്ഷെ ഏവരേയും ഞെട്ടിച്ചു കൊണ്ട് 27821 വോട്ടിനായിരുന്നു പി.സി ജോര്‍ജ് വിജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com